നഗരസഭയുടെ ഉടമസ്ഥതയിലുള്ള കുട്ടികളുടെ ഇരിങ്ങാലക്കുട മുനിസിപ്പല്‍ പാര്‍ക്കില്‍ വെളിച്ചകുറവ് ദുരിതമാകുന്നു

315

ഇരിങ്ങാലക്കുട: നഗരസഭയുടെ ഉടമസ്ഥതയിലുള്ള കുട്ടികളുടെ ഇരിങ്ങാലക്കുട മുനിസിപ്പല്‍ പാര്‍ക്കില്‍ വെളിച്ചകുറവ് ദുരിതമാകുന്നു. കുട്ടികളുമായി നിരവധി ആളുകളാണ് വൈകുന്നേരങ്ങളില്‍ വിശ്രമിക്കാനും കളിക്കാനുമായി പാര്‍ക്കിലെത്തുന്നത്. എട്ടുമണി വരെയാണ് പാര്‍ക്കിലെ സമയമെങ്കിലും ഇരുട്ടായാല്‍ പാര്‍ക്കില്‍ വെളിച്ചമില്ലാത്ത അവസ്ഥയിലാണ്. നിരവധി തവണ ഇക്കാര്യം നഗരസഭ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇതുവരേയും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. അവധി ദിവസങ്ങളില്‍ നൂറുകണക്കിന് ആളുകളാണ് പാര്‍ക്കിലെത്തുന്നത്. നഗരത്തിലെ തന്നെ സ്വകാര്യ പാര്‍ക്ക് നല്ല രീതിയില്‍ സംരക്ഷിക്കുകയും കുട്ടികളെ ആകര്‍ഷിക്കുകയും ചെയ്യുമ്പോഴാണ് നഗരമദ്ധ്യത്തിലുള്ള പാര്‍ക്ക് അധികാരികളുടെ ശ്രദ്ധകുറവ് മൂലം നശിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. പാര്‍ക്ക് നവീകരണത്തിന്റെ ഭാഗമായി പുതിയ കളിസാധനങ്ങള്‍ സ്ഥാപിച്ചീട്ടുണ്ടെങ്കിലും വെളിച്ചകുറവ് മൂലം അത് വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ കഴിയാത്തതിന്റെ നിരാശയിലാണ് കുട്ടികളും മുതിര്‍ന്നവരും.

 

Advertisement