കാട്ടൂര്‍ ബൈപ്പാസ്സ് റോഡിലെ കെട്ടിട നിര്‍മാണം തടഞ്ഞതിന്റെ അവകാശവാദത്തെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം

407

ഇരിങ്ങാലക്കുട : കാട്ടൂര്‍ ബൈപ്പാസ്സ് റോഡിലെ കെട്ടിട നിര്‍മാണം തടഞ്ഞതിന്റെ അവകാശവാദത്തെ ചൊല്ലി തര്‍ക്കം, ചെയര്‍പേഴ്‌സണ്‍ ഫയല്‍ പൂഴ്ത്തിയെന്ന് എല്‍. ഡി. എഫ്, ബില്‍ഡിങ്ങ് പെര്‍മിറ്റ് നല്‍കുന്നത് ഉദ്യോഗസ്ഥരെന്ന് യു. ഡി. എഫ്, ബില്‍ഡിങ്ങ് പെര്‍മിറ്റ് നല്‍കിയതില്‍ വീഴ്ച സംഭവിച്ചെന്ന് സെക്രട്ടറി. ചൊവ്വാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിലാണ് ബൈപ്പാസ്സ് റോഡിലെ കെട്ടിന നിര്‍മാണം തടഞ്ഞതുമായി ബന്ധപ്പെട്ട് എല്‍. ഡി. എഫ്, യു. ഡി. എഫ്. അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നത്. ബൈപ്പാസ്സ് റോഡിലെ കുപ്പികഴുത്ത് ഒഴിവാക്കുന്നതിന് സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട അജണ്ടയില്‍ നടന്ന ചര്‍ച്ചയാണ് ഒരു മണിക്കൂറോളം നീണ്ടു നിന്ന വാദപ്രതിവാദങ്ങള്‍ക്ക് വഴിവച്ചത്. ബൈപ്പാസ്സ് റോഡില്‍ പുതിയ ബില്‍ഡിങ്ങ് പെര്‍മിറ്റ് നല്‍കിയതിനെ വിമര്‍ശിച്ച് രംഗത്തു വന്ന എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാര്‍ ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് ചെയര്‍പേഴ്‌സണ്‍ പൂഴ്ത്തിവച്ചതായി ആരോപിച്ചു. കുപ്പികഴുത്തുള്ള ഭാഗത്ത് സ്വകാര്യ വ്യക്തി നിയമവിരുദ്ധമായി നടത്തി വന്നിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താനടക്കമുള്ള എല്‍. ഡി. എഫ്. അംഗങ്ങള്‍ തടഞ്ഞതു കൊണ്ടാണ് നിറുത്തി വച്ചത് ശിവകുമാര്‍ ചൂണ്ടിക്കാട്ടി. ബൈപ്പാസ്സ് റോഡിന് വികസനത്തിനാവശ്യമായ സ്ഥമാണന്ന് കോടതിയെ ധരിപ്പിക്കുവാന്‍ ശ്രമിച്ചില്ലെന്നും ശിവകുമാര്‍ ആരോപിച്ചു. ബൈപ്പാസ്സ് റോഡിന്റെ വികസനം അട്ടിമറിക്കാന്‍ ഭരണ നേത്യത്വം ശ്രമിക്കുന്നതെന്ന് എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിന്‍ കുറ്റപ്പെടുത്തി. ബൈപ്പാസ്സ് റോഡിനോടുള്ള ചേര്‍ന്നുള്ള സ്ഥലത്ത് ബില്‍ഡിങ്ങ് പെര്‍മിറ്റ് നല്‍കിയത് കൗണ്‍സിലിനെ അറിയിച്ചില്ലെന്നും സി. സി. ഷിബിന്‍ പറഞ്ഞു. എന്നാല്‍ കെട്ടിട നിര്‍മാണം തടഞ്ഞ സ്ഥലത്ത് താനടക്കമുള്ള യു. ഡി. എഫ്. കൗണ്‍സിലര്‍മാരും ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി യു. ഡി. എഫ്. അംഗം കുരിയന്‍ ജോസഫ് രംഗത്തു വന്നു. ബില്‍ഡിങ്ങ് പെര്‍മിറ്റ് നല്‍കുന്നത് ഉദ്യോഗസ്ഥരാണന്നും അതിന് ചെയര്‍പേഴ്‌സണ്‍ ഉത്തരവാദിത്വം വഹിക്കണമെങ്കില്‍ ആദ്യം പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കുരിയന്‍ ജോസഫ് ആവശ്യപ്പെട്ടു. ഇതോടെ യു. ഡി. എഫ്, എല്‍. ഡി. എഫ്. അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം ആരംഭിച്ചു. ബൈപ്പാസ്സ് റോഡ് നിര്‍മ്മിച്ചത് യു. ഡി. എഫ്. നേത്യത്വത്തിലുള്ള ഭരണ സമിതിയാണന്ന് അവകാശപ്പെട്ട വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം. ആര്‍. ഷാജു എന്നിവര്‍ അതിന്റെ ക്രെഡിറ്റ് എല്‍. ഡി. എഫ് ഏറ്റെടുക്കാന്‍ ശ്രമിക്കേണ്ടന്നും പറഞ്ഞു. കെട്ടിട നിര്‍മാണത്തിന്റെ പെര്‍മിറ്റ് നല്‍കുന്നത് ഉദ്യോഗസ്ഥരാണ്, പെര്‍മിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സെക്രട്ടറി അടക്കമുള്ളവര്‍ ചെയര്‍പേഴ്ണ്‍ അടക്കമുള്ളവരോട് ചര്‍ച്ച നടത്തിയിട്ടില്ല. ബൈപ്പാസ്സ് റോഡിലെ കുപ്പികഴുത്ത് ഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായും അഡ്വ വി. സി വര്‍ഗീസ് പറഞ്ഞു. താന്‍ ഫയല്‍ പൂഴ്ത്തിയെന്ന എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാറിന്റെ ആരോപണം തള്ളിയ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഫയല്‍ പൂഴ്ത്തിയതിന്റെ തെളിവ് ഹാജരാക്കുവാന്‍ ആവശ്യപ്പെട്ടു. പെര്‍മിറ്റ് നല്‍കിയതിനെ ഭരണനേത്യത്വത്തെ വിമര്‍ശിക്കുന്ന പ്രതിപക്ഷം, പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുവാന്‍ തയ്യാറാകണം. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഉത്തരവാദിത്വം നിര്‍വ്വഹിക്കണമെന്നും ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ആവശ്യപ്പെട്ടു. കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് ചെയര്‍പേഴ്‌സന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സെക്രട്ടറി നല്‍കിയ വിശദീകരണത്തിലാണ് തനിക്ക് വീഴ്ച സംഭവിച്ചതായി പറഞ്ഞത്. നിലവില്‍ കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റ് നല്‍കുന്നത് മുനിസിപ്പല്‍ എഞ്ചിനിയറും, സെക്രട്ടറിയുമാണ്. ചെര്‍പേഴസണോ, കൗണ്‍സിലിലോ അറിയിക്കേണ്ടതില്ല. കുപ്പികഴുത്തു ഭാഗത്തു സ്വകാര്യ വ്യക്തി നല്‍കിയ അപേക്ഷ നിലമാണന്ന് കാണിച്ച് നഗരസഭ തള്ളിയിരുന്നു. ഇതിനെതിരെ സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീച്ചതിനെ തുടര്‍ന്നാണ് ആവശ്യമായ രേഖകള്‍ ഹാജരാക്കിയാല്‍ പെര്‍മിറ്റ് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. അന്ന് സമര്‍പ്പിച്ച അപേക്ഷയിലും സ്ഥല പരിശോധനയിലും മറ്റ് നിയമവിരുദ്ധമായി ഒന്നും കാണാതിരുന്നതിനെ തുടര്‍ന്നാണ് പെര്‍മിറ്റ് നല്‍കിയത്. എന്നാല്‍ ബൈപ്പാസ്സ് റോഡിലെ കുപ്പികഴുത്തിന്റെ ഭാഗത്താണ് കെട്ടിടം നിര്‍മ്മിക്കുന്നതെന്ന ധാരണ ഇല്ലാതെയാണ് താന്‍ പെര്‍മിറ്റ് നല്‍കിയത്. ഇത് തന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ്. െഹക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് നല്‍കിയ പെര്‍മിറ്റ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് അഭിഭാഷകരുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമായി. റോഡ് നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കുന്ന നടപടിക്രമങ്ങള്‍ ആരംഭിച്ചാല്‍ പെര്‍മിറ്റ് റദ്ദാക്കുവാന്‍ കഴിയുമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്്. അതേ സമയം സ്വകാര്യ വ്യക്തി അവിടെ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമായാണന്നും നിറുത്തി വക്കാന്‍ രണ്ടു വട്ടം നോട്ടീസ് നല്‍കിയിട്ടും തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് പോലീസ് സഹായത്തോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തി വപ്പിച്ചതെന്നും സെക്രട്ടറി ഒ. എന്‍. അജിത്ത്കുമാര്‍ വിശദീകരിച്ചു.

 

Advertisement