ശ്രീകൂടല്‍മാണിക്യ ഉത്സവത്തില്‍ ഇന്ന് വലിയവിളക്ക്

320
Advertisement

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ 8ാം ഉത്സവദിനമായ ഇന്ന് വലിയവിളക്കാഘോഷം.  സംഗമപുരിയില്‍ സ്വര്‍ണ്ണതാളങ്ങളാല്‍ പ്രഭാപൂരിതമാകുന്ന ഉത്സവത്തിന്റെ അവസാനത്തെ വിളക്കു കൂടിയാണ്. ശ്രീകോവിലിനു ചുറ്റും ശ്രീകോവില്‍ പടികളിലും വാതില്‍മാടങ്ങളിലും ഇടനാഴിയിലും പുറത്ത് ചുറ്റുവിളക്ക് മാടത്തിലും ദീപസ്തംഭങ്ങളിലും ദീപങ്ങള്‍ നിറയും. കൊടിമരത്തിന്റെ കിഴക്ക് തട്ടുള്ള വലിയ ദീപസ്തംഭത്തിലും കുലീപിനി തീര്‍ത്ഥകുളത്തിന്റെ 4 വശങ്ങളിലും ദീപാലാങ്കൃതമാകും. ചുറ്റമ്പലത്തിനകത്ത് കത്തിച്ചുവെച്ച ചിരാതുകള്‍ ക്ഷേത്രത്തിനകം രാത്രിയെ പകലാക്കും. വലിയവിളക്കിനോടനുബന്ധിച്ച് നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിന് ചെറുശ്ശേരി കുട്ടന്‍മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം അരങ്ങേറും. സാധാരണ വിളക്കെഴുന്നള്ളിപ്പിനേക്കാള്‍ ദൈര്‍ഘ്യം കൂടും വലിയ വിളക്കിന്. കൂടല്‍മാണിക്യം ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട രാമായണകഥാസന്ദര്‍ഭം ആട്ടക്കഥയാക്കിയ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ കൃതിയാണ് ശ്രീരാമപട്ടാഭിഷേകം. പട്ടാഭിഷേകം കഥകളിയില്‍ പങ്കെടുക്കുവാനും നേദ്യം സ്വീകരിക്കാനും ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലേയ്ക്ക് എത്തിച്ചേരുക. ശ്രീകൂടല്‍മാണിക്യം തിരുവുത്സവം ഇരിങ്ങാലക്കുട ഡോട്ട് കോമില്‍  തത്സമയം സംപ്രേഷണം ചെയ്യും.