ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഇന്‍ സര്‍ജറി, കണ്‍സള്‍ട്ടന്റ് ഇന്‍ അനസ്‌തേഷ്യ തസ്തികകള്‍ നിറുത്തലാക്കിയതില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. തസ്തിക നിലനിറുത്തുന്നതില്‍ സ്ഥലം എം. എല്‍. എ. ഉത്തരവാദിത്വം നിറവേറ്റണമെന്ന് യു. ഡി. എഫ്, നഗരസഭാ ഭരണ നേത്യത്വം ഉത്തരവാദിത്വം നിറവേറ്റുന്നില്ലെന്ന് എല്‍. ഡി. എഫ്, എല്‍. ഡി. എഫ്്-യു. ഡി. എഫ്. ഒത്തുകളിയെന്നാരോപിച്ച് ബി. ജെ. പി. അംഗങ്ങള്‍ ഇറങ്ങിപ്പോയി. വെള്ളിയാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിന്റെ ആരംഭത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജുവാണ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഇന്‍ സര്‍ജറി, കണ്‍സള്‍ട്ടന്റ് ഇന്‍ അനസ്‌തേഷ്യ തസ്തികകള്‍ നലനിറുത്തണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കുന്നകാര്യം ഉന്നയിച്ചത്. വിഷയത്തില്‍ ഇടപെട്ടു സംസാരിച്ച എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാര്‍ ഇത്തരമൊരു സംഭവത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എന്ന രീതിയില്‍ എടുക്കേണ്ട നടപടികള്‍ എടുത്തില്ലെന്ന് കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് എം. എല്‍. എ. ക്ക് കത്തു നല്‍കാന്‍ പോലും തയ്യാറായിട്ടില്ല. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റി യാതൊരു വിധ നടപടികളും സ്വീകരിക്കുന്നില്ലെന്നും പി. വി. ശിവകുവമാര്‍ ആരോപിച്ചു. എന്നാല്‍ കഴിഞ്ഞ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റിയില്‍ താനും ഉദ്യോഗസ്ഥരും പ്രൊഫ കെ. യു. അരുണന്‍ എം. എല്‍. എ. യോട് നേരിട്ട് പറഞ്ഞതാണന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു വിശദീകരിച്ചു. ഇത് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ള അനാസ്ഥയാണന്നും, തസ്തിക നഷ്ടപ്പെടാതിരിക്കാനുള്ള ഉത്തരവാദിത്വം സ്ഥലം എം എല്‍ എ. കാണിക്കണമായിരുന്നുവെന്നും വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി വര്‍ഗീസ് പറഞ്ഞു. ജനറല്‍ ആശുപത്രിയെന്ന് പേരില്‍ മാത്രം പറയുകയും തസ്തികള്‍ നിറുത്തലാക്കുകയും മാത്രമല്ല നടക്കുന്നതെന്നും ആശുപത്രിയിലെ മോര്‍ച്ചറി പ്രവര്‍ത്തിച്ചിട്ട് മാസങ്ങളായെന്നും ബി. ജെ പി. അംഗം സന്തോഷ് ബോബന്‍ കുറ്റപ്പെടുത്തി. നിയോജക മണ്ഡലത്തിലെ മുഴുവന്‍ ആളുകളും ആശ്രയിക്കുന്ന ആശുപത്രിയിലെ തസ്തിക നിറുത്തലാക്കുന്നതുമായി ബന്ധപ്പെട്ട് എല്‍. ഡി. എഫ്. ഉും യു. ഡി. എഫ് ഉും പരസ്പരം ഒത്തുകളി നടത്തുകയാണന്ന് സന്തോഷ് ബോബന്‍ കുറ്റപ്പെടുത്തി. തസ്തിക നിലനിറുത്തുന്നതടക്കമുള്ള വിഷയങ്ങള്‍ സംസ്ഥാന ആരോഗ്യമന്ത്രിയെ കണ്ട് ധരിപ്പിക്കുന്നതിന് സര്‍വ്വകക്ഷി പ്രതിനിധി സംഘത്തെ അയക്കണമെന്നും സന്തോഷ് ബോബന്‍ നിര്‍ദ്ദേശിച്ചു. തസ്തിക നിറുത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട പ്ലക്കാര്‍ഡുമായാണ് ബി. ജെ. പി. അംഗങ്ങള്‍ യോഗത്തിനെത്തിയത്. ഉത്തരവാദിത്വം നിറവേറ്റാതെ സ്ഥലം എം. എല്‍. എ യെ അവഹേളിക്കുന്നതിനാണ് യു. ഡി. എഫ്. ശ്രമിക്കുന്നതെന്ന് ആരോപിച്ച് സി. സി. ഷിബിന്‍, വത്സല ശശി, എം. സി. രമണന്‍ അടക്കമുള്ള എല്‍. ഡി. എഫ്. അംഗങ്ങള്‍ രംഗത്തു വന്നു. എന്നാല്‍ ചെയര്‍പേഴ്‌സണ്‍ നേരിട്ടു പറഞ്ഞിട്ടും നടപടി സ്വീകരിക്കാതെ മുനിസിപ്പല്‍ ചേയര്‍പേഴ്‌സന്റെ കത്തു വേണമെന്നാവശ്യപ്പെടുന്നതിനെ ചോദ്യം ചെയ്ത് യു. ഡി. എഫ്. അംഗങ്ങളായ എം. ആര്‍. ഷാജു, കുരിയന്‍ ജോസഫ് അടക്കമുള്ളവരും രംഗത്തെത്തിയതോടെ ഏറെ നേരം ബഹളം തുടര്‍ന്നു. എല്‍. ഡി. എഫ്-യു. ഡി. എഫ്. അംഗങ്ങളുടെ തര്‍ക്കത്തിനിടയിലാണ് ഇരുവരും തമ്മിലുള്ള ഒത്തുകളിയാണന്ന് ആരോപിച്ച് സന്തോഷ് ബോബന്റെ നേത്യത്വത്തില്‍ ബി. ജെ. പി. അംഗങ്ങള്‍ ഇറങ്ങിപ്പോയത്. തുടര്‍ന്ന് ഇതു സംബന്ധിച്ച് ഉടന്‍ എം. എല്‍. എ. ക്ക് കത്തു നല്‍കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ചിരുന്ന ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അറിയിച്ചതോടെയാണ് ഒരു മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് വിരാമമായത്. .
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ തസ്തികകള്‍ നിറുത്തലാക്കിയതില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം
Advertisement