കൂടല്‍മാണിക്യം ക്ഷേത്രോത്സവം: ഇരിങ്ങാലക്കുടയുടെ ഗൃഹാതുരത്വത്തിന് വാതില്‍ തുറക്കുകയായി  

233
ഇരിങ്ങാലക്കുടയുടെ ഗൃഹാതുരത്വത്തിന് വാതില്‍ തുറക്കുകയായി. കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തിന്റെ ആരവമുയരുകയാണ്, അതോടൊപ്പം അവനവനെ അവനവനാക്കുന്നതിന്റെ അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ക്കും കൊടികൂറയുയരുന്നു. ഇരിങ്ങാലക്കുടയെ സംബന്ധിച്ചിടത്തോളം ഈ ക്ഷേത്രം സാംസ്‌കാരികമായും സാമൂഹ്യമായും അനാദിതാളമായി വര്‍ത്തിയ്ക്കുന്നു. യുഗങ്ങള്‍  മാറിമറഞ്ഞാലും ജനതയുടെ ഒഴുക്കും ഓജസ്സും താല്‍പ്പര്യങ്ങളും വിഭിന്നമായാലും നമ്മെ ഒന്നാക്കി നിലനിര്‍ത്തുന്ന, ആചാര അനുഷ്ഠാന സങ്കല്‍പ്പങ്ങള്‍ക്ക് ആക്കവും തൂക്കവും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. പൂരങ്ങളുടെയെല്ലാം അവസാനം വര്‍ഷകാലവധുവിന്റെ ആഗമനമറിയിച്ചുകൊണ്ട് വാദ്യഘോഷങ്ങള്‍ പോലെ ഇടിയും മിന്നലുമായി പ്രകൃതി തന്നെ ഈ ഉത്സവാഘോഷങ്ങള്‍ക്ക് അന്ത്യമൊരുക്കുകയാണ്. തിരുവോണത്തിനുപോലും നാട്ടിലെത്താന്‍ സാധിക്കാത്തവര്‍ ഈ 10 ദിവസങ്ങളില്‍ ഒത്തുചേര്‍ന്ന് ആഹ്ലാദം പങ്കിടുന്നു. ഇരിങ്ങാലക്കുടയുടെ ഭാഗധേയം നിര്‍ണ്ണയിച്ച, ആ മാതൃകാഭരണാധികാരിയുടെ മഹത്തായ ആശയങ്ങള്‍ക്ക് ആകാശഗരിമ നല്‍കുക കൂടിയാണ് നമ്മള്‍. ദുഷ്‌കരവും പങ്കിലവുമായ ഈ കാലഘട്ടത്തില്‍ ഇമ്മാതിരി ആശയങ്ങളിലധിഷ്ഠിതമായ ആശയങ്ങള്‍ക്കു പോലും നൈര്‍മ്മല്യത്തിന്റെ പരിവേഷമുണ്ട്. ഈ തേജോമയമായ അടിസ്ഥാനമൂല്യങ്ങളെ വിലകുറച്ചു കാണാനുള്ള ശ്രമം അടുത്തകാലത്തായി കണ്ടുവരുന്നു. സങ്കുചിത താല്‍പ്പര്യങ്ങളെല്ലാം ഉപേക്ഷിച്ച് ഇരിങ്ങാലക്കുടയുടെ മഹത്തായ പാരമ്പര്യം മുറുകെ പിടിച്ചുകൊണ്ട് മുന്നേറുകയാണ്. നഷ്ടചൈതന്യം വീണ്ടെടുക്കാന്‍ ഉള്ള ഏക പോംവഴി എന്ന് ക്ഷേത്രോത്സവം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ഉണ്ണികൃഷ്ണന്‍ കിഴുത്താണി 
Advertisement