കൊച്ചി : ഇടുക്കി-ചെറുതോണി അണക്കെട്ടിന്റെ ട്രയല്‍ റണ്‍ ആരംഭിച്ച സാഹചര്യത്തില്‍ ജാഗ്രതാ നടപടിയെന്ന നിലയില്‍ നിര്‍ത്തിവച്ച നെടുമ്പാശേരി വിമാനത്താവളം പ്രവര്‍ത്തനം പുനഃരാരംഭിച്ചു. ഉച്ചകഴിഞ്ഞ് 1.10 മുതല്‍ വിമാനം ഇറങ്ങുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം 3.05നാണ് കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) നീക്കിയത്. വിമാനത്താവളത്തിലെ ഇന്റര്‍നാഷനല്‍ ടെര്‍മിനലില്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. ഫോണ്‍: 0484 3053500 ട്രയല്‍ റണ്‍ ആരംഭിച്ചതോടെ അണക്കെട്ടില്‍ നിന്നൊഴുകുന്ന വെള്ളം വിമാനത്താവളത്തോടു ചേര്‍ന്നൊഴുകുന്ന പെരിയാറിലൂടെയാണ് കടലിലേക്കെത്തുക. ഈ സാഹചര്യത്തില്‍ വിമാനത്താവളത്തോടു ചേര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനുള്ള സാഹചര്യം കണക്കിലെടുത്താണ് ലാന്‍ഡിങ് നിര്‍ത്തിയതെന്നു വിമാനത്താവള അധികൃതര്‍ അറിയിച്ചു. അപകടഭീഷണി ഒഴിഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കുന്നതെന്നു സിയാല്‍ വ്യക്തമാക്കി.ഇടുക്കി- ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറാണ് 50 സെന്റി മീറ്റര്‍ ഉയര്‍ത്തിയത്. ജലനിരപ്പ് പെട്ടെന്ന് ഉയരുന്നതിനെ തുടര്‍ന്നാണു ഷട്ടറുകള്‍ തുറന്ന് ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സെക്കന്‍ഡില്‍ 50 ഘന മീറ്റര്‍ വെള്ളം വീതം പുറത്തേക്കുവിട്ട് നാലു മണിക്കൂറായിരിക്കും അണക്കെട്ട് തുറക്കുക. 1992നുശേഷം ഇതാദ്യമായാണ് ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നത്.
വെള്ളപ്പൊക്ക ഭീഷണി ഒഴിഞ്ഞു; നെടുമ്പാശേരിയില്‍ ലാന്‍ഡിങ് പുനഃരാരംഭിച്ചു
Advertisement