കേശവന്‍ നായരുടെ സാറാമ്മ നൃത്തച്ചുവടുകളുമായി രംഗത്ത്.

247

ഇരിങ്ങാലക്കുട: വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമലേഖന’ത്തിലെ നായിക സാറാമ്മ തന്റെ സുരഭില സുന്ദരമായ ഹൃദയാനുഭൂതികളുടെ നവം നവ്യമായ ഈരടികള്‍ പാടി ചടുലമായ ചുവടുകള്‍ വെച്ച് രംഗത്ത്. ലൈബ്രറി കൗണ്‍സില്‍ കഴിഞ്ഞ ദിവസം വെള്ളാങ്ങല്ലൂര്‍ ബ്‌ളോക്ക് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയിലാണു് സാറാമ്മയുടെ നൃത്തച്ചുവടുകളുമായി ഇരിങ്ങാലക്കുട എസ്.എന്‍.ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കൃഷ്‌ണേന്ദു,ദിവ്യ, അനഘ, ആര്യ എന്നീ വിദ്യാര്‍ത്ഥിനികള്‍ സദസ്സിനെ കയ്യിലെടുത്തത്.’യൗവ്വനതീക്ഷ്ണം സുരഭില സുന്ദരം മധുരോദാരമീ പ്രേമലേഖനം’ എന്നു തുടങ്ങുന്ന ഗാനത്തില്‍ കഴുകിത്തുടച്ച തൂവാനം പോലെ അപാര വിസ്മയമാണു് തനിക്ക് കേശവന്‍ നായര്‍ തന്ന പ്രേമലേഖനമെന്ന് സാറാമ്മ വിശേഷിപ്പിക്കുന്നു. ‘എന്തിനു കാര്‍മുകില്‍ എന്തിനു കൂരിരുള്‍ ഇത്ര മനോഹ തീരങ്ങളില്‍…നിലാവൊഴുകും പ്രണയ വീഥികളില്‍ നിശാഗന്ധിയാവാനെന്തു രസം’ എന്ന് സാറാമ്മ പാടി നിര്‍ത്തുമ്പോള്‍ കാലാതിവര്‍ത്തിയായ ബഷീറിയന്‍ പ്രണയ വീക്ഷണത്തിന്റെ നേര്‍ക്കാഴ്ചയായി അത് മാറുന്നു. ഖാദര്‍ പട്ടേപ്പാടം രചിച്ച വരികള്‍ക്ക് ഹിന്ദോള രാഗത്തില്‍ അസീസ് ഗുല്‍സാറാണു` ഈണം പകര്‍ന്നിരിക്കുന്നത്.ആലാപനം സുജാത. അഡ്വ.വി.ആര്‍ സുനില്‍ കുമാര്‍ എം.എല്‍.എ നര്‍ത്തകിമാരെ പാരിതോഷികം നല്കി ആദരിച്ചു.

 

 

Advertisement