കഠിനാധ്വാനിയും വിദ്യഭ്യാസപ്രവര്‍ത്തകനുമായ തെക്കച്ചന്‍ മരിച്ചിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം പിന്നിടുന്നു

270

ഇരിങ്ങാലക്കുട : സമൂഹനന്മ ലക്ഷ്യമാക്കിയ കഠിനാധ്വാനിയായ വിദ്യഭ്യാസപ്രവര്‍ത്തകന്‍ – ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പലായിരുന്ന ഫാ.ജോസ് തെക്കന്‍ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം പിന്നിടുന്നു. ക്രൈസ്റ്റ് കോളേജിനെ ദേശീയ നിലവാരത്തില്‍ എത്തിച്ചതിനു അദ്ദേഹം വഹിച്ച പങ്കും കഠിനാധ്വാനവും, വളരെ വലുതായിരുന്നു. പ്രിന്‍സിപ്പല്‍, മികച്ച രസതന്ത്രം അധ്യാപകന്‍ തുടങ്ങിയ വിവിധ മേഖലകല്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം പ്രായഭേദമന്യേ എല്ലാവരോടും സൗഹൃദ മനോഭാവം വച്ചു പുലര്‍ത്തുന്ന ആളായിരുന്നു. എല്ലാ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളേയും ഒരേ പോലെ കണ്ട അദ്ദേഹം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും ഉറ്റ ചങ്ങാതിയായിരുന്നു. 1996 ല്‍ ക്രൈസ്റ്റ് കോളേജില്‍ ജൂനിയര്‍ ലക്ചററായി ജോയിന്‍ ചെയ്ത അദ്ദേഹം 2007 മുതല്‍ ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പലായിരുന്നു. അവസാന നാളുകളില്‍ ആറുവര്‍ഷത്തോളം അദ്ദേഹം ഹൃദ്രോഗത്തിനടിമപ്പെട്ടെങ്കിലും കര്‍മ്മ നിരതനായിരുന്നു. കാഞ്ഞിരപ്പിള്ളി വില്ലേജിലെ പരിയാരത്ത് തെക്കന്‍ വീട്ടില്‍ മാത്യൂവിന്റെയും താണ്ടമയുടെയും അഞ്ചാമത്തെ മകനായി ജനനം.തൂമ്പാകോട് എല്‍ പി സ്‌കൂളിലും കുറ്റികാട് ഹൈസ്‌കൂളിലും പാവറട്ടി ഹയര്‍സെക്കന്ററി സ്‌കൂളിലും പ്രഥാമിക വിദ്യഭ്യാസം പൂര്‍ത്തിയാക്കി.എല്‍ത്തുരുത്ത് സെന്റ് അല്യോഷസ് കോളേജില്‍ നിന്ന് പ്രിഡ്രിഗ്രിയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്നും കോഴിക്കോട് സര്‍വ്വകലാശാലയുടെ രസതന്ത്രത്തില്‍ മൂന്നാം റാങ്കോടെ ബിരുദവും ക്രൈസ്റ്റ് കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.1996 ല്‍ ക്രൈസ്റ്റ് കോളേജില്‍ ജൂനിയര്‍ ലക്ചറര്‍ ആയി ഔദ്യോദിക ജീവിതം ആരംഭിച്ച ഫാ. ജോസ് തെക്കന്‍ 2007 ല്‍ കമ്പ്യൂട്ടേഷ്യന്‍ കെമിസ്ട്രിയില്‍ പി എച്ച് ഡി കരസ്ഥമാക്കി അതേവര്‍ഷം ക്രൈസ്റ്റ് കോളേജില്‍ പ്രിന്‍സിപ്പള്‍ ആയി ചുമതലയേറ്റു.കോഴിക്കോട് സര്‍വ്വകലാശാല സെനറ്റ് അംഗം,യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് ഗ്രിവന്‍സ് റിഡ്രസല്‍ കമ്മിറ്റിയംഗം,അമല മെഡിക്കല്‍ കോളേജ് എത്തിക്‌സ് കമ്മറ്റി ചെയര്‍മാന്‍, സ്‌നേഹഭവന്‍ ഭരണസമിതിയംഗം, കാത്തലിക്ക് സെന്റര്‍ ഭരണ സമിതിയംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു.ഏഴ് വര്‍ഷത്തോളമായി ക്രിസ്റ്റ്യന്‍ ഹയര്‍സെക്കന്ററി എജ്യുക്കേഷന്‍ ഇന്‍സ്റ്റൂഷ്യന്‍ പ്രസിഡന്റായും കോഴിക്കോട് സര്‍വ്വകലാശാല അക്കാഡമിക്ക് സ്റ്റാഫ് കോളേജിന്റെ ഉപദേശകസമിതിയംഗംമായും പ്രവര്‍ത്തിച്ചിരുന്നു. ക്രൈസ്റ്റ് കോളേജിനെ വിജയങ്ങളുടെ ഉന്നതിയില്‍ എത്തിച്ച മങ്ങാടികുന്നിലെ വിദ്യാജ്യോതിയെ ഈ അവസരത്തില്‍ ഇരിങ്ങാലക്കുട ഡോട്ട കോം അനുസ്മരിക്കുന്നു.

Advertisement