Home NEWS പുല്ലൂര്‍ നാടകരാവ് – നവംബര്‍ 24 ഞായറാഴ്ച തിരിതെളിയും

പുല്ലൂര്‍ നാടകരാവ് – നവംബര്‍ 24 ഞായറാഴ്ച തിരിതെളിയും

പുല്ലൂര്‍ : ചമയം നാടകവേദിയുടെ 24-ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള കലയുടെ മാമാങ്കം ‘പുല്ലൂര്‍ നാടകരാവി’ന് ഞായറാഴ്ച തിരിതെളിയും. ഞായര്‍ ഉച്ചതിരിഞ്ഞ് 4 മണിക്ക് പുല്ലൂര്‍ രാജുവും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളവും 5 മണിക്ക് സാരംഗി ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള. തുടര്‍ന്ന് 6 മണിക്ക് എം.എല്‍.എ പ്രൊഫ.കെ.യു.അരുണന്‍, ചലച്ചിത്ര താരം ഭരത് സലീംകുമാര്‍, പ്രൊഫ.സാവിത്രി ലക്ഷ്മണന്‍, കെ.വി.പീതാംബരന്‍, അഡ്വ.വി.ഡി.പ്രേമപ്രസാദ്, ഡി.വൈ.എസ്.പി. ഫേമസ് വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്ന് ‘പുല്ലൂര്‍ നാടകരാവ് ‘ഉദ്ഘാടനം ചെയ്യും. എ.എന്‍.രാജന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ പുല്ലൂര്‍ സജു ചന്ദ്രന്‍ സ്വാഗതവും ഷാജു തെക്കൂട്ട് നന്ദി അര്‍പ്പിക്കും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എല്‍.എല്‍.ബി. പരീക്ഷയില്‍ ഒന്നാംറാങ്ക് ജേതാവ് കാവ്യ മനോജ് കൈമാപ്പറമ്പിലിനെ ആദരിക്കും. ചമയത്തിന്റെ തിരുവാതിരക്കളിയും ചില്‍ഡ്രന്‍സ് ഗ്രൂപ്പിന്റെ നാടകം ‘മടിയന്മാരുടെ സ്വര്‍ഗ്ഗ’വും ചമയം യൂത്ത് വിംഗിന്റെ ‘സ്‌കിറ്റും’ വൈഗ.കെ.സജീവ് അഭിനയിച്ച ‘ടോക്കിംഗ് ടോയ്’, തോമസ് ചേനത്ത്പറമ്പില്‍ സംവിധാനം ചെയ്ത ‘സ്വര്‍ഗ്ഗത്തില്‍’ എന്നീ ടെലിസിനിമകളും അവതരിപ്പിക്കും.  മുന്‍പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദേവസ്സി – ഇളന്തോളി മാണിക്കുട്ടി സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരം 25.11.2019 തിങ്കളാഴ്ച രണ്ടാംരാവ് മുന്‍ നിയമസഭാചീഫ് വീപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കോഴിക്കോട് നാടകസഭയുടെ നാടകം ‘പഞ്ചമി പെറ്റ പന്തിരുകുലം’ അവതരിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ടി.എന്‍.പ്രതാപന്‍ എം.പി, കെ.രാധാകൃഷ്ണന്‍, അശോകന്‍ ചരുവില്‍,  എന്‍.കെ.ഉദയപ്രകാശ്, മഞ്ജുള അരുണന്‍, കെ.പി.എ.സി. ലളിത, ബോബി ചെമ്മണ്ണൂര്‍, സിസ്റ്റര്‍ റോസ് ആന്റോ, ചലച്ചിത്രതാരം  സുനില്‍ സുഖദ, രെഞ്ചു ചാലക്കുടി എന്നീ വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്നതാണ്. 26.11.2019 ചൊവ്വാഴ്ച മൂന്നാംദിവസം കൊല്ലം അയനം നാടകവേദിയുടെ ‘ഇത് ധര്‍മ്മഭൂമിയാണ്’. 27.211.2019 ബുധനാഴ്ച നാലാംദിവസം ചമയം നാടകവേദിയുടെ പി.പി.ദേവസ്സി സ്മാരകപുരസ്‌കാരം പോള്‍ കോക്കാട്ടിന് മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ സമ്മാനിക്കും.തിരുവനന്തപുരം സംസ്‌കൃതിയുടെ ‘ജീവിതപാഠം’ നാടകം അരങ്ങേറും.  28.11.2019 വ്യാഴാഴ്ച അഞ്ചാംദിവസം  കൊച്ചിന്‍ സംഗമിത്രയുടെ ‘കന്യാകുമാരി സെക്കന്റ്’, 29.11.2019 വെള്ളിയാഴ്ച ആറാംദിവസം വെഞ്ഞാറമൂട് സൗപര്‍ണ്ണികയുടെ ‘ഇതിഹാസം’ 30.11.2019 ശനിയാഴ്ച ഏഴാംദിവസം  ഗിരീഷ് കര്‍ണ്ണാട് അനുസ്മരണ സമ്മേളനം. 6 മണിക്ക് സമാപനസമ്മേളനം, സമ്മാനദാനം. തുടര്‍ന്ന് കലാപരിപാടികള്‍.  ജനറല്‍കണ്‍വീനര്‍ പുല്ലൂര്‍ സജുചന്ദ്രന്‍, പ്രസിഡണ്ട് എ.എന്‍.രാജന്‍, സെക്രട്ടറി ഷാജു തെക്കൂട്ട്, കെ.വി.മോഹനന്‍ കുണ്ടില്‍ സലാല, അനില്‍ വര്‍ഗ്ഗീസ്, കിംഗ്‌സ് മുരളി, സജയന്‍ ചങ്കരത്ത്, സി.എന്‍.തങ്കം ടീച്ചര്‍, അജിത രാജന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Exit mobile version