ഹംസയും സുബൈദയും കാത്തിരിക്കുന്നത് മകന്റെ കൊലയാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുന്നതിന്

101

കഞ്ചാവ് മാഫിയയുടെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി മരണപ്പെട്ട തൃത്തല്ലൂര്‍ വില്ലേജില്‍ ഏറച്ചം വീട്ടില്‍ ഹംസ മകന്‍ അന്‍സില്‍ (24 വയസ്സ്) വധക്കേസ് വിചാരണ പൂര്‍ത്തിയായി നീതിന്യായ കോടതിയുടെ വിധി കാത്തിരിക്കുന്നു. ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ കോടതിയിലാണ് അന്‍സില്‍ വധക്കേസിലെ വിചാരണയും വാദം പറച്ചിലും പൂര്‍ത്തിയാക്കി വിധി പറയുന്നതിനായി മാറ്റിവച്ചിരിക്കുന്നത്. മരണപ്പെട്ട അന്‍സിലിന്റെ മാതാപിതാക്കളായ ഹംസയും സുബൈദയും വാദം പൂര്‍ത്തിയാകുന്ന ദിവസവും കോടതിയിലെത്തി വിചാരണ നടപടികള്‍ വീക്ഷിച്ചു തങ്ങളുടെ പ്രിയപ്പെട്ട മകന്റെ ഘാതകര്‍ക്ക് ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കി. മകന് നീതി ലഭിക്കുന്നത് നേരിട്ടറിഞ്ഞ് മനസ്സിലാക്കുന്നതിനായാണ് അവര്‍ കോടതിയിലെത്തിയത്.2014 ലെ തൃപ്രയാര്‍ ഏകാദശി ദിവസമായ നവംബര്‍ 18 നു ആണ് അന്‍സിലിന്റെ മരണത്തിലേക്ക് നയിച്ച ആക്രമണം ഉണ്ടായത്. തൃപ്രയാര്‍ ഏകാദശി കണ്ടു കഴിഞ്ഞ് മോട്ടോര്‍ സൈക്കിളില്‍ മടങ്ങുകയായിരുന്ന അന്‍സിലിനെയും സുഹൃത്ത് ഹസൈനെയും കിഴക്കേ ടിപ്പു സുല്‍ത്താന്‍ റോഡില്‍ എസ് .എന്‍. കോളേജിന് സമീപം വച്ച് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഒരു സംഘം ആളുകള്‍ ചേര്‍ന്നു തടഞ്ഞു നിര്‍ത്തി മാരകായുധങ്ങള്‍ കൊണ്ട് ആക്രമിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തു . ചികിത്സയിലിരിക്കെ 19- 11- 2014 തീയതിയാണ് അന്‍സില്‍ പരിക്കിന്റെ കാഠിന്യത്താല്‍ മരണമടഞ്ഞത്. കേസിലെ 21 പ്രതികളാണ് വിചാരണ നേരിടുന്നത്. കേസിലെ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 40 സാക്ഷികളെ വിസ്തരിക്കുകയും 129 രേഖകളും 19 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ജെ ജോബി ആണ് ഹാജരാകുന്നത്. അന്‍സില്‍ മരണപ്പെടുന്ന അവസരത്തില്‍ പി. സി. ഐ.യുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ് ന്റെ നേതാവായിരുന്നു. അനീതിക്കെതിരെ ധീരമായി പ്രതികരിക്കുന്ന സദാ ജാഗരൂകനായിയരുന്ന ചെറുപ്പക്കാരനായിരുന്നു അന്‍സില്‍ നാടിന്റെയും നാട്ടുകാരുടേയും കണ്ണിലുണ്ണി ആയിരുന്നു. നഷ്ടപ്പെട്ട മകന്റെ ഓര്‍മ്മയില്‍ നിന്നും ചുളി വീണ ശരീരത്തില്‍ ഉറങ്ങാത്ത കണ്ണുകള്‍ കാത്തിരിക്കുന്നത് നീതിപീഠത്തിലെ കനിവിനായി. പ്രതിഭാഗത്തിനുവേണ്ടി അഡ്വക്കേറ്റ് പി. ആര്‍. ആനന്ദന്‍ ഹാജരായി.

Advertisement