കനിവ് പദ്ധതിയിലൂടെ നിര്‍ധന രോഗികള്‍ക്ക് കനിവായി ഒരു മനസമ്മതം.

82

ഇരിങ്ങാലക്കുട: മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച് ആ തുക നിര്‍ധന രോഗികള്‍ക്ക് സഹായമായി നല്‍കി. ഇരിങ്ങാലക്കുട കുരിശങ്ങാടി ഡേവീസ്- ജോയ്‌സി ദമ്പതികളുടെ മകള്‍ ഡെല്‍നയുടെ മനസമ്മത ചടങ്ങാണ് ഇന്ന്. മനസമ്മത ചടങ്ങിലേക്കു കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ചുരുക്കം ചിലര്‍ക്കു മാത്രമേ ക്ഷണമുള്ളൂ. ഈ സാഹചര്യത്തില്‍ കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ ഡേവീസ് ചക്കാലക്കലുമായി ഇടവകയിലെ കനിവ് എന്ന പദ്ധയുടെ ആശയത്തെ കുറിച്ച് പങ്കുവച്ചു. കത്തീഡ്രല്‍ ഇടവകയിലെ നിര്‍ധനരായ നിത്യരോഗികളെ ഏറ്റെടുത്ത് അവര്‍ക്കു വേണ്ട ചികില്‍സാ സഹായങ്ങള്‍ നല്‍കുന്ന പദ്ധതിയാണ് കനിവ് പദ്ധതി. വികാരിയച്ചന്‍ പങ്കുവച്ച ആശയത്തോട് ഈ കുടുംബവും പങ്കുചേരുവാന്‍ സന്നദ്ധരാവുകയായിരുന്നു. മനസമ്മത ചിലവിനായി നീക്കി വച്ച തുകയില്‍ നിന്നും ഒരു ലക്ഷം രൂപ കനിവ് പദ്ധതി പ്രകാരം നിത്യ രോഗികളുടെ ചികില്‍സക്ക് നല്‍കുകയായിരുന്നു. ഇന്നലെ കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന് ഈ തുക കൈമാറി. കത്തീഡ്രല്‍ ഇടവകയിലെ എകെസിസിയുടെ പ്രസിഡന്റാണ് ഡേവീസ് ചക്കാലക്കല്‍. കത്തീഡ്രല്‍ ട്രസ്റ്റി, കുടുംബസമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ്, പ്രതിനിധിയോഗം സെക്രട്ടറി, പ്രഫഷണല്‍ സിഎല്‍സി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചീട്ടുണ്ട്. മരത്താക്കര സെന്റ് ജോസ് എഎല്‍പി സ്‌കൂളിലെ പ്രധാനാധ്യാപികയാണ് ജോയ്‌സി. ഇന്‍ഡ്യുസ് ബാങ്കിലെ അസിസ്റ്റന്റ് മാനേജറാണ് ഡെല്‍ന. കാലടി മാഞ്ഞാലി കുടുംബാഗമായ ജോ ആണ് വരന്‍. കത്തീഡ്രല്‍ ഇടവകയിലെ കനിവ് പദ്ധതിയിലൂടെ ലഭിക്കുന്ന സഹായം നിരവധി പേര്‍ക്ക് ആശ്വാസകരമാകുന്നുണ്ടെന്ന് വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ പറഞ്ഞു.

Advertisement