ദുരിതം പെയ്ത കുട്ടനാടിന് ഇരിങ്ങാലക്കുട രൂപതയുടെ സ്‌നേഹസ്പര്‍ശം

457

ആളൂര്‍: കനത്ത മഴയിലും വെള്ളപൊക്കത്തിലുംപെട്ട് ആയിരക്കണക്കിന് കുടുംബങ്ങള്‍ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലേക്ക് ‘കേരളസഭ’ പത്രത്തിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട രൂപത ആദ്യഘട്ടമായി വസ്ത്രങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും എത്തിച്ചുകൊടുത്തു.
ഇവയടങ്ങിയ വാഹനം ‘കേരളസഭ’ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ധനസഹായത്തിന്റെ ചെക്ക് വികാരി ജനറല്‍ മോണ്‍. ആന്റോ തച്ചിലിനു അദ്ദേഹം കൈമാറി. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ ആശംസ നേര്‍ന്നു.
ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള ചങ്ങനാശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയെ ഏല്‍പ്പിച്ച തുകയും സാമഗ്രികളും കുട്ടനാട്ടില്‍ ഏറ്റവുമധികം പ്രളയദുരിതം അനുഭവിക്കുന്ന പ്രദേശങ്ങളില്‍പ്പെട്ട പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോനയുടെ കീഴിലുള്ള പള്ളികളിലെ 1500 ലേറെ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തുകൊണ്ടിരിക്കുന്നു.
വേദനിക്കുന്ന മനുഷ്യരുടെ കണ്ണീരൊപ്പുകയെന്നത് ക്രൈസ്തവ വിശ്വാസിയുടെ കടമയും ദൗത്യവുമാണെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ജാതിയും മതവും നോക്കാതെയാണ് ക്രൈസ്തവ സാഹോദര്യത്തിന്റെ ഇത്തരം ഇടപെടലുകള്‍ എക്കാലത്തും നാം നടത്തികൊണ്ടിരിക്കുന്നു. ഇനിയും കാരുണ്യപ്രവൃത്തികള്‍കൊണ്ട് ക്രിസ്തുവിന് നാം സാക്ഷ്യം വഹിക്കണം.
ഈ സംരംഭത്തില്‍ സഹകരിച്ച രൂപതാ മാതൃവേദിക്കും മറ്റ് അഭ്യുതയകാംക്ഷികള്‍ എന്നിവര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. രൂപതയിലെ സോഷ്യല്‍ ആക്ഷന്‍ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കാറളം, തൊട്ടിപ്പാള്‍ പ്രദേശങ്ങളില്‍ സഹായവിതരണം നടത്തി. ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദൈവാലയത്തിന്റെ നേതൃത്വത്തിലും സഹായം വിതരണം ചെയ്തു.
രൂപത പി.ആര്‍.ഒ. ഫാ. ജിജോ വാകപറമ്പില്‍ സ്വാഗതവും ഫാ. ഫ്രാങ്കോ പറപ്പുള്ളി നന്ദിയും പറഞ്ഞു. കേരളസഭ മാനേജിംഗ് എഡിറ്റര്‍ ഫാ. വിത്സന്‍ ഈരത്തറ, മറ്റു വൈദികര്‍, കേരളസഭ, ബി.എല്‍.എം. കുടുംബാംഗങ്ങള്‍, ഗുണകാംക്ഷികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫാ. ഫ്രാങ്കോ പറപ്പുള്ളിയുടെ നേതൃത്വത്തിലാണ് വാഹനം യാത്ര തിരിച്ചത്.

 

Advertisement