ഇരിങ്ങാലക്കുട:കഴിഞ്ഞ 52 ദിവസമായിട്ട് രാജ്യ തലസ്ഥാന നഗരിയില്‍ കര്‍ഷകര്‍ നടത്തിക്കൊണ്ടിരിക്കുന്ന കര്‍ഷക സമരത്തിന് ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ, പ്രത്യേകിച്ച് അരിയുടേയും ഗോതമ്പിന്റേയും ഉല്‍പ്പാദനത്തേയും വിപണനത്തേയും പൊതുസംഭരണത്തേയും ബാധിക്കുന്ന തരത്തിലാണ് മൂന്നു കാര്‍ഷിക ബില്ലുകള്‍ പാസ്സാക്കിയിരിക്കുന്നത്. കാര്യമായ ചര്‍ച്ചകള്‍ നടത്താതെ ബില്ലുകള്‍ സംബന്ധിച്ച കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാതെ ബില്ലുകള്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ചെവികൊള്ളാതെ പാസ്സാക്കിയ ഈ ബില്ലുകള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ന്യായമായ ആവശ്യത്തോട് ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.വിപണികള്‍ തുറന്നുകൊടുക്കുന്നത് വഴി കോര്‍പ്പറേറ്റുകള്‍ക്കാണ് അത്യന്തികമായി നേട്ടമുണ്ടാകുക. അന്നദാതാവായ കര്‍ഷകനെ നമിച്ചിരുന്ന ഒരു കാര്‍ഷിക സംസ്‌കൃതിയുടെ പിന്‍തലമുറക്കാരാണ് നമ്മള്‍. രാജ്യ തലസ്ഥാന മൈതാനത്ത് പിടഞ്ഞ് പൊലിയുന്ന ഓരോ മനുഷ്യ ജീവനും പകലന്തിയോളം പൊരിവെയിലത്ത് പണിയെടുത്ത് സ്വന്തം കുടുംബത്തെ മാത്രമല്ല രാജ്യത്തെയൊന്നാകെ തീറ്റിപ്പോറ്റുന്ന കര്‍ഷകരുടെ ത്യാഗത്തിന് പകരം വെക്കാന്‍ മറ്റൊന്നുമില്ലെന്നും യോഗം വിലയിരുത്തി. കര്‍ഷകരുടെ ജീവനെ കൂടുതല്‍ ആശങ്കകളിലേക്കും ദുരിതങ്ങളിലേക്കും ആത്മഹത്യയിലേക്കും തള്ളിയിടാതെ സാമാന്യമര്യാദയോടും മനുഷ്യത്വത്തോടും കൂടി കേന്ദ്രസര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെട്ട് പുതിയ കാര്‍ഷികബില്ലുകള്‍ പിന്‍വലിച്ച് കര്‍ഷകരെ രക്ഷിക്കണമെന്നും പാസ്റ്ററല്‍കൗണ്‍സില്‍ ആവശ്യപ്പെട്ടു. അതിശൈത്യത്തേയും കൊറോണയേയും അതിജീവിച്ച് ഉത്തരവാദപ്പെട്ടവരുടെ കോര്‍പ്പറേറ്റ് അടിമത്തത്തേയും സന്ധിയില്ലാതെ സമരം ചെയ്യുന്ന കര്‍ഷക ജനതയുടെ ഈ ഐതിഹാസിക സമരത്തിന് ഇരിങ്ങാലക്കുട രൂപതയിലെ വിശ്വാസി സമൂഹം ഒന്നടങ്കം ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കണമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തു. ഇരിങ്ങാലക്കുട ബിഷപ്പ് അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വികാരി ജനറാള്‍മാരായ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാല്യേക്കര, പാസ്റ്ററല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് മോണ്‍. ജോസ് മഞ്ഞളി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായ റവ. ഫാ. ജെയ്‌സണ്‍ കരിപ്പായി,ടെല്‍സണ്‍ കോട്ടോളി, പ്രൊഫ. ആനി ഫെയ്ത്ത്, അജണ്ട കമ്മിറ്റിയംഗം ഡേവീസ് ഊക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.
കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം:ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍
Advertisement