കോവിഡ് മാനദണ്ഡം പാലിച്ച് ഉത്സവപ്പറമ്പുകളിലും മറ്റ് വേദികളിലും കലാപരിപാടികൾ നടത്താൻ അനുവദിക്കണം: യുവകലാസാഹിതി

78

ഇരിങ്ങാലക്കുട:കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് എല്ലാ മേഖലകളിലെയും പ്രവർത്തനങ്ങൾ നിർത്തിവച്ച കൂട്ടത്തിൽ ഉത്സവങ്ങളോട് അനുബന്ധിച്ച് നടന്നിരുന്ന മേളം, പഞ്ചവാദ്യം, ബാന്റ് മേളം, നാടകം, കഥകളിയരങ്ങുകൾ,നൃത്ത പരിപാടികൾ, സംഗീതസദിരുകൾ, മറ്റ് ക്ലാസിക്കൽ കലാവതരണങ്ങൾ, ജനപ്രിയ കലാരൂപങ്ങളുടെ അവതരണം ഉൾപ്പടെ എല്ലാം ഒരു വർഷത്തോളമായി നടക്കാതെ വന്നിരിക്കുന്നു.ഇവയെ മാത്രം ജീവസന്ധാരണമാർഗ്ഗമാക്കിയ ആയിരക്കണക്കിന് പേരും അവരെ ആശ്രയിച്ച് കഴിയുന്ന പരസഹസ്രം കുടുംബാംഗങ്ങളും വലിയ പ്രതിസന്ധിയിലായി.സമൂഹജീവിതത്തിന്റെ നാനാതുറകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിച്ചു വരുന്നു. എന്നാൽ മേൽപറഞ്ഞ കലാകാരന്മാരുടെ പ്രവർത്തനം നടത്താൻ കഴിയുന്നവിധം സർക്കാരും ദേവസ്വം ബോർഡുകളും സക്രിയമായി പ്രതികരിച്ചിട്ടില്ല. കേരളജനതയുടെ വലിയ പങ്ക് തെരഞ്ഞെടുപ്പിൽ ഉൾപ്പടെ പങ്കെടുക്കുകയും തെരുവുകളും ചന്തകളും പീടികകളും ഓഫീസുകളും എല്ലാം ജനനിബിഡമായി സാധാരണഗതിയിലേക്ക് മടങ്ങിയിട്ടും കലാരംഗത്തെ പ്രവർത്തനത്തെ തടഞ്ഞുനിർത്തുന്നത് അഭികാമ്യമല്ല എന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കേരളത്തിലെ ഉത്സവപറമ്പുകളിലും കലാവതരണം നടക്കേണ്ട വേദികളും കലാപ്രകടനങ്ങളാൽ സജീവമാക്കാനും എന്നാൽ അസ്വാദകർ കോവിഡ് ഭീതിയകലും വരെ അവ നേരിട്ടാസ്വദിക്കണമെന്ന നിർബന്ധം വെടിഞ്ഞ് സാമൂഹ്യമാധ്യമങ്ങളിലൂടെയും ഓൺലൈൻ സംവിധാനത്തിലൂടെയും അവ ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനും സന്നദ്ധരാകണമെന്ന് യുവകലാസാഹിതി ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റി യോഗം വിലയിരുത്തുകയും സംസ്ഥാന സർക്കാരിനോടും വിവിധ ദേവസ്വം ബോർഡുകളോടും സംഗീതനാടക അക്കാദമിയോടും ആഹ്വാനം ചെയ്തു കത്തയച്ചു.
പ്രസിഡണ്ട് കെ കെ കൃഷ്ണാനന്ദബാബു അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി അഡ്വ രാജേഷ് തമ്പാൻ, സംസ്ഥാന കമ്മിറ്റി അംഗം വി. എസ് വസന്തൻ , കെ സി ശിവരാമൻ, റഷീദ് കാറളം എന്നിവർ സംസാരിച്ചു.

Advertisement