പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യാന്‍ കൂട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിടണം : യുവജനതാദള്‍

170

ഇരിങ്ങാലക്കുട : അനധികൃത കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ പരോക്ഷമായി പ്രകൃതി വിഭവങ്ങളെ ദുര്‍വ്യയം ചെയ്യാന്‍ കൂട്ട് നില്‍ക്കുകയാണ്. അതിന്റെ പ്രതിഫലനങ്ങളാണ് ഉരുള്‍പൊട്ടലുകളും പ്രളയകെടുതികളും.പരിസ്ഥിതിയെ വിനാശത്തിലേക്ക് തള്ളിവിടുന്ന ദുര പൂണ്ട ഇത്തരം ഉദ്യോഗസ്ഥ പുഴുക്കുത്തുകളെ സര്‍വ്വീസില്‍ നിന്ന് ടെര്‍മിനേറ്റ് ചെയ്യണമെന്ന് എല്‍.വൈ.ജെ.ഡി. ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരെപ്പാടന്‍ അവശ്യപ്പെട്ടു. പശ്ചിമഘട്ടം സംരക്ഷിക്കുക, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പഠനവിധേയമായി നടപ്പിലാക്കുക, അനധികൃത ക്വാറികള്‍ അടച്ചു പൂട്ടുക എന്നീ ആവശ്യങ്ങളുന്നയിച്ച് ലോക് താന്ത്രിക് യുവജനതാദള്‍ കേരള മുഖ്യമന്ത്രിയ്ക്ക് ഒക്ടോബര്‍ 18 ന് നല്‍കുന്ന ഭീമ ഹര്‍ജിയുടെ ഒപ്പ് ശേഖരണാര്‍ത്ഥം ഇരിഞ്ഞാലക്കുട മണ്ഡലം കമ്മിറ്റി ഇന്‍സൈറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്ത തിരകഥാകൃത്ത് സിബി കെ. തോമാസ് ആദ്യ ഒപ്പ് രേഖപ്പെടുത്തി, ജൈവകര്‍ഷകന്‍ ടോം കിരണ്‍, സിനിമ സംവിധായകന്‍ തോംസന്‍, തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ളവരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒപ്പ് രേഖപ്പെടുത്തി. ഒരോ മണ്ഡലത്തില്‍ നിന്നും വിവിധ രീതിയിലുള്ള ബോധവത്കരണ – പ്രചരണ പരിപാടികളിലൂടെ അയ്യായിരം ഒപ്പ് വീതം ശേഖരിക്കുന്നു. സംസ്ഥാന കമ്മിറ്റിയംഗം വര്‍ഗ്ഗീസ് തെക്കേക്കര അദ്ധ്യക്ഷത വഹിച്ചു. പോളി കുറ്റിക്കാടന്‍, അഡ്വ. പാപ്പച്ചന്‍ വാഴപ്പിള്ളി, ടി.വി.ബാബു, ഷെല്ലി തുടങ്ങിയവര്‍ സംസാരിച്ചു..

 

Advertisement