ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലില്‍ ഓഡിറ്റ് റിപ്പോര്‍ട്ടിനെച്ചൊല്ലി തര്‍ക്കം

80

കഴിഞ്ഞ കാലങ്ങളില്‍ എല്‍. ഡി. എഫ്. ഉന്നയിച്ച ആരോപണങ്ങള്‍ അക്കമിട്ട് നിരത്തുന്നതാണ് ഇരിങ്ങാലക്കുട നഗസഭയുടെ ഓഡിറ്റ് റിപ്പോര്‍ട്ടെന്ന് എല്‍. ഡി. എഫ്. അംഗങ്ങള്‍, ഓഡിറ്റ് റിപ്പോര്‍ട്ടുകളുടെ തനിയാവര്‍ത്തനം മാത്രമാണന്നും, പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗിക തടസ്സങ്ങള്‍ കണക്കിലെടുത്തിട്ടില്ലെന്നും യു. ഡി. എഫ്. അംഗങ്ങള്‍, വ്യക്തതയില്ലാത്ത ഓഡിറ്റ് റിപ്പോര്‍ട്ടെന്ന് ബി. ജെ. പി. ഇരിങ്ങലക്കുട നഗരസഭയുടെ 2017-2018 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അംഗങ്ങള്‍. യാഥാര്‍ത്ഥ്യ ബോധത്തോടെയല്ല ബജറ്റ് അവതരണം, മാലിന്യ സംസ്‌കരണത്തിന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല, നഗരസഭയുടെ നികുതി പണം പിരിച്ചെടുക്കുന്നിതന് യീതൊരു നടപടിയും സ്വീകരിക്കുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ തങ്ങള്‍ കൗണ്‍സില്‍ യോഗങ്ങളില്‍ ഉന്നയിക്കാറുള്ളതാണന്ന് എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാര്‍ പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷം ജനങ്ങളെ മറന്ന് നടത്തിയ ഭരണത്തിന്റെ സാക്ഷ്യപത്രമാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. ആസ്ഥി വിവര രജിസ്റ്ററില്‍ നഗരസഭയുടെ ആസ്തികള്‍ ചേര്‍ക്കതിരുന്നതിനെ തുടര്‍ന്നാണ് സ്വകാര്യ വ്യക്തി റോഡ് കയ്യേറി പൈപ്പ സ്ഥാപിച്ചിട്ട് നഗരസഭക്ക് നടപടി എടുക്കാന്‍ കഴിയാതിരുന്നതെന്ന് എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിന്‍ ചൂണ്ടിക്കാട്ടി. നഗരസഭയുടെ ആഭ്യന്തര നിയന്ത്രണ സംവിധാനം പരാജയപ്പെട്ടതായും സി. സി. ഷിബിന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകളുടെ ആവര്‍ത്തനമാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും, പല പദ്ധതികളും എല്‍. ഡി. എഫ്. ഉള്‍പ്പെടെയുള്ള അംഗങ്ങളുടെ ആവശ്യപ്രകാരമാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയതെന്നും ധനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ ചൂണ്ടിക്കാട്ടി. കണ്ണടച്ച് ഇരുട്ടാക്കാനാണ് എല്‍. ഡി. എഫ്. ശ്രമിക്കുന്നതെന്ന് യു. ഡി. എഫ്. അംഗം എം. ആര്‍. ഷാജു പറഞ്ഞു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള ഓഡിറ്റ് റിപ്പോര്‍ട്ടുകളാണ് വരാറുള്ളത്. പദ്ധതി പ്രവര്‍ത്തനങ്ങളില്‍ വരുന്ന വ്യതിയാനത്തെ കുറിച്ച് എഞ്ചിനിയറിങ്ങ് വിഭാഗത്തോട് വിശദീകരണം ചോദിക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. എല്‍. ഡി. എഫ്. ഉന്നയിച്ച ആരോപണങ്ങള്‍ അതേപടി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വന്നുവെന്ന എല്‍. ഡി. എഫ്. അംഗങ്ങളുടെ അവകാശവാദം സംശയത്തോടെ കാണണമെന്നും എം. ആര്‍. ഷാജു പറഞ്ഞു. പദ്ധതി പ്രവര്‍ത്തനങ്ങളിലെ ന്യുനത പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും മറിച്ച് എല്‍. ഡി. എഫ്. അംഗങ്ങള്‍ രാഷ്ട്രീയമായി ഓഡിറ്റ് റിപ്പോര്‍ട്ടിനെ കാണുകയാണന്നും വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ് പറഞ്ഞു. വ്യക്തതയില്ലാത്ത ഓഡിറ്റ് റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ പറഞ്ഞു. പദ്ധതികള്‍ വിഭാവനം ചെയ്യുന്ന ധനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയില്‍ എതിര്‍പ്പു പ്രകടിപ്പിക്കാത്ത എല്‍. ഡി. എഫ്. അംഗങ്ങളാണ് ഇപ്പോള്‍ എതിര്‍പ്പു പ്രകടിപ്പിക്കുന്നതെന്നും സന്തോഷ് ബോബന്‍ ചൂണ്ടിക്കാട്ടി. അംഗങ്ങള്‍ തമ്മില്‍ നടന്ന ചര്‍ച്ച രാഷ്ട്രീയ ചര്‍ച്ചയിലേക്ക വഴി മാറിയതോടെ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്റെ പരാമര്‍ശവും, സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്‍ വിതരണവും, മരട് ഫ്‌ളാറ്റ് വിഷയം വരെ പരാമര്‍ശിക്കപ്പെട്ടു. പൊറത്തിശ്ശേരി പഞ്ചായത്തുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശവും എല്‍. ഡി. എഫ്-യു. ഡി. എഫ്. അംഗങ്ങള്‍ തമ്മിലുള്ള വാഗ്വാദത്തിന് വഴിവച്ചു. ചര്‍ച്ചകള്‍ക്കു മറുപടി പറഞ്ഞ മുനിസിപ്പല്‍ സെക്രട്ടറി കെ. എസ്. അരുണ്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച ന്യുനതകള്‍ക്ക് സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു. നഗരസഭയുടെ സാമ്പത്തിക സ്ഥിതിയും പ്രവര്‍ത്തനക്ഷമതയും വിലയിരുത്തി തന്നെയാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്, സ്റ്റാന്‍ഡിങ്ങ് കമ്മറ്റികള്‍, വര്‍ക്കിങ്ങ് ഗ്രൂപ്പുകള്‍ എന്നിവ സമയബന്ധിതമായി യോഗം ചേര്‍ന്ന് പദ്ധതി ആസൂത്രണ നിര്‍വ്വഹണ പ്രവ്യത്തികള്‍, ദൈനംദിന പ്രവവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും, വരും വര്‍ഷങ്ങളില്‍ പോരായ്മകള്‍ പരിഹരിച്ച് കുറ്റമറ്റ രീതിയില്‍ ബജറ്റ് തയ്യാറാക്കുമെന്നും സെക്രട്ടറി കെ. എസ്. അരുണ്‍ പറഞ്ഞു. ആസ്ഥി രജിസ്റ്റര്‍ കാലികമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. നഗരസഭയുടെ ഒഴിഞ്ഞു കിടക്കുന്ന മുറികള്‍ ലേലം ചെയ്തു വരുന്നതായും ലേലം നടത്തുകയും ഓഫര്‍ ക്ഷണിച്ചിട്ടും ലേലത്തില്‍ പോകാത്തവയാണ് ഒഴിഞ്ഞു കിടക്കുന്നതെന്ന്. നികുതി പരിഷ്‌കണ നടപടികള്‍ എണ്‍പത്തിയഞ്ചു ശതമാനവും പൂര്‍ത്തീകരിച്ചു. അനധിക്യത കെട്ടിട നിര്‍മാണങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു വരുന്നതായും മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച്് നടപ്പാക്കും. കിഫ്ബിയുടെ സഹായത്തോടെ ആധുനിക രീതിയിലുള്ള അറവുശാല സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും, ദാരിദ്ര്യ ലഘൂകരണ ഫണ്ട്് രൂപീകരിക്കുമെന്നും സെക്രട്ടറി കെ. എസ്. അരുണ്‍ വിശദീകരിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ………..

Advertisement