ഇടതുപക്ഷ ബദല്‍ നയങ്ങളാണ് കേരളസര്‍ക്കാര്‍ നടപ്പിലാക്കുന്നത് -പന്ന്യന്‍ രവീന്ദ്രന്‍

410
Advertisement

ഇരിങ്ങാലക്കുട-ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മുന്നില്‍ വയ്ക്കുന്ന ബദല്‍നയങ്ങള്‍ തന്നെയാണ് കേരളസര്‍ക്കാര്‍ ഇന്ന് നടപ്പിലാക്കി കൊണ്ടിരിക്കുന്നത് – സി പി ഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ . ഇന്ത്യാ മഹാരാജ്യത്ത് ബി ജെ പി തങ്ങളുടെ മുഖ്യ എതിരാളികളായി കാണുന്നത് ഇടതുപക്ഷ പാര്‍ട്ടികളെയാണെന്ന്. കോണ്‍ഗ്രസ്സ് ബി .ജെ .പി യെ എതിരാളിയായി കണ്ടിരുന്നുവെങ്കില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് വയനാട്ടിലെ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കില്ലായിരുന്നു .
തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി പടിയൂര്‍ പഞ്ചായത്ത് റാലിയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചായക്കടക്കാരനില്‍നിന്നു്‌വന്ന മോഡി വന്ന വഴി മറന്ന് ഇപ്പോള്‍ വന്‍കിട മുതലാളിമാരുടെ കാവല്‍ക്കാരനായി രൂപാന്തരപ്പെട്ട് അവര്‍ക്കുവേണ്ടിയാണ് അഞ്ചുവര്‍ഷവും ഭരിച്ചിരുന്നത്. അഞ്ച് കൊല്ലം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പിറകോട്ടടുപ്പിച്ചു. സ്വകാര്യവത്ക്കരണനയമാണ് നടപ്പിലാക്കിയത് . വിമാനത്താവളങ്ങളും കപ്പല്‍ശാലകളുമെല്ലാം അദാനിക്ക് തീറെഴുതി കൊടുത്തു. കോര്‍പ്പറേറ്റ് പ്രീണനത്തിനായി ഇന്ധനവില വര്‍ദ്ധിപ്പിച്ചു.
അഞ്ചു വര്‍ഷം ഭരിച്ച മോഡിയുടെ ഭരണമെവിടെ ? ആയിരം ദിനങ്ങള്‍ മാത്രം പൂര്‍ത്തിയാക്കിയ കേരളസര്‍ക്കാരിന്റെ ഭരണനേട്ടം നോക്കൂ. യു. പി.യി ല്‍ ഓക്‌സിജന്‍ കിട്ടാതെ 63 കുട്ടികള്‍ പിടഞ്ഞുമരിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് ദൈവം തന്നത് ദൈവം തിരിച്ചെടുത്തു എന്നാണ് . താന്‍ മുഖ്യമന്ത്രിയായിരിക്കുന്ന നാട്ടില്‍ ഇത്രയും കുട്ടികളെ രക്ഷിക്കാന്‍ കഴിയാത്ത താനിനി ഇവിടെ ഭരിക്കാനില്ല,വല്ല കാശിക്കും പോകുന്നതാണ് നല്ലത് എന്നാണ് പറയേണ്ടിയിരുന്നത് .മഹാപ്രളയത്തെ നേരിട്ട കേരളസര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. മത്സ്യത്തൊഴിലാളികളടക്കമുള്ള ജനസമൂഹത്തെ മുഴുവന്‍ കോര്‍ത്തിണക്കി എത്ര ജീവനാണ് രക്ഷിച്ചത് .
കര്‍ഷകരുടെ കൂട്ടആത്മഹത്യയാണ് രാജ്യമാകെ നടന്നത് . മഹാരാഷ്ട്രയില്‍ ജനലക്ഷങ്ങള്‍ പങ്കെടുത്ത ചുവപ്പന്‍ മാര്‍ച്ചിനു നേരെ അനുഭാവപൂര്‍വ്വം നോക്കുക പോലും ചെയ്തില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി .എ രാമാനന്ദന്‍ അദ്ധ്യക്ഷത വഹിച്ച പൊതുയോഗത്തില്‍ , പ്രൊഫ .കെ യു അരുണന്‍ എം എല്‍ എ , കെ ശ്രീകുമാര്‍, കെ.വി പീതാംബരന്‍ , പി മണി , കെ സി പ്രേമരാജന്‍, എന്‍ കെ ഉദയപ്രകാശ്, കെ വി രാമകൃഷ്ണന്‍, കെ.എസ് രാധാകൃഷ്ണന്‍, അനിത രാധാകൃഷ്ണന്‍, പി.എന്‍ ശങ്കര്‍ , എ.വി വല്ലഭന്‍, സി .എസ് സുധന്‍, സി .ഡി സജിത്ത് എന്നിവര്‍ സംസാരിച്ചു. കെ .സി ബിജു സ്വാഗതവും വി.ആര്‍ രമേഷ് നന്ദിയും പറഞ്ഞു.

 

Advertisement