ശ്രീ കൂടല്‍മാണിക്യം തിരുവുത്സവത്തിന് കൊടിയേറി

950

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. താന്ത്രികചടങ്ങുകളാല്‍ പവിത്രമായ ക്ഷേത്രത്തില്‍ രാത്രി 8 10നും 8.40നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്ഥത്തിലാണ് കൊടിയേറ്റ് കര്‍മ്മം നടന്നത്. തന്ത്രി നഗരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി കൊടിയേറ്റ കര്‍മ്മം നിര്‍വ്വഹിച്ചു.കൊടിയേറ്റ ദിവസമായ 14 ന് കാലത്ത് 5.30 മുതല്‍ ക്ഷേത്ര മണ്ഡപത്തില്‍ മേളം, പാണി തുടങ്ങിയ അനുഷ്ഠാന വാദൃങ്ങളുടെ അകമ്പടിയോടെ ബ്രഹ്മകലശപൂജ, പരികലശപൂജകള്‍ , കുംഭേശകര്‍ക്കരികലശപൂജ, അധിവാസഹോമം എന്നിവ നടന്നു.എതൃത്തപൂജയ്ക്കു ശേഷം കാലത്ത് 9 മുതല്‍ ബ്രഹ്മകലശങ്ങളും മറ്റും അഭിഷേകം ചെയ്ത് ഉച്ചപൂജ . സന്ധൃക്ക് കൊടിയേറ്റചടങ്ങുകള്‍ക്ക് പ്രാരംഭം കുറിച്ച് വൈകീട്ട് ഏഴിന് ആചര്യവരണം നടന്നു. ക്ഷേത്രത്തിലെ ഉത്സവചടങ്ങുകള്‍ ഭംഗിയായി യഥാവിധി നടത്തുന്നതിന് യോഗ്യരായ ആചാര്യനെ വരിക്കുന്ന ചടങ്ങാണ് ഇത്. തുടര്‍ന്ന് കുളമണ്ണില്‍ മൂസ് കൂറയും പവിത്രവും ആചാര്യന് കൈമാറി. നഗരമണ്ണ്, തരണനെല്ലൂര്‍, അണിമംഗലം എന്നി തന്ത്രി കുടുംബങ്ങളിലെ അംഗങ്ങള്‍ക്കാണ് കൂറയും പവിത്രവും നല്‍കുക.ആദ്യകാലങ്ങളില്‍ ക്ഷേത്രാധികാരിയെന്ന നിലയില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ പ്രതിനിധി തച്ചുടയകൈമളാണ് കൂറയും പവിത്രയും നല്‍കിയിരുന്നത്.തുടര്‍ന്ന് കൊടിയേറ്റത്തിനുള്ള ക്രീയകള്‍ ആരംഭിച്ചു. പുണ്യാഹം ചെയ്ത് ശുദ്ധീകരിച്ച് പാണികൊട്ടി വാഹനത്തേയും മറ്റും ആവാഹിച്ച കൊടിക്കൂറ, കൂര്‍ച്ചം, മണി, മാല എന്നിവ കൊടിമരചുവട്ടിലേയ്ക്ക് എഴുന്നള്ളിച്ചശേഷം കൊടിമരം പൂജിക്കുകയും അതിനുശേഷം മംഗളധ്വനികളോടെ തന്ത്രി നഗരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി കൊടിയേറ്റ് നടത്തുകയും ചെയ്തു. തുടര്‍ന്ന് അത്താഴപൂജ നടന്നു. കൊടികയറ്റിയ ഉടന്‍ തന്നെ കൂത്തമ്പലത്തില്‍ നിന്നും മിഴാവൊലി ഉയര്‍ന്നു.ബുധനാഴ്ച രാത്രി കൊടിപ്പുറത്ത് വിളക്ക് .ഉത്സവം irinjalakuda.com ല്‍ തത്സമയം സംപ്രേഷണം ഉണ്ടായിരിക്കും.

 

Advertisement