ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റ്: കെസിവൈഎം ഇരിങ്ങാലക്കുട രൂപത പ്രതിഷേധിച്ചു

109

ഇരിങ്ങാലക്കുട :ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ പ്രതിഷേധം അറിയിച്ച് കെസിവൈഎം ഇരിങ്ങാലക്കുട രൂപത. ആദിവാസികളുടെ ദുരിതങ്ങള്‍ മാറ്റാന്‍ സമരപോരാട്ടം നടത്തുന്ന മനുഷ്യാവകാശപ്രവര്‍ത്തകൻ. ഭൂമിക്കു വേണ്ടിയും വനാവകാശത്തിനു വേണ്ടിയും ആദിവാസികൾ നടത്തുന്ന സമരങ്ങളെ പിന്തുണക്കുകയും അത്തരം പ്രശ്‌നങ്ങളെക്കുറിച്ചു ആഴത്തിൽ പഠിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിൽ വളരെ അധികം അംഗീകാരം നേടിയിട്ടുള്ള ഈശോ സഭാ വൈദികൻ. എൺപത്തിനാലു വയസ്സുള്ള ഈ വൈദികനെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിലടച്ചത് തീർത്തും മനുഷ്യത്വരഹിതവും നീതിനിഷേധവുമാണ് . ദളിതരോടും ന്യൂനപക്ഷദുർബല വിഭാഗങ്ങളോടും നാളുകളായി ഭാരതത്തിൽ പുലർത്തിവരുന്ന നിഷേധാത്മക നയങ്ങളുടെ തുടർച്ചയാണ് വൈദികന്റെ അറസ്റ്റ് എന്നു മനസ്സിലാക്കിക്കൊണ്ട് അതിനെതിരെ ഇരിങ്ങാലക്കുട രൂപതാ കെസിവൈഎം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിയോജിപ്പിന്റെയും പ്രതിഷേധത്തിന്റെയും ജനാധിപത്യ ഇടം ചുരുങ്ങി വരുന്ന പുതിയ ഇന്ത്യയിൽ വൈദികന്റെ അറസ്റ്റ് നടുക്കമുളവാക്കുന്നതാണ് .എത്രയും വേഗം അച്ചന്റെ മോചനം ഉറപ്പാക്കണമെന്നും, രാജ്യ സുരക്ഷയ്ക്കു വേണ്ടി സ്ഥാപിക്കപെടുന്ന അന്വേഷണ ഏജൻസികളിൽ നിന്നും രാജ്യ നന്മക്കായി നിലകൊള്ളുന്നവരെ പീഡിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അവസ്സാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് നടത്തിയ പ്രതിഷേധത്തിന് ഇരിങ്ങാലക്കുട രൂപതാ കെസിവൈഎം ചെയർമാൻ ജെറാൽഡ് ജേക്കബ്ബ്, ഡയറക്ടർ.ഫാ.മെഫിൻ തെക്കേക്കര, സെക്രട്ടറി എമിൽ ഡേവിസ്, വൈസ് ചെയർപേഴ്സൺ അലീന ജോബി, ട്രഷറർ റിജോ എന്നിവർ നേതൃത്വം നൽകി.

Advertisement