വാഹനനിയമം പാലിച്ചവര്‍ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ കൂപ്പണ്‍ സമ്മാനം നല്‍കി റോഡ് സുരക്ഷാ വാരാചരണം

727
Advertisement

ഇരിങ്ങാലക്കുട : റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍ സി സി യൂണിറ്റും ഇരിങ്ങാലക്കുട പോലീസും സംയുക്തമായി ബോധവല്‍ക്കരണവും സുരക്ഷാ പരിശോധനയും നടത്തി. ഏപ്രില്‍ 27 ന് രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ്റ്റാന്റ് പരിസരത്ത് വച്ചു നടന്ന ചടങ്ങില്‍ ഡി വൈ എസ് പി ഫേമസ് വര്‍ഗീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച മാതൃകാഡ്രൈവര്‍ക്കുള്ള ആദ്യപുരസ്‌കാരം ഓട്ടോ ഡ്രൈവര്‍ സുബ്രമണ്യന് ഇരിങ്ങാലക്കുട സി ഐസുരേഷ് കുമാര്‍ സമ്മാനിച്ചു. വാഹന പരിശോധനയുടെ ഉദ്ഘാടനം കൊടുങ്ങല്ലൂര്‍ സി ഐ ബിജുകുമാര്‍ നിര്‍വ്വഹിച്ചു. സെന്റ് ജോസഫ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ സി ക്രിസ്റ്റി ആശംസകള്‍ നേര്‍ന്നു. പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരായ അസോസിയേറ്റ് എന്‍ സി സി ഓഫീസര്‍ ലഫ്റ്റനന്റ് ലിറ്റി ചാക്കോ സ്വാഗതവും സബ് ഇന്‍സ്‌പെക്ടര്‍ വി വി തോമസ് നന്ദിയും പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിച്ച 10 നല്ല ഡ്രൈവര്‍മാര്‍ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ കൂപ്പണ്‍ വീതം സമ്മാനമായി നല്‍കി. മൂവാറ്റുപുഴയില്‍ നിന്ന് ബൈക്കിലെത്തിയ ജിയോ പീറ്റര്‍ മുതല്‍ കാര്‍ യാത്രികരും ഓട്ടോ ഡ്രൈവര്‍മാരും ബസ് ജീവനക്കാരും പരിശോധനയ്ക്കു വിധേയരായി. നിയമങ്ങള്‍ തെറ്റിച്ചു വന്നവരെ നിയമങ്ങളനുസരിക്കാന്‍ ബോധവല്‍ക്കരിച്ചും സുരക്ഷയ്ക്കു മുന്‍തൂക്കം നല്‍കിയവരെ മധുരം നല്‍കി അഭിനന്ദിച്ചും കേഡറ്റ്‌സ് സുരക്ഷാ ദിനാചരണം പൂര്‍ത്തിയാക്കി.