പ്രണയദൂതുമായി ഹംസം:മിഴി പൂട്ടാതെ ക്രൈസ്റ്റ് കാമ്പസ്സ്

138

ഇരിങ്ങാലക്കുട :പ്രണയദൂതുമായി നളനും ദമയന്തിയും ഹംസവും അരങ്ങില്‍ നിറഞ്ഞാടിയപ്പോള്‍ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സ് മിഴിപൂട്ടാതെ അതിന് സാക്ഷ്യം വഹിച്ചു. ക്ലാസ്സിക്കല്‍ കലകളുമായി പുതുതലമുറയെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച ‘കളിയരങ്ങ്’ പരിപാടിയുടെ ഭാഗമായി ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയിലെ അഭിനയ പ്രാധാന്യമുള്ള ഏതാനും ശ്ലോകങ്ങള്‍ രംഗത്തവതരിപ്പിച്ചത് വിദ്യാര്‍ത്ഥികളുടെ മനം കവര്‍ന്നു . രാവിലെമുതല്‍ കഥകളി വേഷങ്ങളുടെ ചമയം കാണുന്നതിന് വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും വലിയ തിരക്ക് അനുഭവപ്പെട്ടു.ആദ്യമായി അവതരിപ്പിച്ച ‘ഊര്‍ജ്ജിതാശയാ’ എന്ന പദം നളനും ഹംസവും തമ്മിലുള്ള ആദ്യസമാഗമത്തെ അവതരിപ്പിച്ചു. നളനായി രംഗത്തെത്തിയ ഹരികൃഷ്ണന്‍ ക്രൈസ്റ്റ് കോളേജ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. തുടര്‍ന്ന് ‘പ്രിയമാനസാ’ എന്ന പദം നളനും ഹംസവും തമ്മില്‍ ദമയന്തിയെക്കുറിച്ച് നടത്തിയ സംഭാഷണത്തിന്റെ തുടര്‍ച്ചയായി അവതരിപ്പിച്ചു. ഹംസമായി മുതിര്‍ന്ന കലാകാരനായ കലാനിലയം വാസുദേവപ്പണിക്കര്‍ അരങ്ങിലെത്തി. ദമയന്തിയും ഹംസവും തമ്മിലുള്ള സമാഗമം ചിത്രീകരിക്കുന്ന ‘ ഇനിയൊരടി നടാല്‍ കിട്ടുമേ കൈക്കലെും’ എന്ന ശ്ലോകം ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ മിക്കവരും പഠിച്ചിട്ടുള്ളതായതുകൊണ്ട് അതിന്റെ അരങ്ങവതരണം കുട്ടികള്‍ക്ക് കൗതുകം പകര്‍ന്നു . ദമയന്തിയായി പ്രസിദ്ധ സ്ത്രീവേഷക്കാരനായ കലാമണ്ഡലം ചമ്പക്കര വിജയകുമാര്‍ അരങ്ങിലെത്തി.കഥകളിയുടെ രംഗാവതരണത്തില്‍ സാധാരണപ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ ഗ്രഹിക്കാവുന്ന രംഗങ്ങള്‍ ചേര്‍ത്താണ് കളിയരങ്ങ് സംഘടിപ്പിച്ചത് എന്ന് കളിയരങ്ങ് ചെയര്‍മാനും മലയാളവിഭാഗം അദ്ധ്യക്ഷനുമായ ഡോ.സെബാസ്റ്റ്യന്‍ ജോസഫ് പറഞ്ഞൂ. ഉണ്ണായി വാര്യര്‍ കലാനിലയം വേഷം വിഭാഗം മേധാവി കലാനിലയം ഗോപിനാഥന്‍ കഥകളി വേഷങ്ങളെക്കുറിച്ചും മുദ്രകളെക്കുറിച്ചും സോദാഹരണ പ്രഭാഷണം നടത്തി. കലാനിലയം രാജീവന്‍ ,കലാനിലയം സഞ്ജയ് (പാട്ട്) കലാമണ്ഡലം ശിവദാസ് (ചെണ്ട), കലാമണ്ഡലം പെരുവനം ഹരി,കലാനിലയം ശ്രീജിത്ത്( മദ്ദളം), കലാനിലയം പ്രശാന്ത്(ചുട്ടി) , കലാമണ്ഡലം മനേഷ്, കലാനിലയം വിഷ്ണു, കലാനിലയം ഗോകുല്‍, കലാനിലയം രാഹുല്‍(അണിയറ) എന്നിവര്‍ പശ്ചാത്തലം ഒരുക്കി.മലയാളവിഭാഗം അദ്ധ്യക്ഷന്‍ ഡോ. സെബാസ്റ്റ്യന്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വച്ച് ക്രൈസ്റ്റ്കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ കളിയരങ്ങ് ഉദ്ഘാടനം ചെയ്തു.ഡോ.സി.വി.സുധീര്‍, മലയാളം അസ്സോസിയേഷന്‍ സെക്രട്ടറി അഹമ്മദ് ഷഹബാസ് എന്നിവര്‍ സംസാരിച്ചു.

Advertisement