ബി.എല്‍.ഒ. മാര്‍ വോട്ടവകാശം ഇല്ലാതാക്കി : എല്‍.വൈ.ജെ.ഡി

765

ഇരിങ്ങാലക്കുട- കഴിഞ്ഞ ത്രിതല പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത പലരുടെയും സമ്മതിദാനവകാശം ഈ ലോകസഭ തിരഞ്ഞെടുപ്പില്‍ ഇല്ലാതാക്കിയത് ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ നിരുത്തരവാദിത്വ പരമായ നടപടികള്‍ കൊണ്ടാണെന്ന് ലോക്താന്ത്രിക് യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരെപ്പാടന്‍ ആരോപണം ഉന്നയിച്ചു. ഒരു വീട്ടിലെ അംഗങ്ങള്‍ക്ക് വ്യത്യസ്ത്ഥ തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലുള്ള ബൂത്തുകളിലേക്ക് വോട്ടവകാശം മാറ്റിയിടുക, ചിലര്‍ക്ക് മാത്രം ഇലക്ഷന്‍ സ്ലിപ്പ് നല്‍കുക, സ്ലിപ്പിലാത്തവര്‍ക്ക് വോട്ടവകാശം ഇല്ല എന്ന് പറയുക ഇത് രാജ്യത്തെ ജനാധിപത്യ വ്യവസ്ത്ഥിതിക്ക് കളങ്കമാകുന്ന രാജ്യദ്രോഹപരമായ പ്രവര്‍ത്തിയാണ്. വോട്ട് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ നേരിട്ട് പരിശോധന നടത്തണമെന്ന ഉത്തരവാദിത്വം പോലും ബി.എല്‍.ഒ.മാര്‍ നിറവേറ്റുന്നില്ല. സ്വന്തം ബൂത്തിലെ ഇരട്ട വോട്ടുകള്‍ ഒത്തു നോക്കി അത് ഒഴിവാക്കാനുള്ള നടപടി പോലും സ്വീകരിക്കുന്നില്ല.

ബി.എല്‍.ഒ.മാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ താഴെ തട്ടിലുള്ള പ്രതിനിധികളാണ് അവരുടെ ഉത്തരവാദിത്ത്വങ്ങളും ചുമതലകളും എന്താണ് എന്ന് വ്യക്തമാക്കുന്ന വലിയ പോസ്റ്റര്‍ എല്ലാ തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലും പതിച്ച് വച്ചിട്ടുണ്ട്. ബി.എല്‍.ഒ.യുടെ പരിധിയില്‍ വരുന്നവര്‍ക്ക് സമ്മതിദായക അവകാശം രേഖപ്പെടുത്തുവാനുള്ള സാഹചര്യം ഉറപ്പ് വരുത്തുക എന്ന പ്രഥമ ചുമതല തന്നെ അപമാനിക്കപ്പെട്ടിരിക്കുന്നു. ഓരോ വോട്ടും വിലപ്പെട്ടതാണ്.ഓരോ വോട്ടറേയും നേരിട്ട് അറിഞ്ഞിരിക്കണം എന്ന ഉദ്ദേശത്തോടെ
ഒരു ബൂത്തില്‍ 1200 വോട്ടര്‍മാര്‍ എന്ന രീതിയിലാണ് ക്രമീകരണം, അങ്ങിനെ കണക്കാക്കിയാല്‍ ഏകദേശം 300 വീടുകള്‍ മാത്രമാണ് പ്രദേശ നിവാസിയായ ബി.എല്‍.ഒ.യുടെ കീഴില്‍ വരുന്നത്. അടുത്തടുത്ത ക്രമനമ്പറില്‍ ഒരു വീട്ട് നമ്പറിലുള്ളവരെ ചാര്‍ട്ട് ചെയ്താല്‍ വോട്ടില്ലാത്തവര്‍, ബൂത്ത് മാറി കിടക്കുന്ന വോട്ടുകള്‍, ബൂത്തിലെ ഇരട്ട വോട്ടുകള്‍ എന്നിവ പെട്ടന്ന് കണ്ട് പിടിക്കാവുന്നതാണ്.ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥത കാണിക്കാതെ ജനാധിപത്യത്തിന്റെ മുഖത്ത് കരിവാരിതേക്കുന്ന ബി.എല്‍.ഒ.മാരുടെ നിസംഗതക്കെതിരെ നടപടിയെടുക്കുവാന്‍ എല്‍.വൈ.ജെ.ഡി. ജില്ലാ കമ്മിറ്റി ഇലക്ഷന്‍ കമ്മീഷനോട് രേഖാമൂലം ആവശ്യപ്പെടുമെന്നും ലോക്താന്ത്രിക് യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരെപ്പാടന്‍ പറഞ്ഞു

 

Advertisement