വര്‍ഗ്ഗീയതയ്ക്കും അസഹിഷ്ണതക്കുമെതിരെയുള്ള പോരാട്ടത്തിന് കെ.പി.എം.എസ്. ശക്തി പകരും :- വി.ശ്രീധരന്‍

394

ഇരിങ്ങാലക്കുട : രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വര്‍ഗ്ഗീയതയും അസഹിഷ്ണതയും ചെറുത്ത് തോല്പിക്കുവാന്‍ മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ പോരാട്ടം അനിവാര്യമാണെന്നും, അത്തരം ഒരു പോരാട്ടത്തിന് ശക്തി പകരുവാന്‍ കേരള പുലയര്‍ മഹാ സഭ ഒപ്പമുണ്ടാകുമെന്നും കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് വി.ശ്രീധരന്‍ അഭിപ്രായപ്പെട്ടു. കെ.പി.എം.എസ്. സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായിരുന്ന പി.കെ ചാത്തന്മാസ്റ്ററുടെ 30 മത് ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഉണ്ണിയവാര്യയര്‍ സ്മാരക ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിക്കും അയിത്തത്തിനുമെതിരെ പി.കെ.ചാത്തന്മാസ്റ്റര്‍ നടത്തിയ ഐതിഹാസികമായ സമരങ്ങള്‍ അത്തരം ഒരു പോരാട്ടത്തിന് ഊര്‍ജ്ജവും പ്രചോദനവും നല്കുമെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. കെ.പി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി.ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി.എ.അജയഘോഷ് സ്വാഗതം ആശംസിച്ചു. സംസ്ഥാന അസി:സെക്രട്ടറി പി.കെ.രാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.എസ്.രാജു, സുബ്രന്‍ കൂട്ടാല ,ഐ.എ. ബാലന്‍, ജില്ലാ ഖജാന്‍ജി സന്ദീപ് അരിയാംപുറം, കെ.വി.കാര്‍ത്ത്യായനി ,ലീലാവതി കുട്ടപ്പന്‍ ,ഉഷ വേണു ,സുനിത സജീവന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ശാന്ത ഗോപാലന്‍ കൃതജ്ഞത രേഖപ്പെടുത്തി. രാവിലെ 8 മണിക്ക് ചാത്തന്മാസ്റ്ററുടെ സ്മൃതി മണ്ഡപത്തില്‍ നടത്തിയ പുഷ്പാര്‍ച്ചനയിലും അനുസ്മരണ സമ്മേളനത്തിലും സ്ത്രീകള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് പ്രവൃത്തകര്‍ പങ്കെടുത്തു.

Advertisement