മരണകിടക്കയില്‍ കനിവുതേടി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി

1292

ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയിലെ മേര്‍ച്ചറിയുടെ പ്രവര്‍ത്തനം നിര്‍ത്തലായിട്ട് മൂന്നുമാസം പിന്നിടുന്നു. കഴിഞ്ഞ ഏപ്രില്‍ 15 നാണ് മോര്‍ച്ചറിയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി സൂപ്രണ്ട് ഉത്തരവിട്ടത്. മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ എലി കടിക്കുന്നതായും ഉറുമ്പരിക്കുന്നതായും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണു മോര്‍ച്ചറിയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയത്. ഈകഴിഞ്ഞ ദിവസം ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തിലും മോര്‍ച്ചറി നവീകരണം എന്ന പേരില്‍ ഇത്രനാളും അടച്ചിട്ടതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കരയാണ് ഇൗകാര്യത്തില്‍ താലൂക്കാശുപത്രി ആശുപത്രി സുപ്രണ്ട് മിനിമോളോട് വീശദീകരണം ആവശ്യപ്പെട്ടത്. മോര്‍ച്ചറിക്കെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ എച്ച് എം സി കൂടി ആലോചിച്ചാണ് മോര്‍ച്ചറി അടച്ചിടാന്‍ തീരുമാനിച്ചതെന്നും നഗരസഭ ഓണ്‍ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ പാസായിട്ടുണ്ടെന്നും എത്രയും വേഗം നവീകരണം പൂര്‍ത്തിയാക്കി മോര്‍ച്ചറി തുറന്ന് നല്‍കുമെന്നും സുപ്രണ്ട് അറിയിച്ചു.പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനു മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ എത്തുമ്പോള്‍ കാണുന്നത് ഉറുമ്പുകള്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹങ്ങളാണെന്നു പോലീസ് പറഞ്ഞു. താലൂക്ക് വികസനസമിതി യോഗത്തില്‍ ട്രാഫിക് പോലീസ് എസ്ഐ തോമസ് വടക്കനാണു ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മൃതദേഹങ്ങളെ അപമാനിക്കുന്ന കാഴ്ചയാണു മോര്‍ച്ചറിയിലുള്ളതന്നെും തന്റെ ബന്ധു മരിച്ച് മോര്‍ച്ചറിയില്‍ കാണാന്‍ ചെന്നപ്പോള്‍ മൃതദേഹം പുളിയുറുമ്പ് പൊതിഞ്ഞ നിലയിലായിരുന്നുവെന്നും പടിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.സി. ബിജുവും യോഗത്തില്‍ പറഞ്ഞിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുചെല്ലുമ്പോള്‍ മൃതദേഹത്തില്‍ പോലീസ് രേഖപ്പെടുത്തിയ മുറിവുകളേക്കാള്‍ കൂടുതല്‍ മുറിവുകള്‍ കാണുന്നുണ്ടെന്നും അതു എങ്ങനെയെന്ന പോലീസ് സര്‍ജന്റെ ചോദ്യത്തിനു മറുപടിയില്ലെന്നും പോലീസ് പറഞ്ഞു. പിന്നീടുള്ള അന്വേഷണത്തിലാണു മോര്‍ച്ചറിയില്‍ മൃതദേഹം എലി കടിക്കുന്നതായി വ്യക്തമായതെന്നും പോലീസ് പറഞ്ഞു. അപകടമരണങ്ങളില്‍ മൃതദേഹങ്ങളില്‍ ഉണ്ടാകുന്ന മുറിവുകള്‍ കേസുകളെ ബാധിക്കുന്നുണ്ടെന്നും ഇതിനു പരിഹാരമായി മോര്‍ച്ചറിയില്‍ ഫ്രീസര്‍ സ്ഥാപിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. താലൂക്ക് വികസനസമിതിയില്‍ മോര്‍ച്ചറിയുടെ ശോചനീയാവസ്ഥ ചര്‍ച്ചയായതോടെ മോര്‍ച്ചറി അടച്ചിടുവാന്‍ സൂപ്രണ്ട് നിര്‍ദേശിച്ചു. ഈ അവസ്ഥയ്്ക്ക് കാരണം നഗരസഭയുടെ അനാസ്ഥയാണെന്നാരോപിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധം രേഖപ്പെടുത്തുകയും ഇറങ്ങിപോക്കും നടത്തിയിരുന്നു. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിക്കുകയും ചെയ്തിരുന്നു. ജനറല്‍ ആശുപത്രിയില്‍ വരുന്ന മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകേണ്ട ഗതികേടിലാണിപ്പോള്‍. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് മൃതദേഹം കിട്ടാന്‍ സമയം വൈകുന്നതായും പോലീസ് എന്‍ക്വസ്റ്റുകള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.അധികൃതര്‍ ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

 

Advertisement