പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ.

525
Advertisement

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞിട്ടും രാജ്യത്ത് ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡിലെത്തി. രാജ്യം കത്തിക്കാളുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ കുത്തക കമ്പനികള്‍ക്ക് കൂട്ടുനില്‍ക്കുന്ന നയവുമായി മുന്നോട്ട് പോവുകയാണ്. ഡീസല്‍ പെട്രോള്‍ വില ഉല്‍പ്പാദന വിലയുടെ രണ്ടിരട്ടിയാണ്. കമ്പനികളുടെ കൊള്ളലാഭം മാറ്റി നിര്‍ത്തിയാല്‍ വെറും 25 രൂപക്ക് ഇന്ധനം വില്‍ക്കാനാവുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2007 മുതല്‍ 2017 വരെയുള്ള കാലയളവില്‍ എണ്ണക്കമ്പനികള്‍ 50,000 കോടിയിലേറെ കൊള്ളലാഭം കൊയ്തതായാണ് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വ്യക്തമാക്കുന്നത്. ഇത്തരം നെറികേടുകള്‍ക്കെതിരായ ശക്തമായ പ്രതിഷേധം രാജ്യത്ത് ഉയര്‍ന്ന് വരണം. പെട്രോളിന് 77.78 രൂപയും ഡീസലിന് 70.25 രൂപയുമായാണ് ഇപ്പോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. ഡീസല്‍ വില നിര്‍ണ്ണയാധികാരം ബി.ജെ.പി. സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതോടെ കുത്തനെ വില വര്‍ദ്ധിപ്പിക്കുകയാണ്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കേന്ദ്ര എക്‌സൈസ് നികുതി അഞ്ചുതവണകളിലായി ആറ് രൂപ വര്‍ദ്ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 19.42 രൂപയും ഡീസലിന് 15.33 രൂപയും എക്സൈസ് നികുതി ഇനത്തില്‍ ഏര്‍പ്പെടുത്തുക വഴി കേന്ദ്രം കോടികള്‍ കൊയ്യുകയാണ്. ഇന്ധന വില ദിവസം തോറും നിയ്യന്ത്രിക്കാന്‍ കഴിഞ്ഞ ജൂണ്‍ 16 നാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇത് വഴി പതിനായിരക്കണക്കിന് കോടി രൂപയാണ് എണ്ണക്കമ്പനികളുടെ കൊള്ള ലാഭം. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ തകര്‍ക്കുന്ന കോര്‍പ്പറേറ്റ് അനുകൂല നയങ്ങളുമായി മോദീ ഗവര്‍മെണ്ട് മുന്നോട്ട് പോവുകയാണ്. ഇന്ധനവില വര്‍ദ്ധനവിനെതിരായി രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ഡി.വൈ.എഫ്.ഐ തയ്യാറാകുകയാണ്. ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍.എല്‍.ശ്രീലാല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക് സെക്രട്ടറി സി.ഡി.സിജിത്ത് അഭിവാദ്യം ചെയ്ത് സംസാരിച്ചു. ബ്ലോക്ക് നേതാക്കളായ ആര്‍.എല്‍.ജീവന്‍ലാല്‍, ബി.കെ.അഭിജിത്ത്, കെ.എല്‍.അഖില്‍, കെ.എം.അരുണ്‍ നാഥ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement