തീര്‍ത്ഥക്കര പ്രദക്ഷിണം ഭക്തിനിര്‍ഭരം

410

ഇരിങ്ങാലക്കുട ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി ദിവസവും ശീവേലിക്കും എഴുന്നള്ളിപ്പിനും തീര്‍ത്ഥക്കര പ്രദക്ഷിണ വഴിയിലൂടെ നടക്കുന്ന 17 ആനകളുടെ അകമ്പടിയോടെയുള്ള ഭഗവാന്റ പ്രദക്ഷിണം ഏറെ ഭക്തിനിര്‍ഭരവും നയനാനന്ദകരവുമാണ്. ദിവസവും ഉച്ചയ്ക്ക് ശീവേലിയുടെ അവസാനത്തില്‍ മേടവെയിലിന്റെ പ്രഭയില്‍ ജ്വലിക്കുന്ന ആനച്ചമയങ്ങളുടെ ഭംഗിയില്‍ പ്രദക്ഷിണ വഴിയിലൂടെയുളള ഭഗവാന്റെ പ്രദക്ഷിണം കാണാന്‍ വന്‍ഭക്തജനത്തിരക്കാണ് ദിവസം തോറും അനുഭവപ്പെട്ടുക്കൊണ്ടിരിക്കുന്നത്. പ്രദക്ഷിണ വഴിക്ക് സമീപമുള്ള കുലീപനി തീര്‍ത്ഥക്കുളം വളരെ ഐതീഹ്യപ്രദാനവും ആത്മീയ പ്രാധാന്യം ഉള്ളതുമാണ്. കുലീപനി മഹര്‍ഷി യാഗം നടത്തിയ യാഗശാലയായിരുന്നു ഇന്നു കാണുന്ന കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ മതില്‍ക്കകം എന്നു വിശ്വസിക്കപ്പെടുന്നു. യാഗശാലയിലെ ഹോമകുണ്ഡങ്ങളില്‍ പ്രധാനപ്പെട്ട ആ ഹവനീയ കുണ്ഡത്തില്‍ യജ്ഞത്തിന്റെ അവസാനത്തില്‍ ഭഗവാന്‍ പ്രത്യക്ഷപ്പെട്ട് യാഗം നടത്തിയിരുന്ന മഹര്‍ഷിമാരേയും ഭക്തജനങ്ങളേയും അനുഗ്രഹിക്കുകയും ചെയ്തിരുന്നു. അന്ന് ഭഗവാന്‍ പ്രത്യക്ഷപ്പെട്ട സ്ഥലത്താണ് ഇന്നത്തെ ശ്രീകോവിലിനകത്തെ ഭഗവാന്റെ പ്രതിഷ്ഠ. ഹോമത്തിന്റെ അവസാനത്തില്‍ ഹോമത്തില്‍ പങ്കാളികളായുളള ദിവ്യ മഹര്‍ഷിമാരും ഭക്തരുമെല്ലാം അവിടെ പെട്ടെന്ന് രൂപപ്പെട്ട തീര്‍ത്ഥകുളത്തില്‍ സ്നാനം ചെയ്ത് പുണ്യം നേടിയതായി വിശ്വസിക്കപ്പെടുന്നു. ഗംഗ, യമുന, സരസ്വതി എന്നീ നദികളുടെ ഭൂഗര്‍ഭ ഉറവകള്‍ സംഗമിച്ച് രൂപപ്പെട്ട ആ തീര്‍ത്ഥക്കുളമാണ് ഇന്ന് ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് കാണപ്പെടുന്ന കുലീപിനി തീര്‍ത്ഥം. ഈ തീര്‍ത്ഥക്കുളത്തിലെ മത്സ്യങ്ങളെല്ലാം ദൈവഗണത്തില്‍പ്പെട്ട അവതാരങ്ങളായി വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ഈ കുളത്തിലെ മീനൂട്ട് വളരെ ശ്രേഷ്ഠമായി ഭക്തജനങ്ങല്‍ കാണുന്നു. പ്രദക്ഷിണ സമയത്ത് വടക്കെ നടയില്‍ കൊട്ടുന്ന ചെമ്പട മേളത്തിനും വളരെ പ്രാധാന്യമുണ്ട്. വടക്കെ നടയില്‍ ചെമ്പടതാളത്തില്‍ ചെണ്ടയില്‍ കലാകാരന്മാര്‍ വകവായിച്ച് ആസ്വാദകരെ ആനന്ദത്തിലാഴ്ത്തും. കൂടല്‍മാണിക്യത്തിലെ ചെമ്പട പണ്ടുമുതല്‍ക്കെ പ്രസിദ്ധമായ കലാ അവതരണമാണ്. ഇന്നും ചെമ്പട മേളം കേള്‍ക്കാനുളള ആസ്വാദകരുടെ തിക്കും തിരക്കും അതിന്റെ പ്രാധാന്യം ഒട്ടുംതന്നെ കുറഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കുന്നു.

 

Advertisement