പ്രശസ്ത മോഹിനിയാട്ടം ആചാര്യ നിര്‍മ്മലാ പണിക്കരുടെ എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്നു

150

ഇരിങ്ങാലക്കുട :പ്രശസ്ത മോഹിനിയാട്ടം ആചാര്യ നിര്‍മ്മലാ പണിക്കരുടെ എഴുപതാം പിറന്നാള്‍ ഇരിങ്ങാലക്കുട നടനകൈരളിയുടെ ആഭിമുഖ്യത്തില്‍ ‘സൂം’ ആപ്പില്‍ (ഓൺലൈന്‍) ആഘോഷിക്കുന്നു . കേരള സര്‍ക്കാരിന്റെ ‘നൃത്തനാട്യ’ പുരസ്‌ക്കാരം, കേരള സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ് ഉള്‍പ്പെടെ നിരവധി ഉന്നത പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള നാട്യാചാര്യ നിര്‍മ്മല പണിക്കര്‍ക്ക് ഇന്‍ഡ്യയിലും വിദേശത്തുമായി വലിയൊരു ശിഷ്യ സമ്പത്തുണ്ട്. പ്രശസ്ത നര്‍ത്തകിയും നര്‍ത്തകി ഡോട്ട് കോമിന്റെ എഡിറ്ററുമായ ഡോ. അനിതാ രത്‌നം ഉദ്ഘാടനം ചെയ്യുന്നു . ചടങ്ങില്‍ പ്രൊഫ. ജോര്‍ജ്ജ് എസ്. പോള്‍ അദ്ധ്യക്ഷനായിരിക്കും. ‘ദേശി മോഹിനിയാട്ടം – നിര്‍മ്മല പണിക്കരുടെ സംഭാവന’ എന്ന വിഷയത്തില്‍ കലാനിരൂപകനും ഗവേഷകനുമായ വിനോദ് മങ്കര മുഖ്യ പ്രഭാഷണം നടത്തും. കലാനിരൂപകനായ ശ്രീകാന്ത് കര്‍ത്ത ‘ഗവേഷണവും നൃത്തസംവിധാനവും’ എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണവും പ്രശസ്ത സംഗീതജ്ഞന്‍ ലുദ്‌വിക് പെഷ് (ജര്‍മ്മനി), രമേശന്‍ നമ്പീശന്‍ എന്നിവര്‍ ആശംസാപ്രസംഗവും നടത്തും. നിര്‍മ്മലാ പണിക്കരുടെ ശിഷ്യരായ ഹെയോ ലിഗോറാറ്റ (മെക്‌സികൊ), കരീന മെര്‍ക്കാഡൊ (ചിലി), മീര ബാലചന്ദ്രന്‍ ഗോകുല്‍ (ലണ്ടന്‍), കലാ ഗോകുല്‍ദാസ്, അഞ്ജു പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു . മീനാക്ഷി രാജേഷ്, ഗോപിക. ജി. നാഥ്, സാന്ദ്ര പിഷാരോടി, കെയ്‌കൊ ഒകാനൊ (ജപ്പാന്‍), സ്‌നേഹ ശ്രീകുമാര്‍, ശ്രുതി കെ. പി., അനുപമ സുരേഷ്, ഹൃദ്യ ഹരിദാസ് എന്നിവര്‍ നിര്‍മ്മലാ പണിക്കര്‍ സംവിധാനം ചെയ്ത നൃത്തയിനങ്ങള്‍ നടനകൈരളിയുടെ ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് വഴി പ്രക്ഷേപണം ചെയ്യപ്പെടും. നിര്‍മ്മലാ പണിക്കരുടെ പുത്രിയും പ്രശസ്ത കലാകാരിയുമായ കപിലാ വേണു സംഘാടന നേതൃത്വം നൽകും .മെയ് 24 വൈകീട്ട് 7 മുതലാണ് ചടങ്ങുകൾ ആരംഭിക്കുക.

Advertisement