നവരസ സാധന ശില്‍പശാലയില്‍ പ്രഗത്ഭരുടെ പ്രകടനം

141

ഇരിങ്ങാലക്കുട : നടനകൈരളിയില്‍ പതിനഞ്ച് ദിവസം നീണ്ടു നിന്ന നവരസ സാധന പരിശീലിക്കുവാന്‍ ഇന്‍ഡ്യയുടെ നാനാഭാഗത്തു നിന്നും എത്തിചേര്‍ന്ന നടീനടന്മാരുടേയും നര്‍ത്തകരുടേയും നവരസ പ്രകടനത്തോടുകൂടി ശില്‍പശാല സമാപിച്ചു. തന്റെ ക്യാന്‍വാസില്‍ വരച്ചിട്ട കഥാപാത്രങ്ങളെ സജീവമാക്കാന്‍ പഞ്ചേന്ദ്രിയങ്ങളെ പ്രചോദിപ്പിക്കുവാന്‍ തന്റെ സ്റ്റുഡിയോവില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്ന അപൂര്‍വ പ്രതിഭയായ വിശ്വചിത്രകാരന്‍ ലിയോണാര്‍ഡോ ഡാ വിഞ്ചി ഒരു നാട്യാചാര്യനു തുല്യം ഭാവാവിഷ്‌ക്കാരത്തില്‍ ഗവേഷണപഠനം നടത്തിയിട്ടുള്ള കലാകാരനായിരുന്നതുകൊണ്ടാണ് ഈ ശില്‍പശാല അദ്ദേഹത്തിന്റെ അഞ്ഞൂറാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് സമര്‍പ്പിച്ചതെന്ന് ശില്‍പശാല ആചാരന്യന്‍ വേണുജി അഭിപ്രായപ്പെട്ടു. ഒന്‍പതുകൊല്ലം തന്റെ കയ്യില്‍ സൂക്ഷിച്ച് മിനുക്കുപണി ചെയ്തിട്ടും തൃപ്തി വരാത്തചിത്രമാണ് ഇന്ന് വിശ്വവിഖ്യാതി നേടിയ മൊണാലിസ. മൊണാലിസയുടെ അര്‍ത്ഥഗര്‍ഭമായ പുഞ്ചിരിയും കണ്ണുകളുടെ ചൈതന്യവും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കലാനിരൂപകന്‍ ജോര്‍ജ്ജ്. എസ്. പോള്‍ മുഖ്യാതിഥിയായിരുന്നു. വിഖ്യാത ഒഡീസ്സി നര്‍ത്തകന്‍ സൂരജ് സുബ്രഹ്മണ്യം, ഭരതനാട്യം നര്‍ത്തകി അര്‍ച്ചന ഭട്ട് (മൈസൂര്‍), കഥക് നര്‍ത്തകി മേഘ്‌ന റാവു (പൂനെ) തുടങ്ങി പതിനേഴുപേരാണ് നവരസങ്ങള്‍ പൂര്‍ണ്ണമായ ഉള്‍കൊള്ളലോടെ വ്യത്യസ്ത കഥാപാത്രങ്ങളായി പകര്‍നാടിയത്. ഭാരതീയ അഭിനയ പാരമ്പര്യത്തില്‍ നിന്നും ലഭ്യമായ അപൂര്‍വ രത്‌നങ്ങളാണ് നവരസങ്ങളെന്ന്് ജോര്‍ജ്ജ് എസ്. പോള്‍ അഭിപ്രായപ്പെട്ടു.

 

Advertisement