കൊടിപ്പുറത്ത് വിളക്ക് ഭക്തിസാന്ദ്രം

280

ഇരിങ്ങാലക്കുട- കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന കൊടിപ്പുറത്ത് വിളക്കാഘോഷം സംഗമപുരിയെ ഭക്തിസാന്ദ്രമാക്കി. ശ്രീകോവിലില്‍ നിന്നും ഭഗവാന്‍ ആദ്യമായി പുറത്തേയ്ക്ക് എഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്ക് ദര്‍ശിക്കാന്‍ ആയിരങ്ങളാണ് എത്തിച്ചേര്‍ന്നിരുന്നത്. ഉത്സവാറാട്ടുകഴിഞ്ഞ് അകത്തേയ്ക്ക് എഴുന്നള്ളിച്ചാല്‍ പിന്നെ ഭഗവാന്റെ തിടമ്പ് പുറത്തേയ്‌ക്കെഴുന്നള്ളിക്കുന്നത് പിറ്റേവര്‍ഷം കൊടിപ്പുറത്ത് വിളക്കിനാണ്. വിളക്കാഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് ബീജാരോപണത്തിനുള്ള ക്രിയകളാരംഭിച്ചു. തുടര്‍ന്ന് കൊടിപ്പുറത്ത് വിളക്കിന് പുറത്തേക്കെഴുന്നള്ളിക്കാനായുള്ള മാതൃക്കല്‍ ബലി ശ്രീകോവിലിന്റെ തെക്കുഭാഗത്ത് നടന്നു. തുടര്‍ന്ന് കുത്തുവിളക്കുകളുടെ അകമ്പടിയോടെ കോലത്തിലുറപ്പിച്ച ഭഗവത് തിടമ്പ് പുറത്തേയ്‌ക്കെഴുന്നള്ളിച്ചു. ഭഗവദ് ദര്‍ശനത്തിനായി കാത്തുനിന്ന നൂറുകണക്കിന് ഭക്തജനങ്ങള്‍ ഭക്തിയോടെ തൊഴുതുനിന്നു.തുടര്‍ന്ന് സ്വന്തം ആനയായ മേഘാര്‍ജ്ജുനന്റെ ശിരസ്സിലേറി ദേവന്‍ ആചാരപ്രകാരമുള്ള ആദ്യപ്രദക്ഷിണം പൂര്‍ത്തിയാക്കി. നാല് പ്രദക്ഷിണം കഴിഞ്ഞ് അഞ്ചാമത്തെ പ്രദക്ഷിണത്തില്‍ കൂത്തമ്പലത്തിന്റേയും, ക്ഷേത്രകെട്ടിന്റേയും തെക്കുഭാഗത്തായി വിളക്കാചാരം നടന്നു. ആറാമത്തെ പ്രദക്ഷിണത്തില്‍ കിഴക്കെ നടപ്പുരയില്‍ 17 ഗജവീരന്മാര്‍ അണിനിരന്നതോടെ ആദ്യ പഞ്ചാരിമേളത്തിന് കോലുയര്‍ന്നു. പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ ആയിരുന്നു മേളപ്രമാണി. കൂട്ടിയെഴുന്നള്ളിപ്പം, പ്രദക്ഷിണവും അവസാനിച്ച് ഒരു ഇടക്കാ പ്രദക്ഷിണവും രണ്ട് നാദസ്വരപ്രദക്ഷിവും കഴിഞ്ഞശേഷം തിടമ്പ് അകത്തേയ്ക്ക് എഴുന്നള്ളിച്ചു. ഉത്സവത്തിന്റെ ആദ്യപകല്‍ ശീവേലിക്ക് വ്യാഴാഴ്ച തുടക്കമായി. രാവിലെ 8.30 മുതല്‍ ഉച്ചക്ക് 11.30 വരെയായിരുന്നു ശീവേലി. 8.30ന് ഭഗവാനെ പുറത്തേയ്ക്ക് എഴുന്നള്ളിച്ച് നാല് പ്രദക്ഷിണം പൂര്‍ത്തിയാക്കി അഞ്ചാമത്തെ പ്രദക്ഷിണത്തില്‍ പഞ്ചാരിമേളമൊരുങ്ങും. ശീവേലിക്ക് പതിനേഴാനകള്‍ അണിനിരക്കും.

 

Advertisement