നട്ടുച്ചയ്ക്ക് നടുറോഡില്‍ മദ്യപന്റെ അഴിഞ്ഞാട്ടം; അശ്ലീലവര്‍ഷം

1555
Advertisement

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി മാരിയമ്മന്‍ കോവിലിനു സമീപം മദ്യപിച്ചു ലക്കുകെട്ട യുവാവ് കാറില്‍ പോവുകയായിരുന്ന ദമ്പതികളെ, തന്റെ കാര്‍ റോഡിനു കുറുകെയിട്ട് തടഞ്ഞു നിര്‍ത്തി അസഭ്യവര്‍ഷം ചൊരിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ഗര്‍ഭിണിയായ യുവതിയോട് വളരെ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് യുവതി കരച്ചിലും ബഹളവുമായി. ഇരുവരേയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അവിടെ കിടന്നിരുന്ന ഒരു വടിയെടുത്ത് കാറിന്റെ മുന്‍ഭാഗം തല്ലിത്തകര്‍ക്കുകയും ചെയ്തു. ഇവര്‍ വിളിച്ചു വിവരം പറഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കൊരുമ്പിശ്ശേരി റെസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി പോളി മാന്ത്രയെ യുവാവ് തലയ്ക്കടിച്ചു. പോളി വന്ന ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ തല്ലിപ്പൊളിച്ച് റോഡില്‍ തള്ളിയിട്ടു. പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇതേ തുടര്‍ന്ന് കൊരുമ്പിശ്ശേരി റെസിഡന്റ്‌സ് അസോസിയേഷന്റെ അടിയന്തിര യോഗം കൂടി സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കുറ്റവാളി ശിക്ഷിക്കപ്പെടുന്നതു വരെ നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ അസോസിയേഷന്‍ തീരുമാനിച്ചു. അസോസിയേഷനില്‍ പെട്ടവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ സംഘടന ബാധ്യസ്ഥരാണെന്നും യോഗം വിലയിരുത്തി.പ്രസിഡണ്ട് വിങ്ങ് കമാണ്ടര്‍ ടി എം രാംദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാജീവ് മുല്ലപ്പിള്ളി, എ സി സുരേഷ്, മധു പള്ളിപ്പാട്ട്, കാക്കര സുകുമാരന്‍ നായര്‍, ജയകുമാര്‍, നഗരസഭാ കൗണ്‍സിലര്‍ ഗിരിജാ ഗോകുല്‍നാഥ്, രമാഭായി രാംദാസ്, വനജ രാമചന്ദ്രന്‍, രേഷ്മ ദീപക് എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി പോളി മാന്ത്ര സ്വാഗതവും, വൈസ് പ്രസിഡണ്ട് സുകുമാരന്‍ നന്ദിയും പറഞ്ഞു.

Advertisement