സ്ഥലം മാറിയ എഎംവിഐമാര്‍ക്ക് പകരക്കാരെത്തിയില്ല, ജോയിന്റ് ആര്‍ടി ഓഫീസിലെത്തുന്ന വാഹന ഉടകള്‍ വലയുന്നു

643

ഇരിങ്ങാലക്കുട : ജോയിന്റ് ആര്‍ടിഓഫിസില്‍ ആവശ്യത്തിന് അസിസ്റ്റന്റ് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരില്ലാത്തത്(എഎംവിഐ) വാഹന ഉടമകളെ വലയ്ക്കുന്നു. ജോയിന്റ് ആര്‍ടി ഓഫീസില്‍ നാല് എഎംവിഐ തസ്തികകളാണുള്ളത്. എന്നാല്‍ ഇവിടെനിന്ന് സ്ഥലം മാറ്റം കിട്ടി പോയ രണ്ട് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പകരക്കാര്‍ ഇതുവരെ എത്തിയിട്ടില്ല. ക്രൈസ്റ്റ് കോളജിന് സമീപത്തെ ഫാ. ദിസ്മസ് റോഡില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പുതിയറജിസ്‌ട്രേഷന്‍, റജിസ്‌ട്രേഷന്‍ പുതുക്കല്‍ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇവിടെയാണ് വാഹന പരിശോധന അടക്കമുള്ളവ നടക്കുന്നത്. രാവിലെ എട്ട് മുതല്‍ ഇവിടെ വാഹന ഉടമകള്‍ വാഹനങ്ങളുമായെത്തുമെങ്കിലും പരിശോധന നടത്തേണ്ട എഎംവിഐമാര്‍ പലപ്പോഴും ഉച്ചയോടെ മാത്രമാണ് എത്തുക. കനത്ത മഴയിലും വാഹന ഉടമകള്‍ ഇന്നലെ മണിക്കൂറോളമാണ് പരിശോധനകള്‍ക്കായി റോഡില്‍ കാത്ത് നിന്നത്. തിങ്കള്‍, ചെവ്വ,വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഗാന്ധിഗ്രാം ഗ്രൗണ്ടില്‍ ലേണേഴ്‌സ് ടെസ്റ്റ് നടക്കുന്നതിനാല്‍ ഓഫീസിലുള്ള രണ്ട് എഎംവിഐമാര്‍ രാവിലെ മുതല്‍ അവിടെയായിരിക്കും. ലേണേഴ്‌സ് ടെസ്റ്റ് പകുതിയെങ്കിലും പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമാണ് ഇവരില്‍ ഒരാള്‍ക്ക് വാഹന പരിശോധനകള്‍ക്ക് എത്താന്‍ കഴിയൂ.സ്ഥലമാറ്റം ലഭിച്ച പോയ എഎംവിഐമാര്‍ക്ക് പകരക്കാര്‍ എത്തിയാല്‍ മാത്രമേ ഇതിന് പരിഹാരമാകൂ. അതുവരെ വാഹന ഉടമകളുടെ കാത്തിരിപ്പ് തുടരും.

 

Advertisement