തെരുവു വിളക്കുകള്‍ കത്താത്തതിനെ ചൊല്ലി മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം

140
Advertisement

ഇരിങ്ങാലക്കുട : തെരുവു വിളക്കുകള്‍ കത്താത്തതിനെ ചൊല്ലി മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം, എല്‍. ഡി. എഫ്. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു, യു. ഡി. എഫ്-എല്‍. ഡി. എഫ്. അംഗങ്ങള്‍ തമ്മിലുള്ള വാഗ്വാദം കയ്യാങ്കളിയുടെ വക്കിലെത്തി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ഉത്തരവാദിത്വം നിറവേറ്റാതെ സമരം ചെയ്യുകയാണന്ന് ചെയര്‍പേഴ്‌സണ്‍. വ്യാഴാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിന്റെ ആരംഭത്തില്‍ എല്‍. ഡി. എഫ്. അംഗം പി. വി ശിവകുമാറാണ് വിഷയം ഉന്നയിച്ചത്. ബൈപ്പാസ്സ് റോഡിലടക്കം തെരുവു വിളക്കുകള്‍ കത്തുന്നില്ലെന്നും അപകടത്തിനായി നഗരസഭ കാത്തിരിക്കുകയാണന്നും ശിവകുമാര്‍ കുറ്റപ്പെടുത്തി. ചെയര്‍പേഴ്‌സണു പിന്‍തുണയുമായി വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ്, അഡ്വ വി. സി. വര്‍ഗീസ്, എം. ആര്‍. ഷാജു എന്നിവരും രംഗത്തെത്തിയതോടെ എല്‍. ഡി. എഫ്-യു. ഡി. എഫ് അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാഗ്വാദം നടന്നു. എന്നാല്‍ മുപ്പത്തിമുന്നു വാര്‍ഡുകളില്‍ പൂര്‍ണ്ണമായും അറ്റകുറ്റപണി പൂര്‍ത്തികരിച്ചതായി യു. ഡി. എഫ്. അംഗങ്ങള്‍ അവകാശപ്പെട്ടു. എന്നാല്‍ എന്ന് അറ്റകുറ്റപണി പൂര്‍ത്തികരിക്കുമെന്ന് വ്യക്തമാക്കണമെന്നായിരുന്നു എല്‍. ഡി. എഫ്. അംഗങ്ങളുടെ ആവശ്യം. ഓട്ടോമാറ്റിക് സിസ്റ്റം മാറ്റി സാധാരണ ബള്‍ബുകള്‍ ഇടുന്നതിലൂടെ നഗരസഭക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതായും എല്‍. ഡി. എഫ്്. അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.രൂക്ഷമായ വാക്കേറ്റം നടക്കുന്നതിനിടയില്‍ മാപ്രാണം വര്‍ണ്ണ തിയ്യറ്ററിലെ പാര്‍ക്കിങ്ങ് വിഷയത്തിലേക്ക കടന്നതോടെ വികസനകാര്യ സ്റ്റാന്‍ഡിങ്ങ് ചെയര്‍മാന്‍ കുരിയന്‍ ജോസഫും എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിനും തമ്മില്‍ നടന്ന രൂക്ഷമായ വാക്കേറ്റം പലപ്പോഴും കയ്യാങ്കളിയുടെ വക്കിലെത്തി.ഏറെ നേരം നീണ്ടു നിന്ന തര്‍ക്കത്തിനിടയില്‍ യു. ഡി. എഫ്. അംഗങ്ങളായ അഡ്വ വി. സി. വര്‍ഗീസ്, എം. ആര്‍. ഷാജു എന്നിവര്‍ നടത്തിയ അനുരജ്ഞന ചര്‍ച്ചയിലാണ് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഉച്ചതിരിഞ്ഞ് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്മാരുടെയും, കരാറുകാരുടെയും യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും അടിയന്തിര നടപടി ഉണ്ടാകുമെന്നും അറിയിച്ചത്. അംഗങ്ങള്‍ ഇരിപ്പടത്തിലേക്ക് മടങ്ങിയതോടെ ഇക്കാര്യം ഔദ്യോഗികമായി ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു കൗണ്‍സില്‍ യോഗത്തെ അറിയിക്കുകയായിരുന്നു.നമ്പ്യാങ്കാവ്-ആനന്ദപുരം റോഡില്‍ സ്വകാര്യ വ്യക്തി റോഡ് വെട്ടിപൊളിച്ച് പെപ്പിട്ട സംഭവത്തില്‍ പിഴ അടപ്പിച്ച് നിയമാനുസ്യതമാക്കാനുള്ള നീക്കം നടക്കുന്നതായി ബി. ജെ. പി. അംഗം രമേഷ് വാര്യര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ആരോപിച്ചു. എന്നാല്‍ നഷ്ടപരിഹാര തുടകയെ ചൊല്ലിയും കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം നടന്നു. നഷ്ടപരിഹാരമായി കാണിച്ചിട്ടുള്ള ഒന്‍പതിനായിരം രൂപയുടെ കണക്കിനെ എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിന്‍ ചോദ്യം ചെയ്തു. വാട്ടര്‍ കണക്ഷന്‍ എടുക്കുന്നതിന് പതിനേഴായിരം രൂപയോളം വീട്ടുകാരില്‍ നിന്നും ഇൗടാക്കുമ്പോള്‍ നിയമലംഘനം നടത്തിയ വ്യക്തിക്ക് എന്തടിസ്ഥാനത്തിലാണ് പിഴ സംഖ്യ കുറച്ചു നല്‍കുന്നതെന്ന് വ്യക്തമാക്കമെന്ന് സി. സി. ഷിബിന്‍ ആവശ്യപ്പെട്ടു. മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പിഴ സംഖ്യ തീരുമാനിച്ചിട്ടുള്ളതെന്ന് എഞ്ചിനിയറിങ്ങ് വിഭാഗം ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയെങ്കിലും അംഗങ്ങളുടെ ആവശ്യത്തെ തുടര്‍ന്ന് പരിശോധന നടത്തുമെന്ന് അറിയിക്കുകയായിരുന്നു. എ. കെ. പി. ജംഗ്ഷന്‍ മുതല്‍ ബസ്സ് സ്റ്റാന്‍ഡ് വരെയുള്ളറോഡിന്റെ പുനരുദ്ധാരണ പ്രവ്യത്തിയുടെ പണം കരാറുകാരന് നല്‍കുന്നതു സംബന്ധിച്ചും തര്‍ക്കം നടന്നു. മാസങ്ങള്‍ക്കകം തകര്‍ന്ന റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കരാറുകാരന് പണം നല്‍കുന്നതിനോട് യോജിക്കാനാകില്ലെന്നും, പണം നല്‍കുന്നുണ്ടെങ്കില്‍ വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തില്‍ മാത്രമാകണമെന്നും ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. എന്നാല്‍ റോഡു നിര്‍മാണത്തിലെ അപാകതകളല്ല, സമീപത്തുണ്ടാകുന്ന വെള്ളക്കെട്ടാണ് റോഡ് തകരാന്‍ ഇടയാക്കിയതെന്ന് യു. ഡി. എഫ്. അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സമീപത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തിയ കയ്യേറ്റങ്ങള്‍ ഒഴിവാക്കി വെള്ളക്കെട്ടു ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കമെന്ന് എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാര്‍ ആവശ്യപ്പെട്ടു.തെരുവു വിളക്കുകള്‍ കത്തിക്കുന്നതിന് നടപടി സ്വീകരിക്കാത്തതിനെതിരെ എല്‍. ഡി. എഫ്. അംഗങ്ങള്‍ ചൂട്ട് കത്തിച്ചു പ്രതിഷേധിച്ചു. മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം ആരംഭിക്കുന്നതിനു മുന്‍പ് മുനിസിപ്പല്‍ ഓഫീസിനു മുന്‍പിലായിരുന്നു പ്രതിഷേധം. പി. വി. ശിവകുമാര്‍, വത്സല ശശി, സി. സി, ഷിബിന്‍, എം. സി. രമണന്‍ എന്നിവര്‍ നേത്യത്വം നല്‍കി. …….

 

Advertisement