നോവലിസ്റ്റ് ആനന്ദിന് എഴുത്തച്ഛന്‍ പുരസ്‌കാരം.

217

ഇരിങ്ങാലക്കുട:നോവലിസ്റ്റും ചെറുകഥാകൃത്തുമായ ആനന്ദിന് സാഹിത്യരംഗത്തെ സമഗ്ര സംഭാവന പരിഗണിച് അഞ്ച് ലക്ഷം രൂപയുടെ എഴുത്തച്ഛന്‍ പുരസ്‌കാരം.
1936-ല്‍ തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനിച്ച ആനന്ദ് പട്ടാളത്തിലും ഗവണ്‍മെന്റ് സര്‍വീസിലും എഞ്ചിനീയറായിരുന്നു. പി. സച്ചിദാനന്ദന്‍ എന്നാണ് യഥാര്‍ഥ പേര്. ‘ആള്‍ക്കൂട്ടം, മരണസര്‍ട്ടിഫിക്കറ്റ്’ എന്നീ നോവലുകളിലൂടെയാണ് ആനന്ദ് മലയാളവായനക്കാര്‍ക്ക് സുപരിചിതനായത്. മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ‘ആള്‍ക്കൂട്ടം’ ഇന്ത്യന്‍ യുവത്വത്തിന്റെ പ്രശ്നങ്ങള്‍ ആവിഷ്‌ക്കരിക്കുന്നു. ആധുനിക നോവല്‍ സാഹിത്യത്തിലെ ഒരു നാഴികക്കല്ല് എന്നു വിശേഷിപ്പിക്കപ്പെട്ട നോവലാണ് ‘ആള്‍ക്കൂട്ടം’.’അഭയാര്‍ത്ഥികള്‍, മരുഭൂമികള്‍ ഉണ്ടാകുന്നത്, വ്യാസനും വിഘ്നേശ്വരനും, ഗോവര്‍ദ്ധന്റെ യാത്രകള്‍’ എന്നിവ മുഖ്യനോവലുകളാണ്. ‘വീടും തടവും, ഒടിയുന്ന കുരിശ്, ഇര, സംവാദം’ എന്നിവ ചെറുകഥാസമാഹാരങ്ങളും ‘ശവഘോഷയാത്ര’ നാടകവുമാണ്. ‘ഇടപെടലുകള്‍, ആനന്ദിന്റെ ലേഖനങ്ങള്‍, ജൈവമനുഷ്യന്‍, വേട്ടക്കാരനും വിരുന്നുകാരനും, നഷ്ടപ്രദേശങ്ങള്‍’ എന്നിവ ഉപന്യാസ-പഠനഗ്രന്ഥങ്ങളാണ്. ചരിത്രം, രാഷ്ട്രീയം, സാമൂഹ്യശാസ്ത്രം എന്നിവ ആനന്ദിന്റെ കൃതികളുടെ അടിസ്ഥാനഘടകങ്ങളാണ്

 

 

Advertisement