മോദി സര്‍ക്കാരിനെതിരെ DYFl ഭിക്ഷയെടുക്കല്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട-പ്രളയത്തില്‍ ഒറ്റപ്പെട്ട ജനങ്ങളെ രക്ഷിക്കാന്‍ അനുവദിച്ച ഹെലികോപ്റ്ററിനും സൈനിക വിമാനത്തിനും 33.79 കോടി രൂപ വാടക ചോദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും കേരള ജനതയോടുള്ള വെല്ലുവിളിയുമാണ്. ഏറ്റവും വലിയ പ്രളയത്തിലൂടെയാണ് കേരളം കടന്നുപോയത്. ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ വ്യത്യാസമില്ലാതെ കേരളീയ ജനത ഒറ്റക്കെട്ടായി നിന്നാണ് പ്രളയത്തെ നേരിട്ടത്. സൈന്യത്തിന്റെ ആത്മാര്‍ത്ഥ സേവനവും എല്ലാ കാലാത്തും കേരളം ഓര്‍മ്മിക്കും. എന്നാല്‍ പ്രളയഘട്ടം മുതല്‍ തന്നെ സംസ്ഥാനത്തോട് അങ്ങേയറ്റം നിഷേധാത്മക സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. പ്രളയക്കെടുതി മൂലം 31,000 കോടി രൂപയാണ് സംസ്ഥാനത്തിന് നഷ്ടം സംഭവിച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ കേവലം 600 കോടി രൂപയാണ് ഇതുവരെ അനുവദിച്ചത്. അതില്‍നിന്നു തന്നെ പ്രളയകാലത്തുനല്‍കിയ അരിയ്ക്ക് 209.34 കോടി രൂപയും മണ്ണെണ്ണയ്ക്ക് 56.40 കോടി രൂപയും അടയ്ക്കാന്‍ ആവശ്യപ്പെട്ടു. കൂടാതെ ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച ഹെലികോപ്റ്ററിന് 33.79 കോടി രൂപ അടയ്ക്കാനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം സംസ്ഥാനത്തിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ആകെ കേന്ദ്രം അനുവദിച്ച 600 കോടിയില്‍ 299.53 കോടി രൂപ കേന്ദ്രസര്‍ക്കാരിന് തന്നെ തിരിച്ചടയ്ക്കേണ്ട സ്ഥിതിയാണുള്ളത്. ദുരന്തങ്ങള്‍ സംഭവിച്ച ഘട്ടങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളോട്് സ്വീകരിച്ച സമീപനമല്ല കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും കേരളത്തോട് ഉണ്ടായത്. യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായം മോദി സര്‍ക്കാര്‍ നിഷേധിച്ചു. വിദേശ രാജ്യങ്ങളില്‍ പോയി പ്രവാസികളില്‍ നിന്ന് ഫണ്ട് കളക്ട് ചെയ്യാന്‍ സംസ്ഥാനത്തെ മന്ത്രിമാരെ അനുവദിച്ചില്ല. തങ്ങള്‍ക്ക് രാഷ്ട്രീയമായി വഴങ്ങാത്ത കേരളത്തെ ഇല്ലായ്മ ചെയ്യാനാണ് മോദിയും കൂട്ടരും ശ്രമിക്കുന്നത്. സാമ്പത്തികമായി ഞെരുക്കി കേരളത്തെ തകര്‍ക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമത്തിനെതിരായി മലയാളികള്‍ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണം. ‘ജീവന്‍ രക്ഷിച്ചതിനും മോദിക്ക് കൂലി വേണംഞങ്ങളും ഇന്ത്യക്കാരാണ് ‘ എന്ന മുദ്രാവാക്യം വിളിച്ച്മലയാളികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് DYFl ഭിക്ഷയെടുക്കല്‍ പ്രതിഷേധം സംഘടിപ്പിച്ചു.പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്ന തെമ്മാടിത്തത്തിന് പറയുന്ന പേരല്ല കേന്ദ്ര സംസ്ഥാന ബന്ധം എന്ന് ഡി.വൈ.എഫ്.ഐ പ്രതീകാത്മക ഭിക്ഷാടന സമരത്തിലൂടെ പറഞ്ഞു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍.ശ്രീലാല്‍ സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് വി.എ.അനീഷ്, പി.കെ. മനുമോഹന്‍, റഷീദ സബീഷ്, മായ മഹേഷ്, കെ.വി.നന്ദന എന്നിവര്‍ നേതൃത്വം നല്‍കി.