കച്ചേരി വളപ്പില്‍ സംഭവിച്ചത് എന്ത് ?

547

 

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ദേവസ്വം വക കച്ചേരി വളപ്പില്‍ മുന്‍സിപ്പാലിറ്റി അധിക്യതര്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നുവെന്ന് അറിഞ്ഞു ദേവസ്വം അധിക്യതര്‍ അവിടെയെത്തുകയും ദേവസ്വത്തെ അറിയിക്കാതെ ദേവസ്വം ഭൂമിയിലെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ മതിലിനടിയിലൂടെ ദ്വാരങ്ങള്‍ ഉണ്ടാക്കുന്നത് ശരിയല്ല എന്നുപറയുകയും ചെയ്തു.അങ്ങനെ കച്ചേരിവളപ്പില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട് എങ്കില്‍ ദേവസ്വത്തെ അറിയിക്കേണ്ട ചുമതലയുണ്ടെന്നും അല്ലാതെ പ്രവര്‍ത്തനങ്ങളെ അംഗികരിക്കാന്‍ കഴിയില്ലെന്നും അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് ഏതാനും വിരലിലെണ്ണാവുന്ന അഭിഭാഷകര്‍ (ഭൂരിഭാഗം അഭിഭാഷകരും, ബാര്‍ അസോസിയേഷന്‍ ഭാരവാഹികളും ദേവസ്വത്തിനെതിരല്ല) ദേവസ്വം സ്റ്റാഫിനോടും അഡ്മിനിസ്ട്രേറ്ററോടും വളരെ മോശമായി സംസാരിക്കുകയുണ്ടായി .പിന്നീട് അവിടെത്തിയ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനോട് കാര്യങ്ങള്‍ ബോധിപ്പിച്ചു.ഉത്സവം തുടങ്ങുന്ന മേയ് 14 നു മുന്‍പായി ദേവസ്വത്തിന് വിട്ടു നല്‍കിയ പഴയ താലൂക്ക് record room കെട്ടിടം പൊളിച്ചുമാറ്റി റോഡില്‍ നിന്നും താഴ്ന്നു കിടക്കുന്ന കോടതിയുടെ മുന്‍വശം ഉയര്‍ത്തി മുന്‍വശത്ത് കൂടി വാഹനങ്ങള്‍ കയറ്റുവാനും പിന്‍വശത്തുകൂടി ഇറങ്ങുവാനുമുള്ള വിപുലമായ കാര്യങ്ങളാണ് ദേവസ്വം വിഭാവനം ചെയ്തിരുന്നത്. അതിനു മുന്നോടിയായി കെട്ടിടം പൊളിച്ചു മാറ്റുവാനുമുള്ള എല്ലാം നടപടികളും പൂര്‍ത്തീകരിച്ച് പൊളിക്കുവാന്‍ പോകുമ്പോള്‍ ആണ് കോടതി ഇടപ്പെട്ട് നടപടികള്‍ നിര്‍ത്തിവയ്ക്കുകയും മേലാല്‍ കോടതി അറിയാതെ അവിടെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ നടത്താന്‍ പാടില്ലെന്ന് കോടതി കത്ത് മുഖേന അറിയിച്ചതും. ഈ കാരണത്താല്‍ മഴ പെയ്ത് വെള്ളക്കെട്ട് ഉണ്ടായത് സ്വാഭാവികം മാത്രം. നാളിതു വരെ കോടതിയുടെ ഭാഗത്തു നിന്നും വെള്ളക്കെട്ട് മാറ്റുന്നതിനോ മറ്റോ ബന്ധപ്പെട്ട ഒരു നടപടിയും ചെയ്യണമെന്ന് ദേവസ്വത്തോട് ആവശ്യപ്പെട്ടിട്ടില്ല. ഈ കാര്യങ്ങള്‍ മജിസ്‌ട്രേറ്റിനെ ബോധിപ്പിക്കുകയും അദ്ദേഹം എത്രയും പെട്ടെന്ന് ദേവസ്വത്തിന് കത്ത് നല്‍കാമെന്നും അറിയിച്ചു. ഇന്ന് കാലത്ത് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ചന്ദ്രഹാസന്‍ ദേവസ്വം ഓഫീസില്‍ വരുകയും രേഖാമൂലമുള്ളഅഭ്യര്‍ത്ഥന ദേവസ്വത്തിന് കൈമാറുകയും ചെയ്തു. തീര്‍ച്ചയായും വെള്ളക്കെട്ട് മാറ്റുന്നതിനുള്ള കാര്യങ്ങള്‍ ദേവസ്വം ചെയ്യുന്നതായിരിക്കും .ഇതിന്റെ ഭാഗമായി കോടതി വളപ്പില്‍ മഴമാപിനി സ്ഥിതി ചെയ്തിരുന്ന ഒരു സെന്റ് സ്ഥലത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് മഴകുഴി നിര്‍മ്മിച്ച് വെള്ളം ഇതിലേക്ക് തിരിച്ചുവിടും, ഇതോടൊപ്പം വെള്ളം കെട്ടി നില്‍ക്കുന്ന കോടതി വളപ്പില്‍ ക്വാറി വേസ്റ്റടിക്കും, ഇതിന്റെ ചിലവ് ദേവസ്വവും ബാര്‍ അസോസിയേഷനും സംയുക്തമായി നിര്‍വ്വഹിക്കു.കൂടാതെ കോടതിയുടെ മുന്‍വശത്തെ മര ചില്ലകള്‍ മാറ്റുവാനും തീരുമാനിച്ചു. ബഹുഭൂരിപക്ഷം അഭിഭാഷകര്‍ക്കും കോടതിയിലെ മാറ്റ് ജിവനക്കാര്‍ക്കും ഈ കാര്യങ്ങള്‍ അറിയാമെന്നിരിക്കെ ,ഏതാനും ചില അഭിഭാഷകര്‍ നടത്തിയ രോഷപ്രകടനം ചില കുത്സിത താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ്.
2014 ഫെബ്രുവരിയില്‍ കൈമാറിയ കച്ചേരിവളപ്പ് 6 മാസത്തിനുള്ളില്‍ തന്നെ ദേവസ്വത്തിന് ഏല്പിക്കാമെന്ന് പറഞ്ഞിട്ട് വര്‍ഷം 5 കഴിഞ്ഞിട്ടും ഇന്നും ഓരോ മൂട്ടുന്യായങ്ങള്‍ പറഞ്ഞു യാതൊരു വാടകയും കൊടുക്കാതെ വളരെയധികം സാമ്പത്തിക ബാധ്യതയുള്ള ദേവസ്വത്തിനെ വീണ്ടും പഴിക്കുന്നതില്‍ ഭക്തജനങ്ങള്‍ക്കും ദേവസ്വത്തിനും പ്രതിഷേധം ഉണ്ട്.

Advertisement