വെള്ളക്കെട്ടില്‍ കുടുങ്ങിപ്പോയ നായകള്‍ക്ക് സുമനസ്സുകളുടെ കരുണയാല്‍ പുനര്‍ജന്മം

954

ഇരിങ്ങാലക്കുട : കനത്ത മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടില്‍ കുടുങ്ങിപ്പോയ നായകള്‍ക്ക് സുമനസ്സുകളുടെ കരുണയാല്‍ പുനര്‍ജന്മം. മുത്രത്തിക്കര കിണര്‍ സ്റ്റോപ്പിന് സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ കോഴിഫാമിലെ പണിക്കാരായ ഇതരസംസ്ഥാന തൊഴിലാളികള്‍ ഉപേക്ഷിച്ച് പോയ ഒരു തള്ള പട്ടിയും മൂന്ന് കുഞ്ഞുങ്ങളുമാണ് കിലോമീറ്ററുകളോളം വെള്ളം മൂടിക്കിടന്നിരുന്ന നടുപ്പാടത്തെ വെള്ളക്കെട്ടില്‍ രക്ഷപ്പെടാനാകാതെ ദിവസങ്ങളോളം കഴിഞ്ഞത്.

ഇന്നലെ വൈകീട്ട് മുത്രത്തിക്കര കിണര്‍ സ്റ്റോപ്പിനടുത്തുള്ള പാടത്ത് മീന്‍ പിടിക്കാന്‍ പോയ ചില ചെറുപ്പക്കാരാണ് ഫാമിനുള്ളില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ പട്ടികളുടെ കരച്ചില്‍ കേട്ടത്. അതില്‍ രണ്ടു കുഞ്ഞുങ്ങള്‍ അപ്പോള്‍ തന്നെ വെള്ളത്തില്‍ വീണ് മുങ്ങി മരിച്ചിരുന്നു. തുടര്‍ന്ന് പരിസ്ഥിതിപ്രവര്‍ത്തകന്‍ സന്ദീപ് പോത്താനിയെ വിവരമറിയിക്കുകയായിരുന്നു. സന്ദീപിന്റെ നേതൃത്വത്തിലുള്ള അന്നം ഫൗണ്ടേഷന്റെ പ്രവര്‍ത്തകരെത്തി. ഏറെ പണിപ്പെട്ടാണ് തള്ളപ്പട്ടിയെ കുഞ്ഞിനടുത്ത് നിന്നും മാറ്റാന്‍ സാധിച്ചത്.തള്ളപ്പട്ടിയെ സുരക്ഷിതമായി കരിയിലെത്തിച്ച ശേഷം ജീവനോടെയുണ്ടായിരുന്ന കുഞ്ഞിനെ അന്നം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സുരക്ഷിതമായ ഇടത്തേക്ക് മാറ്റി. പ്രണവ്, അഖില്‍, ക്രിസ്റ്റിന്‍, മാര്‍ഷല്‍ എന്നിവരും സന്ദീപിനോപ്പമുണ്ടായിരുന്നു. കഴിഞ്ഞമാസം ഇരിങ്ങാലക്കുട ബൈപ്പാസ് റോഡില്‍ ടാറില്‍ പൂര്‍ണ്ണമായും പുതഞ്ഞുകിടന്നിരുന്ന തെരുവുനായയെ അന്നം ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയിരുന്നു.

മഴയും വെള്ളക്കെട്ടും മൂലം സുരക്ഷിതമായ ഇടങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറുന്നവര്‍ ദയവായി വളര്‍ത്തു മൃഗങ്ങളെ കൂടി ശ്രദ്ധിക്കുക. ഒപ്പം കൂട്ടാന്‍ കഴിഞ്ഞില്ലെങ്കിലും അവയെ നടന്നു രക്ഷപ്പെടാവുന്ന രീതിയിലുള്ള ഇടങ്ങളില്‍ എത്തിക്കാനെങ്കിലും ശ്രമിക്കണമെന്നും അന്നം ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

 

Advertisement