അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പൂമംഗലം- പടിയൂര്‍ മേഖലയിലെ കൃഷിയിടങ്ങള്‍ കൃഷിയോഗ്യമാക്കാനുള്ള നിവേദനം കൃഷി മന്ത്രിക്ക് സമര്‍പ്പിച്ചു.

538

എടക്കുളം: അടിസ്ഥാന സൗകര്യങ്ങളില്ലാതെ തരിശായി കിടക്കുന്ന പൂമംഗലം- പടിയൂര്‍ മേഖലയിലെ മുഴുവന്‍ കൃഷിയിടങ്ങളും കൃഷിയോഗ്യമാക്കാനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ നിവേദനം കര്‍ഷകര്‍ കൃഷി മന്ത്രിക്ക് സമര്‍പ്പിച്ചു. കോള്‍ മേഖല നേരിട്ട് സന്ദര്‍ശിച്ച മന്ത്രി വി എസ് സുനില്‍ കുമാറിനാണ് കര്‍ഷക സംഘം പ്രതിനിധികള്‍ നിവേദനം നല്‍കിയത്. 500 ഹെക്ടറില്‍ അധികം വരുന്ന കോള്‍മേഖലയുടെ ഭൂരിഭാഗം പ്രദേശങ്ങളും 20 വര്‍ഷത്തിലേറെയായി തരിശായി കിടക്കുകയാണെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. ബണ്ടുകള്‍ നിര്‍മ്മിച്ചും അവുണ്ടറ റിസര്‍വോയര്‍ ആഴം കൂട്ടി മോട്ടോറുകള്‍ സ്ഥാപിച്ച് മുഴുവന്‍ പ്രദേശങ്ങളും കൃഷിയോഗ്യമാക്കാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു. നവീകരണ- സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഷണ്‍മുഖം കനാലില്‍ നിന്ും ലഭ്യമായ മതിയായ മണ്ണുപയോഗിച്ച് ബണ്ട് നിര്‍മ്മാണം പൂര്‍ത്തികരിക്കാന്‍ നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കനാലിനെ മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ മേല്‍നോട്ടത്തില്‍ കൃഷി ആവശ്യത്തിനുള്ള റിസര്‍വോയറാക്കുക, ഫ്ളോട്ടിങ്ങ് ജെ.സി.ബി. ഉപയോഗിച്ച് പൂക്കോട്ടുപുഴ മുതല്‍ ഷണ്‍മുഖം കനാല്‍ വരെയുള്ള റിസര്‍വോയറിലെ കുളവാഴകളും ചണ്ടികളും യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കം ചെയ്യുക, റിസര്‍വോയര്‍ കുളവാഴയും കാടും നിറഞ്ഞതിനാല്‍ നീല കോഴികളുടെ പുതിയ ആവാസ കേന്ദ്രമായി ഇത് മാറുകയും വന്‍തോതില്‍ കൃഷി നശിപ്പിക്കുകയുമാണ് ഇവ ചെയ്യുന്നത്. അതിനാല്‍ വിള സംരക്ഷണ പദ്ധതിയും വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരവും ഉറപ്പുവരുത്തണമെന്നും നിവേദനത്തില്‍ സംഘം ആവശ്യപ്പെട്ടു. കര്‍ഷക സംഘം പ്രതിനിധികളായ കെ.എന്‍. ദിലീപ് കുമാര്‍, എ.വി. ഗോകുല്‍ദാസ്, കെ.വി. ജിനരാജദാസന്‍ എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ച മന്ത്രിക്ക് നിവേദനം നല്‍കിയത്.

Advertisement