കേടുപറ്റാത്തതുമായ വസ്ത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാനായി സേവന കേന്ദ്രം തുടങ്ങി.

422

ഇരിങ്ങാലക്കുട : നിറം മങ്ങാത്തതും കേടുപറ്റാത്തതുമായ വസ്ത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാനായി എടക്കുളം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ മാതൃവേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സേവന കേന്ദ്രം തുടങ്ങി. ഇത്തരത്തില്‍ ശേഖരിക്കുന്ന വസ്ത്രങ്ങള്‍ നിര്‍ധനര്‍, രോഗികള്‍, മറുനാടന്‍ തൊഴിലാളികള്‍ എന്നിവര്‍ക്ക് സൗജന്യമായി നല്‍കുന്ന പദ്ധതിക്കാണ് തുടക്കമിട്ടത്. എടക്കുളം മേഖലയിലെ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമായി ഏകദേശം ആയിരത്തിലേറെ വസ്ത്രങ്ങളാണ് മാതൃവേദി പ്രവര്‍ത്തകര്‍ ആദ്യഘട്ടത്തില്‍ ശേഖരിച്ചത്. സമാഹരിച്ച വസ്ത്രങ്ങള്‍ ആരോഗ്യ, പരിസ്ഥിതി, ജീവകാരുണ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ അന്നം ഫൗണ്ടേഷന്റെ ജനകീയ ഡ്രസ്സ് ബാങ്കിലേക്കായി കൈമാറി. പള്ളിയിലെ ഊട്ട് തിരുനാളിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ പള്ളി വികാരി ഫാ. ഡേവീസ് കുടിയിരിക്കലില്‍ നിന്നും അന്നം ഫൗണ്ടേഷന്‍ പ്രസിഡന്റ് സന്ദീപ് പോത്താനി വസ്ത്രങ്ങള്‍ ഏറ്റുവാങ്ങി. മാതൃവേദി പ്രവര്‍ത്തകരായ സി. സെലിന്‍, ഫിന്‍സി ബാബു, മേരി ടോമി, റീന ജയ്‌സണ്‍, റീമ ഷാജി എന്നിവര്‍ സംസാരിച്ചു.

Advertisement