മുകുന്ദപുരം താലൂക്കിലെ മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള അവാര്‍ഡ് കരൂപ്പടന്ന ഗ്രാമീണ വായനശാല പ്രസിഡന്റ് എ.കെ. അബ്ദുള്‍മജീദിന്

525
Advertisement

കരൂപ്പടന്ന: മുകുന്ദപുരം താലൂക്കിലെ മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള അവാര്‍ഡ് കരൂപ്പടന്ന ഗ്രാമീണവായനശാല പ്രസിഡന്റ് എ.കെ.അബ്ദുള്‍ മജീദിന് ലഭിച്ചു. നാല് വര്‍ഷമായി കരൂപ്പടന്ന ഗ്രാമീണ വായനശാലയില്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. വായനശാലയിലെ യുവത, വനിതാ വേദി, ബാലവേദി, ഫിലിം ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതില്‍ ഇടപെട്ട് പ്രവര്‍ത്തിച്ചു. 2016 -ലെ താലൂക്കിലെ മികച്ച ലൈബ്രറിക്കുള്ള പുരസ്‌കാരവും ജൈവ പച്ചക്കറി വ്യാപനത്തിനുള്ള ലൈബ്രറി കൗണ്‍സിലിന്റെ പ്രഥമ ജില്ലാതല അവാര്‍ഡും കരൂപ്പടന്ന ഗ്രാമീണവായനശാലക്ക് ലഭിച്ചതില്‍ വലിയ പങ്കാണ് മജീദിനുള്ളത്. നാടകക്കളരി, വാനനിരീക്ഷണം, ജൈവപച്ചക്കറി വ്യാപനം, ഫ്‌ലഡ് ലിറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്, ബാലവേദി ക്യാമ്പുകള്‍, സെമിനാറുകള്‍ തുടങ്ങി നിരവധി വ്യത്യസ്തങ്ങളായ പരിപാടികള്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ നടപ്പാക്കി. വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കൂടിയായ മജീദ് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവ മാണ്. ദീര്‍ഘകാലം പ്രവസിയായിരുന്ന മജീദ് നാട്ടിലെത്തിയതിന് ശേഷം പൊതുപ്രവര്‍ത്തനത്തില്‍ സജീവമാവുകയായിരുന്നു. ഒമാനിലെ കൈരളി ആര്‍ട്‌സ് ക്ലബ്ബ് ജനറല്‍ സെക്രട്ടറി, ഇടം മസ്‌ക്കത്തിന്റെ ചെയര്‍മാന്‍ എന്നിങ്ങനെ മസ്‌ക്കത്തിലെ പ്രവാസ കാലയളവിലും സജീവമായി തന്നെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നു. ഭാര്യ :റാബിയ. മക്കള്‍: ബിജാസ്, ജിബീന. ജൂണ്‍ 19 -ന് രാവിലെ തൃശ്ശൂര്‍ മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ നടക്കുന്ന വായനപക്ഷാചരണം ജില്ലാ തല ഉദ്ഘാടന വേദിയില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും.

 

 

Advertisement