ഇരിങ്ങാലക്കുട :കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ ഭാഗമായി അപൂര്‍വ്വമായ ഭക്തിയും ആസ്വാദനവും നല്‍കുന്ന കഥയാണ് വലിയവിളക്കുനാളിലെ ശ്രീരാമപട്ടാഭിഷേകം കഥകളി.കൂടല്‍മാണിക്യം ഉത്സവവുമായി ബന്ധപ്പെട്ട് നൂറിലേറെ വര്‍ഷത്തെ പഴക്കമുണ്ട് പട്ടാഭിഷേകം കഥകളിയ്ക്ക്. കൂടല്‍മാണിക്യം ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് രാമായണ കഥാസന്ദര്‍ഭം ആട്ടക്കഥയാക്കിയ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ കൃതിയാണ് ശ്രീരാമപട്ടാഭിഷേകം. വനവാസം കഴിഞ്ഞ് അയോദ്ധ്യയിലേയ്ക്ക് തിരിച്ചെത്തേണ്ട ശ്രീരാമാദികളെ കാണാഞ്ഞ് അഗ്നി പ്രവേശത്തിനൊരുങ്ങുന്ന ഭരതന്റെ അടുത്ത് ശ്രീരാമന്റെ ആഗമന വാര്‍ത്ത ഹനുമാന്‍ അറിയിക്കുന്നതും ഭരതന്‍ സന്തുഷ്ട ചിത്തനായി നില്‍ക്കുന്നതും ആണ് രാമായണത്തില്‍ വിവരിച്ചിരിക്കുന്നത്. അങ്ങനെ സന്തുഷ്ട ചിത്തനായിരിക്കുന്ന ഭരതനാണ് ശ്രീകൂടല്‍മാണിക്യം സ്വാമി. ഹനുമാന്റെ രംഗപ്രവേശം വെളിവാക്കുന്ന ശ്രീകോവിലിന്റെ തെക്കുഭാഗത്തുള്ള തിടപ്പള്ളിയിലെ ഹനുമാന്‍ സങ്കല്‍പ്പവും ഇതിനോട് ചേര്‍ന്ന് പോകുന്നതാണ്. പടിഞ്ഞാറെ നടപ്പുരയില്‍ മേളം കഴിഞ്ഞാല്‍ സ്പെഷ്യല്‍ പന്തലില്‍ പട്ടാഭിഷേകത്തിനായി വിളക്ക് കൊളുത്തും. പച്ച, കത്തി, കരി, താടി മിനുക്ക് തുടങ്ങീ കഥകളിയിലെ എല്ലാ വേഷങ്ങളും പട്ടാഭിഷേകത്തിന്റെ ഭാഗമായി അരങ്ങത്തെത്തും. രാവണനെ വധിച്ച് സീത അഗ്നിശുദ്ധി വരുത്തുന്ന സീതാ രാമ സംഗമത്തോടെയാണ് കളിക്ക് തുടക്കമാവുക. തുടര്‍ന്ന് ശ്രീരാമന്‍ ഭരതനു നല്‍കിയ വാക്ക് സീതാദേവിയെ ഓര്‍മ്മിപ്പിക്കുകയും പുഷ്പകവിമാനം കൊണ്ടുവന്ന് ലക്ഷ്മണനേയും വിഭീഷണനേയും സുഗ്രീവനേയും ഹനുമാനേയും കൂട്ടി അയോദ്ധ്യയിലേയ്ക്ക് യാത്രയാകുന്നതും ഹനുമാനെ ഭരതസന്നിധിയിലേക്ക് അയക്കുന്നതുമായ രംഗമാണ് അഭിനയിക്കുന്നത്. അഗ്നിപ്രവേശനത്തിനൊരുങ്ങുന്ന ഭരതന്റെ അടുത്തേക്ക് അലങ്കരിച്ച തേരില്‍ ശ്രീരാമനും സീതയും ലക്ഷ്മണനും സുഗ്രീവനും എത്തിച്ചേരുകയും ശ്രീരാമന്‍ ഭരതനെ ആലിംഗനം ചെയ്യുന്ന വികാരനിര്‍ഭരമായ രംഗവും അഭിനയിച്ചു. തുടര്‍ന്ന് വാദ്യഘോഷങ്ങളുടെ രാജകീയ പ്രൗഢിയില്‍ സീതാ രാമ അനുചരന്‍മാര്‍ക്കൊപ്പം വന്നെത്തുകയും കലശകുടങ്ങളില്‍ നിറച്ച തീര്‍ത്ഥജലം അഭിഷേകം ചെയ്യുകയും ചെയ്യും. ശ്രീരാമന്റെ പട്ടാഭിഷേകം മനംനിറയെ ദര്‍ശിച്ച് സാഫല്യമടയുവാനും നേദ്യം സ്വീകരിക്കുവാനും ഭക്തജനങ്ങള്‍ക്ക് ഈ കലാധരണത്തില്‍ സന്ദര്‍ഭമുണ്ട്. എഴുന്നള്ളിപ്പിനുപയോഗിക്കുന്ന കുടകളും, ആലവട്ടവും, വെഞ്ചാമരവുമാണ് ശ്രീരാമാദികളെ ആനയിക്കുവാന്‍ ഉപയോഗിക്കുന്നത്. അതുപോലെ അഭിഷേകത്തിനായി തീര്‍ത്ഥജലവും കുലീപിനി തീര്‍ത്ഥ ജലവും ക്ഷേത്രത്തിനകത്തുനിന്നുള്ള കലശകുടങ്ങളുമാണ് ഉപയോഗിക്കുന്നത്. വേദിയില്‍ എത്തുന്നവരെ കൃഷ്ണമൂടി ചൂടുന്ന ശ്രീരാമന്‍ വട്ടകിരീടമണിയുന്നതും ഹനുമാന് ഉപഹാരം നല്‍കുന്നതും ഭരതന്‍ ശ്രീരാമനെ ആനയിക്കുവാനായി വേദിയില്‍ നിന്ന് ഇറങ്ങിയോടുന്നതും കഥയിലെ പ്രധാന സന്ദര്‍ഭങ്ങളാണ്.
അരങ്ങില്‍ : സദനം കൃഷ്ണന്‍കുട്ടി,കലാനിലയം രാഘവന്‍,കരുണാകരക്കുറുപ്പ്,ഗോപി,ഗോപിനാഥന്‍,വാസുദേവപ്പണിക്കര്‍,കലാമണ്ഡലം ചമ്പക്കര വിജയകുമാര്‍,തൃപ്പയ്യ പീതാംബരന്‍,ഡോ.രാജീവ് (അര്‍ സി സി),വിനോദ് വാര്യാര്‍,കലാനിലയം മനോജ്,സുന്ദരന്‍,പ്രവീണ്‍,ഋഷികേശ്,വിശ്വജിത്ത് തമ്പാന്‍,വിഷ്ണു,ഗോകുല്‍,വസുദേവ് തമ്പാന്‍.
പാട്ട് : കലാമണ്ഡലം രാജേന്ദ്രന്‍ ,രാമകൃഷ്ണന്‍,ഹരി,സിനു,രാജേഷ് മോനേന്‍
ചെണ്ട : കലാനിലയം കുഞ്ചുണ്ണി,കലാമണ്‍ലം ശിവദാസ്,കലാനിലയം ഉണ്മികൃഷ്ണന്‍
മദ്ദളം ; കലാനിലയം പ്രകാശന്‍,ഉണ്മികൃഷ്ണന്‍,ശ്രീജിത്ത്.
ചുട്ടി : കലാനിലയം ശങ്കരനാരായണന്‍,കലാനിലയം പ്രശാന്ത്,ശ്യാം മനോഹര്‍.

 
                                    
