വീടിന് ചുറ്റും മണ്ണെടുത്തു : വീട്ടിലേക്ക് വഴിയില്ലാതെ പട്ടികജാതി കുടുംബം പെരുവഴിയിലായി

714

മുരിയാട് : വീടിനു ചുറ്റും മണ്ണെടുത്തതിനെ തുടര്‍ന്നു വീട് തുരുത്തിലായി. പട്ടികജാതി കുടുംബം വീട്ടിലേക്കു വഴിയില്ലാതെ ദുരിതത്തില്‍. മുരിയാട് എയുപി സ്‌കൂള്‍ റോഡില്‍ റെയില്‍വേ ഗേറ്റിനടുത്ത് ആനക്കല്ലില്‍ ചന്ദ്രനും കുടുംബവുമാണു മണ്ണെടുപ്പുമൂലം പെരുവഴിയിലായത്. ചന്ദ്രന്റെ വീടിരിക്കുന്ന മൂന്നു സെന്റിന് ചുറ്റിലും മൂന്നു വശത്തുനിന്ന് 20 അടി താഴ്ചയിലും മുന്‍പില്‍നിന്ന് എട്ട് അടിയോളം താഴ്ചയിലുമാണു മണ്ണെടുത്തിരിക്കുന്നത്.രണ്ടു വര്‍ഷംകൊണ്ടു പതിനായിരക്കണക്കിന് ലോഡ് മണ്ണാണ് ഇവിടെനിന്ന് എടുത്തതെന്നു പറയുന്നു. പ്രദേശത്തെ ചില പൊതുപ്രവര്‍ത്തകര്‍ ഇതിനു കൂട്ടുനിന്നതായും ഈ കുടുംബം പറയുന്നു. അസുഖബാധിതനായ ചന്ദ്രനും ഭാര്യ സൗദാമിനിയും വിദ്യാര്‍ഥിനികളായ രണ്ടു പെണ്‍മക്കളുമാണ് ഇപ്പോള്‍ വീട്ടിലുള്ളത്. മകളുടെ ചികില്‍സയുടെ ഭാഗമായി സൗദാമിനിയുടെ കുടുംബവീട്ടിലേക്കു താമസം മാറിയ സമയത്താണു മണ്ണെടുപ്പ് നടന്നത്. വീട്ടില്‍ താമസമാകുമ്പോള്‍ വഴി നല്‍കാമെന്നാണു മണ്ണെടുപ്പ് നടന്ന സ്ഥലത്തിന്റെ ഉടമ പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഈ സ്ഥലം മുരിയാട് സഹകരണ ബാങ്കിനു വിറ്റെന്നു പറഞ്ഞു കയ്യൊഴിയുകയാണിപ്പോള്‍. ചന്ദ്രന്റെ സ്ഥലം വാങ്ങാന്‍ സഹകരണ ബാങ്ക് തയാറാണ്.പക്ഷേ, വീട് വിറ്റാല്‍ തങ്ങളെങ്ങോട്ടു പോകുമെന്ന് ഈ കുടുംബത്തിന് ഒരു ധാരണയുമില്ല. മാത്രമല്ല, പട്ടികജാതി-വര്‍ഗ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുട ബ്ലോക്കില്‍നിന്നു ലഭിച്ച ധനസഹായം ഉപയോഗിച്ചു വാങ്ങിയ സ്ഥലമായതിനാല്‍ വില്‍പനയും എളുപ്പമല്ല. 2000ല്‍ ആണ് ഇവര്‍ ഈ സ്ഥലം വാങ്ങിയത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന സൗദാമിനിയുടെ തുച്ഛ വരുമാനമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. നിത്യവൃത്തിക്കുതന്നെ ബുദ്ധിമുട്ടുന്നതിനിടയിലാണ് വീടും ഇവര്‍ക്കു നഷ്ടമാകുന്നത്. വീട്ടിലേക്കു കയറാന്‍ വയ്യാത്ത സ്ഥിതിയായതിനാല്‍ സൗദാമിനിയുടെ വീട്ടിലാണ് ഇവര്‍ കഴിയുന്നത്. വീട്ടിലേക്കു വഴി ലഭ്യമാക്കണമെന്നും അനധികൃത മണ്ണെടുപ്പ് നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കലക്ടര്‍ക്കും ഇരിങ്ങാലക്കുട റവന്യു ഡിവിഷന്‍ ഓഫിസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

Advertisement