കൂടല്‍മാണിക്യത്തില്‍ തൃപ്പുത്തരി സദ്യയ്ക്ക് വന്‍ ഭക്തജനതിരക്ക്

578

ഇരിങ്ങാലക്കുട :കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തുലാം മാസത്തിലെ തിരുവോണ നാളിലെ തൃപ്പുത്തരി സദ്യയ്ക്ക് ഭക്തജനപ്രവാഹം. രാവിലെ പുത്തരി നിവേദ്യത്തിനുള്ള പൂജ നടന്നു. നകരമണ്ണില്ലത്തിനാണ് പുത്തരി നിവേദ്യത്തിന് അധികാരം. മൂസ്സ് അരിയളക്കും. ഭക്തന്‍മാരുടെ വക അരിയിടലും പതിവാണ്. നേന്ത്രപ്പഴം, കദളിപ്പഴം, പച്ചക്കുരുമുളക്, പച്ചപ്പയര്‍, ചക്ക, ഇഞ്ചി, പച്ചമാങ്ങ ഇതെല്ലാം പുത്തരിക്ക് നിവേദിക്കും.തന്ത്രി നകരമണ്ണില്ലത്ത് ത്രിവിക്രമന്‍ നമ്പൂതിരി പൂജയ്ക്ക് നേതൃത്വം നല്‍കി. സാധാരണ പൂജയുടെ നിവേദ്യത്തില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക മന്ത്രം തൊട്ട് ജപിച്ചാണ് പുത്തരി നിവേദ്യം നടത്തുന്നത്. തുടര്‍ന്ന് ക്ഷേത്രം പടിഞ്ഞാറെ ഊട്ടുപുരയില്‍ ഭക്തജനങ്ങള്‍ക്കായി തൃപ്പുത്തരി സദ്യ ആരംഭിച്ചു. വര്‍ഷത്തില്‍ ആദ്യമായി കൃഷി ചെയ്തു വിളയിച്ച വിഭവങ്ങള്‍ കൊണ്ട് കൂടല്‍മാണിക്യ സ്വാമിക്ക് നിവേദ്യം അര്‍പ്പിക്കുന്നതാണ് തൃപ്പുത്തരി. ഈ നിവേദ്യ വസ്തുക്കള്‍ മുള തണ്ടികയില്‍ കെട്ടി കാല്‍നടയായി വാദ്യമേള ആഘോഷങ്ങളോടെ ചാലക്കുടി പോട്ടയില്‍ നിന്നും ക്ഷേത്രത്തിലേക്ക് കഴിഞ്ഞദിവസം കൊണ്ടുവന്നിരുന്നു. നാളെ രാവിലെ ആറിന് മുക്കുടി നിവേദ്യം നടക്കും.

 

Advertisement