പി. എം. എ. വൈ. ഭവന നിര്‍മാണ പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് നഗരസഭാ വിഹിതം നല്‍കുന്നതിലെ കാലതാമസത്തെചൊല്ലി എല്‍. ഡി. എഫ്-യു. ഡി. എഫ്. അംഗങ്ങള്‍ തമ്മില്‍ വാഗ്വാദം

72

ഇരിങ്ങാലക്കുട :പി. എം. എ. വൈ. ഭവന നിര്‍മാണ പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് നഗരസഭാ വിഹിതം നല്‍കുന്നതിലെ കാലതാമസത്തെചൊല്ലി മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ എല്‍. ഡി. എഫ്-യു. ഡി. എഫ്. അംഗങ്ങള്‍ തമ്മില്‍ വാഗ്വാദം. തിങ്കളാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍്‌സില്‍ യോഗത്തില്‍ എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി. വി. ശിവകുമാറാണ് വിഷയം ഉന്നയിച്ചത്. നഗരസഭാ വിഹിതം ഉടന്‍ വിതരണം ചെയ്യുമെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഉറപ്പു നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും പണം വിതരണം ചെയ്യുന്നില്ലെന്ന് ശിവകുമാര്‍ കുറ്റപ്പെടുത്തി. ഇനിയും വൈകൂന്നത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ തടസ്സം സ്യഷ്ടിക്കും ശിവകുമാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ എന്നാല്‍ ബാങ്കില്‍ നിന്നും ലഭിക്കേണ്ട വായ്്പ ലഭിക്കാന്‍ വന്ന കാലതാമസമാണ് പണം വിതരണം ചെയ്യുന്നതിന് കാലതാമസമുണ്ടായതെന്നും, വായ്പ ലഭ്യമായ സാഹചര്യത്തില്‍ തങ്ങള്‍ മുഖാന്തിരമാണ് നഗരസഭാ വിഹിതം ലഭ്യമാക്കിയതെന്ന് അവകാശപ്പെടാനാണ് എല്‍. ഡി. എഫ്. അംഗങ്ങള്‍ ശ്രമിക്കുന്നതെന്നും യു. ഡി. എഫ്. അംഗം അഡ്വ വി. സി. വര്‍ഗീസ് പറഞ്ഞു. പാവപ്പെട്ടവരുടെ ഭവന നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനായാണ് ബാങ്കില്‍ നിന്നും വായ്പയെടുക്കന്നതെന്നും ബാങ്കിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു മാത്രമെ വായ്പ ലഭ്യമാകുകയുള്ളുവെന്നും വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ് ചൂണ്ടിക്കാട്ടി. വായപയെടുക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ സമയബന്ധിതമായി നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചിരുന്നതാണന്നും, ബാങ്കിന്റെ നിയപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിക്കാനുണ്ടായ തടസ്സങ്ങളാണ് കാലതാമസത്തിനിടയാക്കിയതെന്നും സെക്രട്ടറി കെ. എസ്. അരുണ്‍ വിശദീകരിച്ചു. 198 ലക്ഷം രൂപയുടെ വായ്പ പാസ്സായതായി ബാങ്ക് ഹെഡോഫീസില്‍ നിന്നും അറിയിച്ചിട്ടുണ്ടെന്നും സെക്രട്ടറി കൗണ്‍സില്‍ യോഗത്തെ അറിയിച്ചു. എന്നാല്‍ നിയമപരമായ നടപടിക്രമങ്ങള്‍ക്ക് കാലതാമസമുണ്ടായപ്പോള്‍ നഗരസഭ ഭരണനേത്യത്വം ഇടപെട്ടില്ലെന്ന് എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിന്‍ കുറ്റപ്പെടുത്തി. വിഷയവുമായി ബന്ധപ്പെട്ട് കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിനെ കുറിച്ച് യു. ഡി. എഫ്. അംഗം അഡ്വ വി. സി. വര്‍ഗീസ് നടത്തിയ പരാമര്‍ശം എല്‍ ഡി. എഫ്-യു. ഡി. എഫ്. അംഗങ്ങള്‍ തമ്മിലുള്ള വാഗ്വാദത്തിന് വഴിവച്ചു. ബാങ്ക് വായ്പ ലഭ്യമായിട്ടുണ്ടെന്നും ബാങ്കിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് നഗരസഭാ വിഹിതം വിതരണം ചെയ്യുമെന്നും ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു യോഗത്തെ അറിയിച്ചു.നഗരത്തിലെ തെരുവു നായകളുടെ വന്ധീകരണവുമായി ബന്ധപ്പെട്ട് ജില്ലാ കുടുംബശ്രീ മിഷനെതിരെ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ബി. ജെ. പി. അംഗം സന്തോഷ് ബോബനാണ് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിന്റെ ആരംഭത്തില്‍ വിഷയം ഉന്നയിച്ചത്. തന്റെ വാര്‍ഡിലടക്കം നഗരത്തില്‍ തെരുവു നായകള്‍ അലഞ്ഞു തിരിയുകയാണന്നും, നായകളുടെ വന്ധീകരണവുമായി ബന്ധപ്പെട്ട് നഗരസഭ രണ്ട് ലക്ഷത്തി തൊണ്ണൂറ്റിയെണ്ണായിരം രൂപ കുടുംബശ്രീ ജില്ലാ മിഷന് അടച്ചിട്ടുണ്ടെന്നും സന്തോഷ് ബോബന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അടച്ച തുകക്കുള്ള വന്ധീകരണ പ്രവര്‍ത്തനങ്ങള്‍ ഇരിങ്ങാലക്കുട നഗരസഭയില്‍ നടത്തിയിട്ടുണ്ടെന്നാണ് കുടുംബശ്രീ ജില്ലാ മിഷന്റെ ഇപ്പോഴത്തെ നിലപാടെന്ന് സന്തോഷ് ബോബന്‍ പറഞ്ഞു. നഗരസഭ രേഖകളില്‍ പോലും അറുപത്തിനാലു നായകളുടെ വന്ധീകരണം നടത്തിയെന്നാണ് കാണുന്നത്. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരോ, നഗരസഭ ആരോഗ്യ വിഭാഗമോ അറിയാതെ നായകളുടെ വന്ധീകരണം പൂര്‍ത്തിയാക്കിയെന്ന വാദം തെറ്റാണന്നും സന്തോഷ് ബോബന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കണമെന്നും സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. നായകളുടെ വന്ധീകരണവുമായി ബന്ധപ്പെട്ട് കുടുംബശ്രീ ജില്ലാ മിഷന്റെ വാദം അടിസ്ഥാന രഹിതമാണന്നും ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും യു. ഡി. എഫ്. അംഗങ്ങളായ കുരിയന്‍ ജോസഫ്, അഡ്വ വി. സി. വര്‍ഗീസ്, എം. ആര്‍. ഷാജു, സോണിയ ഗിരി എന്നിവരും ആവശ്യപ്പെട്ടു. വിഷയുമായി ബന്ധപ്പെട്ട് നിരവധി തവണ കുടുംബശ്രീ ജില്ലാ മിഷനുമായി ബന്ധപ്പെട്ടിരുന്നതായി ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി. എ. അബ്ദുള്‍ ബഷീര്‍ പറഞ്ഞു. വിഷയത്തിലിടപ്പെട്ടു സംസാരിച്ച ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു കുടുംബശ്രീ മിഷനുമായി ചര്‍ച്ച നടത്തിയ ശേഷം നിയമ നടപടികളിലേക്ക് നീങ്ങാമെന്ന് യോഗത്തെ അറിയിച്ചു.ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പരിശീലനം നല്‍കുന്നതിന് നിയമിച്ചിട്ടുള്ള സോഷ്യോ ഇക്കോണമിക് യൂണിറ്റ് ഫൗണ്ടേഷനു നല്‍കേണ്ട നവംബര്‍-ഡിസംബര്‍ മാസത്തെ തുക സംബന്ധിച്ച അജണ്ട മാറ്റി വച്ചു. യു. ഡി. എഫ്. അംഗം എം. ആര്‍. ഷാജുവാണ് അജണ്ട മാറ്റി വക്കണമെന്നാവശ്യപ്പെട്ടത്. ഹരിത കര്‍മ്മസേനക്കു യാതൊരു വിധ പരിശീലനവും ഇവര്‍ നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ എം. ആര്‍. ഷാജു ട്രഞ്ചിങ്ങ് ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നത് തന്റെ വാര്‍ഡിലാണന്നും താന്‍ നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് യാതൊരു പരിശീലനവും ഇവര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയതെന്നും പറഞ്ഞു. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് പരിശീനം നല്‍കിയതിന്റെ വ്യക്തത വന്ന ശേഷം അജണ്ട പരിഗണിക്കാമെന്ന് അറിയിച്ച ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു പ്ലാസ്റ്റിക് ശേഖരവുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ ഹരിത കര്‍മ്മസേനാംഗങ്ങളുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കാന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വികസന സെമിനാറില്‍ അംഗീകാരം നല്‍കിയ പദ്ധതികള്‍ നിര്‍വഹണ ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ തടസ്സം സ്യഷ്ടിക്കുകയാണന്ന് എല്‍. ഡി. എഫ്. അംഗങ്ങളായ കെ. ഡി. ഷാബു, സി. സി. ഷിബിന്‍ എന്നിവര്‍ വിമര്‍ശനമുന്നയിച്ചു. പദ്ധതിയുടെ എസ്റ്റിമേറ്റ് എടുക്കുന്ന ഘടത്തില്‍ എല്ലാ ഘടകങ്ങളും ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്ന് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ് നിര്‍ദേശിച്ചു. പല പദ്ധതികളും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ തടസ്സവാദങ്ങള്‍ ഉന്നിയിക്കുന്നതെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു. 2020-2021 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 29 ന് രാവിലെ 10.30ന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വികസന സെമിനാര്‍ ചേരുവാനും മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു.

Advertisement