പ്രമേയാവതരണത്തെ ചൊല്ലി തര്‍ക്കം ബി. ജെ. പി. അംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു

58

പ്രമേയാവതരണത്തെ ചൊല്ലി തര്‍ക്കം ബി. ജെ. പി. അംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു, എല്‍. ഡി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുടെ പ്രസംഗം തടസ്സപ്പെടുത്തുവാന്‍ ശ്രമം എല്‍. ഡി. എഫ്-ബി. ജെ. പി. അംഗങ്ങള്‍ തമ്മില്‍ വാഗ്വാദം. വെള്ളിയാഴ്ച ചേര്‍ന്ന ഈ കൗണ്‍സിലിന്റെ പ്രഥമ കൗണ്‍സില്‍ യോഗത്തിലാണ് ചെയര്‍പേഴ്‌സന്റെ കാര്‍ ദുരുപയോദം ചെയ്യുന്നുവെന്നാരോപിച്ച് ബി. ജെ. പി. നല്‍കിയ പ്രമേയം അവതരിപ്പിക്കുന്നതിനെ ചൊല്ലി തര്‍ക്കം ഉടലെടുത്തത്. യോഗാരംഭത്തില്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി ഡല്‍ഹിയില്‍ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖാപിക്കുന്ന പ്രമേയവും, ബി. ജെ. പി. നല്‍കിയ പ്രമേയവും അജണ്ടകള്‍ക്കു ശേഷം അവതരിപ്പിക്കുമെന്നറിയിക്കുയായിരുന്നു. എന്നാല്‍ ബി. ജെ. പി. നല്‍കിയ പ്രമേയം യോഗാരംഭത്തില്‍ അവതരിപ്പിക്കണമെന്ന് ബി. ജെ. പി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് മറ്റ് ബി. ജെ. പി. അംഗങ്ങളും രംഗത്തു വന്നതോടെ ബി. ജെ. പി. അംഗങ്ങളും ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരിയും തമ്മില്‍ ഏറെ നേരം വാഗ്ലാദം തുടര്‍ന്നു. ഇതിനിടയില്‍ തന്റെ ഔദ്യോഗിക വാഹനം ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ബി. ജെ. പി. ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ക്ക് നല്‍കാറുണ്ടെന്ന ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരിയുടെ പ്രസ്താവന ബി. ജെ. പി. അംഗങ്ങള്‍ക്ക് തിരിച്ചടിയായി. തുടര്‍ന്ന് കൗണ്‍സില്‍ യോഗം അജണ്ടയിലേക്ക് കടന്നതോടെ ബി. ജെ. പി. അംഗങ്ങള്‍ സന്തോഷ് ബോബന്റെ നേത്യത്വത്തില്‍ നടുത്തളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. അജണ്ടകള്‍ അവസാനിക്കും വരെ ബി. ജെ. പി. അംഗങ്ങളുടെ പ്രതിഷേധ സമരം തുടര്‍ന്നു. എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ കെ. ആര്‍. വിജയയുടെ പ്രസംഗം തടസ്സപ്പെടുത്തുവാന്‍ ശ്രമിച്ചത് എല്‍. ഡി. എഫ്-ബി. ജെ. പി. അംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തിന് ഇടയാക്കി. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കെ. എസ്. ഇ. ലമിറ്റഡിനെതിരെ നടപടിയെടുക്കാതിരിക്കുന്നത് യു. ഡി. എഫും-എല്‍. ഡി. എഫും ഒറ്റക്കെട്ടായതു കൊണ്ടാണന്ന് ബി. ജെ. പി. അംഗങ്ങളായ സന്തോഷ് ബോബനും, ടി. കെ. ഷാജുവും ആരോപിച്ചിരുന്നു. ഇതിനു മറുപടിയുമായി എഴുന്നേറ്റ എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ കെ. ആര്‍. വിജയ പ്രസംഗം ആരംഭിക്കുവാന്‍ തുടങ്ങുന്നതിനിടയിലാണ് ബി. ജെ. പി. അംഗം ടി. കെ. ഷാജു പ്രസംഗം തടസ്സപ്പെടുത്തുവാന്‍ ശ്രമിച്ചത്. അഡ്വ കെ. ആര്‍. വിജയക്ക് പിന്തുണയുമായി എല്‍. ഡി. എഫ്. അംഗങ്ങള്‍ എത്തിയതോടെ പലഘട്ടത്തിലും ടി. കെ. ഷാജുവുമായി വാക്കേറ്റത്തിന്റെ വക്കിലെത്തി. യോഗത്തില്‍ അധ്യക്ഷത വഹിച്ചിരുന്ന ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ടി. കെ. ഷാജു പിന്മാറിയില്ല. തുടര്‍ന്ന് ബി. ജെ. പി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ടി. കെ. ഷാജു പിന്മാറിയത്. അംഗങ്ങളുടെ പ്രസംഗം തടസ്സപ്പെടുത്തുവന്നത് ജനാധിപത്യ മര്യാദയല്ലെന്ന് ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി ചൂണ്ടിക്കാട്ടി. എല്‍. ഡി. എഫിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ബി. ജെ. പി. വരേണ്ടന്ന് ചൂണ്ടിക്കാട്ടി.നഗരസഭ ബസ്സ് സ്റ്റാന്‍ഡിലെ ഫീസ് പിരിവ് കോവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ നിറുത്തി വക്കുന്നതിന് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പൊറത്തിശ്ശേരി ഗ്രാമ പഞ്ചായത്ത് നഗരസഭയോട് കൂട്ടിചേര്‍ത്തതിന് ആനുപാതികമായി ശുചീകരണ തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു. പൊറത്തിശ്ശേരി മേഖലയില്‍ മാപ്രാണം അടക്കുള്ള പ്രദേശങ്ങളില്‍ പോലും നഗരസഭയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ത്യപ്തികരമല്ലെന്ന് എല്‍. ഡി. എഫ്. അംഗം. സി. സി. ഷിബിന്‍, ബി. ജെ. പി. അംഗം ആര്‍ച്ച അനീഷ്‌കുമാര്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ ശുചീകരണ തൊഴിലാളികളെ നിയോഗിക്കണമെനനും, നിലവിലെ തൊഴിലാളികള്‍ക്ക് കോവിഡ് ഡ്യുട്ടി പോലുള്ള ഡ്യുട്ടികള്‍ തുടര്‍ച്ചയായി നല്‍കരുതെന്നും എല്‍ ഡി. എഫ്. അംഗം അല്‍ഫോന്‍സ തോമസ് ആവശ്യപ്പെട്ടു. നഗരസഭ എം. എല്‍. എ. ഫണ്ടുകള്‍ സമയബന്ധിതമായി ചിലവഴിക്കുന്നതില്‍ ജാഗ്രത കാണിക്കുന്നില്ലെന്ന് എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ കെ. ആര്‍. വിജയ ചൂണ്ടിക്കാട്ടി. നിയോജക മണ്ഡലത്തിന്റെ ആസ്തി വികസന പദ്ധതി പ്രകാരം നിര്‍വ്വഹിക്കുന്ന ജനറല്‍ ആശുപത്രി കെട്ടിടത്തിന് ഭരണാനുമതി ലഭിച്ച അജണ്ടയില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു അവര്‍. നിലവില്‍ ഇന്‍സ്റ്റിറ്റിയുഷണല്‍ ക്വാറന്റൈന്‍ സെന്ററായി പ്രവര്‍ത്തിക്കുന്ന ഔവര്‍ ഹോസ്പിറ്റല്‍ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റായി മാറ്റുന്നതിന് കൗണ്‍സില്‍ യോഗം അനുമതി നല്‍കി. നഗരസഭ ബസ്സ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തനക്ഷമമാക്കാത്തതിനെ ചൊല്ലിയും അംഗങ്ങളില്‍ നിന്നും വിമര്‍ശനമുയര്‍ന്നു. എന്നാല്‍ കംഫര്‍ട്ട് സ്റ്റേഷന്റെ അറ്റകുറ്റപണി പൂര്‍ത്തികരിച്ച് ഈ മാസാവസാനം തുറന്നു നല്‍കുമെന്ന് ചെയര്‍പേഴസണ്‍ സോണിയ ഗിരി യോഗത്തെ അറിയിച്ചു. യോഗത്തിന്റെ പരിഗണനക്കു വന്ന സപ്ലിമെന്ററി അജണ്ട ബി. ജെ. പി. അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റി വച്ചു. മുനിസിപ്പല്‍ ചെയര്‍പേഴസണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ച യോഗത്തില്‍ സുജ സഞ്ചീവ്കുമാര്‍, അഡ്വ കെ. ആര്‍. വിജയ, സി. സി. ഷിബിന്‍, അല്‍ഫോന്‍സ തോമസ്, സന്തോഷ് ബോബന്‍, ടി. കെ. ഷാജു, ആര്‍ച്ച അനീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement