വനിതാ ദിനത്തില്‍ വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു

31
Advertisement

ഇരിങ്ങാലക്കുട: അന്തര്‍ദേശീയ വനിതാദിനത്തില്‍ നിറഞ്ഞ സദസില്‍ വനിതാ സംവിധായകരുടെ ചിത്രങ്ങള്‍.രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്രമേളയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ച ബംഗാളി സംവിധായക അപര്‍ണ്ണസെന്നിന്റെ ‘ ഘരെ ബൈരെ ആജ്’ ,സിങ്കപ്പൂര്‍ പ്രവാസിയും മലയാളിയുമായ ശില്‍പ്പകൃഷ്ണശുക്ല സംവിധാനം ചെയ്ത ‘കഥ @8 ‘ എന്നീ ചിത്രങ്ങള്‍ ചലച്ചിത്രാസ്വാദകരുടെ കയ്യടി നേടി.രവീന്ദ്രനാഥ ടാഗോറിന്റെ 1926 ല്‍ ഇറങ്ങിയ വീടും ലോകവും എന്ന നോവലിന്റെ ആധുനിക ആവിഷ്‌കാരമായ ഘരെ ബൈരെ ത്രികോണ പ്രണയ കഥയുടെ പശ്ചാത്തലത്തില്‍ പ്രത്യയശാസ്ത്രങ്ങളുടെയും തീവ്ര ദേശീയതയുടെയും വിചാരണ കൂടിയായി മാറിയപ്പോള്‍, ഒരു രാജ്യത്തെ പല നഗരങ്ങളിലായി രാത്രി എട്ട് മണിക്ക് നടക്കുന്ന സംഭവങ്ങള്‍ എട്ട് ഇന്ത്യന്‍ ഭാഷകളിലായിട്ടാണ് കഥ @8 അവതരിപ്പിക്കുന്നത്
കഥ @8 ന്റെ പ്രദര്‍ശനത്തോടനുബന്ധിച്ച് ചലച്ചിത്ര മേളയുടെ സക്രീനിംഗ് വേദിയായ മാസ് മൂവീസില്‍ എത്തിയ സംവിധായക ശില്‍പ്പ ക്യഷ്ണയെയും സാങ്കേതിക വിദഗ്ധരെയും കൂടിയാട്ട കലാകാരി കപില വേണു ആദരിച്ചു. പാരമ്പര്യകലകളില്‍ ഒതുങ്ങി നില്ക്കുന്ന ഇരിങ്ങാലക്കുട പട്ടണത്തില്‍ പുതിയ പ്രവണതകള്‍ വളര്‍ന്നു വരേണ്ടതുണ്ടെന്നും ഫിലിം ഫെസ്റ്റിവല്‍പ്പോലുള്ള സാംസ്‌കാരിക കൂട്ടായ്മകള്‍ക്ക് മതേതരത്വം, ഫെമിനിസം, വംശീയത, പരിസ്ഥിതി പ്രശ്നങ്ങള്‍, കാലാവസ്ഥ മാറ്റം എന്നിവ അഭിസംബോധന ചെയ്യാന്‍ കഴിയണമെന്നും കപില വേണു അഭിപ്രായപ്പെട്ടു. എട്ട് ഇന്ത്യന്‍ ഭാഷകളിലുള്ള കഥ പറച്ചില്‍ എന്ന ആശയം ആകസ്മികമായി സംഭവിച്ചതാണെന്നും കടുത്ത സാഹചര്യങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കാന്‍ കഴിയണമെന്ന സന്ദേശമാണ് തന്റെ ചിത്രം പറയുന്നതെന്ന് കാണികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സംവിധായക ശില്‍പ്പ ക്യഷ്ണ പറഞ്ഞു. മേളയുടെ മൂന്നാം ദിനമായ മാര്‍ച്ച് 9ന് മാസ് മൂവീസില്‍ രാവിലെ 10ന് ബംഗാളി ചിത്രമായ ബിനിസുത്തോയ്, 12 ന് മറാത്തി ചിത്രമായ ഫോട്ടോപ്രേം, വൈകീട്ട് 6.30ന് ഓര്‍മ്മ ഹാളില്‍ ബ്രസീലിയന്‍ ചിത്രമായ ബെക്കാറൂ എന്നിവ പ്രദര്‍ശിപ്പിക്കും.

Advertisement