സുനിതടീച്ചറെ ചെയര്‍പേഴ്‌സണ്‍ അനുമോദിച്ചു

248
Advertisement

ഇരിങ്ങാലക്കുട: ആറുവര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് എസ്.എന്‍.ഹയര്‍ സെക്കന്ററി സ്‌കൂള്‍. 2013ല്‍ കെ. മായ ടീച്ചറിലൂടെ സംസ്ഥാന അവാര്‍ഡ് നേടിയ എസ്.എന്‍. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇക്കുറി ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ കെ.ജി. സുനിത ടീച്ചറിലൂടെയാണ് വീണ്ടും പുരസ്‌ക്കാരമെത്തിയത്. 1991 സെപ്തംബറില്‍ എയ്ഡഡ് മേഖലയില്‍ ഹയര്‍ സെക്കന്ററി തുടങ്ങിയപ്പോള്‍ ജില്ലയില്‍ ഇരിങ്ങാലക്കുട എസ്.എന്‍. എച്ച്.എസ്.എസ്സില്‍ അധ്യാപികയായി സേവനമാരംഭിച്ച സുനിത ടീച്ചര്‍ 2005 മുതല്‍ പ്രിന്‍സിപ്പാളായി പ്രവര്‍ത്തിച്ചുവരികയാണ്. 2000 മുതല്‍ 2005 വരെ തൃശ്ശൂര്‍ ജില്ലയിലെ പ്രാക്റ്റിക്കല്‍ ചീഫ് എക്സാമിനറായും എസ്.എന്‍.ലൈബ്രറിയിലെ സര്‍ഗ്ഗജാലകം നോവല്‍ സാഹിത്യയാത്ര പരിപാടിയിലെ കോ- ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു. 2016ല്‍ നാലുലക്ഷം രൂപ ചിലവഴിച്ച് സ്‌കൂളില്‍ അമ്പതിനായിരം ലിറ്ററിന്റെ മഴവെള്ള സംഭരണിയും ശുദ്ധീകരണ സംവിധാനങ്ങളും ഒരുക്കിയതും സുനിത ടീച്ചറാണ്. ഹയര്‍ സെക്കന്ററിയില്‍ നൂറുശതമാനം വിജയം എന്നതാണ് തന്റെ സ്വപ്നമെന്ന് അവാര്‍ഡ് സ്‌കൂളിനായി സമര്‍പ്പിച്ച് ടീച്ചര്‍ പറഞ്ഞു. 18 വര്‍ഷത്തോളം മികച്ച രീതിയില്‍ സ്‌കൂളിനെ മുന്നോട്ടുകൊണ്ടുപോകുകയെന്ന ശ്രമകരമായ ദൗത്യം നിര്‍വ്വഹിച്ച ടീച്ചര്‍ക്ക് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡെന്ന് സ്‌കൂള്‍ മാനേജര്‍ ഡോ. സി.കെ. രവി പറഞ്ഞു. മാപ്രാണം കക്കാട്ട് ടെമ്പിള്‍ റോഡില്‍ കാരണയില്‍ പീതാംബരനാണ് ഭര്‍ത്താവ്. മകള്‍ ശ്രീദേവി ബിടെക്ക് ബിരുദധാരിയാണ്. മികച്ച ഹയര്‍ സെക്കന്‍ഡറി അധ്യാപികയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരം നേടിയ കെ.ജി. സുനിതയെ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു ഉപഹാരം നല്‍കി അനുമോദിച്ചു. കൗണ്‍സിലര്‍മാരായ വി.സി. വര്‍ഗീസ്, എം.ആര്‍. ഷാജു, ബേബി ജോസ് എന്നിവരും ചെയര്‍പേഴ്സനോടൊപ്പമുണ്ടായിരുന്നു.

 

Advertisement