സന്തോഷ് ട്രോഫി കേരളത്തിന് : ഇരിങ്ങാലക്കുട ക്രൈസ്റ്റിന് അഭിമാന മുഹൂര്‍ത്തം.

1915
Advertisement

ഇരിങ്ങാലക്കുട : അത്യന്തം ആവേശകരമായ പോരാട്ടത്തിനൊടുവില്‍ കേരളത്തിന് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം. ബംഗാളിനെ തിരായ ഫൈനലിന്റെ നിശ്ചിത സമയത്തും അധികസമയത്തും സമനിലയായതിനെത്തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് കേരളം വെന്നിക്കൊടി പാറിച്ചത്.കേരളം ഇത്തവണ സന്തോഷ് ട്രോഫി നേടുമ്പോള്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഭിമാന മുഹൂര്‍ത്തം കൂടിയാണ്.കാരാണം കേരള ടീമിലെ മൂന്ന് ചുണകുട്ടികള്‍ ക്രൈസ്റ്റ് കോളേജിന്റെ മണിമുത്തുകളാണ്.ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് പാറേകോട്ടില്‍,ജിതിന്‍ ഗോപാല്‍ കൂടാതെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ വിധിന്‍ തോമസ്.ഇതില്‍ വിധിന്‍ തോമസ്,ജിതില്‍ ഗോപാല്‍ എന്നിവര്‍ കേരളത്തിന് വേണ്ടി ഗോള്‍ നേടിയിരുന്നു.കായിക രംഗത്തേ പഴയ പ്രതാപത്തിലേയ്ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മടങ്ങി എത്തുകയാണ്.ഏറെ ആഹ്ലാദത്തിലാണ് ഇത്തവണത്തേ കീരിട വാര്‍ത്ത ഇരിങ്ങാലക്കുടക്കാര്‍ നോക്കി കാണുന്നത്.സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ ആറാം കിരീടമാണിത്. നിശ്ചിത സമയത്ത് 1-1ഉം അധികസമയത്തിന്റെ അവസാനം 2-2ഉം ആയിരുന്നു. തുടര്‍ന്നാണ് ഷൂട്ടൗട്ടില്‍ 4-2ന്റെ ജയത്തോടെ കേരളം ആറാം തമ്പുരാനായി കോല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ അവരോധിതരായത്. കേരളത്തിന്റെ സൂപ്പര്‍ ഹീറോ ആയത് ഗോളി വി. മിഥുന്‍ ആണ്. ബംഗാളിന്റെ രണ്ട് പെനാല്‍റ്റികള്‍ ഷൂട്ടൗട്ടില്‍ മിഥുന്‍ തടഞ്ഞിട്ടു. മത്സരത്തിലുടനീളം മിന്നുന്ന പ്രകടനമാണ് വലയ്ക്കു മുന്നില്‍ മിഥുന്‍ പുറത്തെടുത്തത്. രാഹുല്‍ വി. രാജ്, ജിതിന്‍ ഗോപാല്‍, ജസ്റ്റിന്‍ ജോര്‍ജ്, എസ്. സീസണ്‍ എന്നിവര്‍ ഷൂട്ടൗട്ടില്‍ കേരളത്തിനായി ലക്ഷ്യംകണ്ടു.
പെനാല്‍റ്റിയിലേക്കു നീണ്ടതോടെ ഷൂട്ടൗട്ടില്‍ ബംഗാളിന്റെ ആദ്യ കിക്ക് കേരള കീപ്പര്‍ വി. മിഥുന്‍ തടഞ്ഞു. കേരളത്തിന്റെ കിക്ക് ലക്ഷ്യംകാണുകയും ചെയ്തു. ബംഗാളിന്റെ രണ്ടാം കിക്കിനും കേരളത്തിന്റെ പ്രതിരോധം മറികടക്കാനായില്ല. രണ്ടാം തവണയും കേരളം ലക്ഷ്യംകാണുകയും ചെയ്തതോടെ സമ്മര്‍ദം ബംഗാളിനൊപ്പമായി. എന്നാല്‍ ബംഗാളിന്റെ മൂന്നാം കിക്ക് ലക്ഷ്യത്തിലെത്തി. ഇതോടെ സ്‌കോര്‍ 2-1 ആയി. കേരളത്തിന്റെ മൂന്നാം കിക്ക് ബംഗാളിന്റെ വല തകര്‍ത്തതോടെ ഗാലറിയില്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു.14 വര്‍ഷത്തിനുശേഷമാണു കേരളം സന്തോഷ് ട്രോഫി സ്വന്തമാക്കുന്നത്. 2005ലാണ് ഇതിനു മുമ്പുള്ള കിരീടനേട്ടം. 2013ല്‍ സ്വന്തം നാട്ടുകാരുടെ മുന്നില്‍ ഫൈനലിലെത്തിയെങ്കിലും ഷൂട്ടൗട്ടില്‍ സര്‍വീസസിനോട് 5-4ന് തോറ്റു. 2013നുശേഷം കേരളം ആദ്യമായാണ് ഫൈനലില്‍ പ്രവേശിക്കുന്നത്. പതിമൂന്ന് വര്‍ഷമായി കിരീടം നേടാനാവത്തതിന്റെ ദുഃഖം അവസാനിപ്പിക്കാനാണ് കേരളം ഇറങ്ങിയത്. കോല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ബംഗാളിന്റെ മുന്നേറ്റമാണ് ആദ്യം ദര്‍ശിച്ചത്. പന്ത് കിക്കോഫ് ചെയ്ത് ബംഗാള്‍ മുന്നേറ്റത്തിനു തുനിഞ്ഞെങ്കിലും പതിയെ കേരളം കളിയുടെ നിയന്ത്രണം കൈക്കലാക്കി. തുടക്കത്തില്‍തന്നെ അങ്കിത് മുഖര്‍ജിയിലൂടെ ബംഗാള്‍ കോര്‍ണര്‍ കിക്ക് സ്വന്തമാക്കിയെങ്കിലും കേരളത്തിന്റെ പ്രതിരോധം മുറിക്കാനായില്ല. തുടര്‍ന്ന് മത്സരം മധ്യനിരയുടെ നിയന്ത്രണത്തിലായി. എട്ടാം മിനിറ്റില്‍ കേരളത്തിന് പെനാല്‍റ്റി ബോക്‌സിനു തൊട്ടുപുറത്ത് ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍, മാജിക് കാണിക്കാന്‍ കേരള താരങ്ങള്‍ക്കു സാധിച്ചില്ല.19-ാം മിനിറ്റില്‍ കേരളം ലീഡ് സ്വന്തമാക്കി. ബംഗാളിന്റെ ആക്രമണത്തിനു മറുപടിയായുള്ള നീക്കമാണ് ഗോളിനു വഴിവച്ചത്. ബംഗാളിന്റെ നീക്കം പ്രതിരോധിച്ച് പന്ത് കേരളം കൈക്കലാക്കി. തുടര്‍ന്ന് മൈതാനത്തിന്റെ മധ്യഭാഗത്തുനിന്ന് സീസണ്‍ ഉയര്‍ത്തി നല്കിയ പന്ത് സ്വീകരിച്ച് എം.എസ്. ജിതിന്‍ ബംഗാള്‍ ഗോള്‍ മുഖം ലക്ഷ്യമാക്കി കുതിച്ചു. ഒറ്റയ്ക്കു മുന്നേറിയെത്തിയ ജിതിനെ പ്രതിരോധിക്കാനായി ബംഗാള്‍ ഗോള്‍ കീപ്പര്‍ മുന്നോട്ട് കയറി. എന്നാല്‍, ഗോളിയുടെ കാലുകള്‍ക്കിടയിലൂടെ പന്ത് വലയിലേക്ക് തിരിച്ച് വിട്ട് ജിതിന്‍ കേരളത്തിന് ലീഡ് സമ്മാനിച്ചു. കേരളം -1, ബംഗാള്‍ -0.46-ാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ജിതിനു പിഴച്ചു. പിന്നീട് അഫ്ദലും ലക്ഷ്യം കണ്ടില്ല. 68-ാം മിനിറ്റിലായിരുന്നു ബംഗാളിന്റെ ഗോള്‍ പിറന്നത്. രാജന്‍ ബര്‍മന്റെ ക്രോസ് ബോക്‌സിനുള്ളില്‍വച്ച് ജിതേന്‍ മുര്‍മുവിന്റെ ബൂട്ടിലേക്ക്. മുര്‍മുവിന്റെ പവര്‍ ഷോട്ട് ഗോള്‍വലയുടെ മേല്‍ത്തട്ടില്‍ തുളഞ്ഞിറങ്ങി. ബംഗാള്‍-1, കേരളം -1. തുടര്‍ന്ന് വിജയഗോളിനായി ഇരു ടീമുകളും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മത്സരം നിശ്ചിത സമയത്ത് 1-1 ആയതോടെ അധിക സമയത്തേക്ക് നീണ്ടു. അധികസമയത്ത് ജസ്റ്റിന്‍ ജോര്‍ജിന്റെ ക്രോസില്‍നിന്ന് വിപിന്‍ തോമസ് കേരളത്തിനുവേണ്ടി ലക്ഷ്യംകണ്ടു. കേരളം 2-1നു മുന്നില്‍. എന്നാല്‍, അവസാന മിനിറ്റില്‍ ബംഗാള്‍ ഫ്രീകിക്ക് ഗോളിലൂടെ 2-2ന് ഒപ്പമെത്തി. അതോടെ വിധിനിശ്ചയം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ താരമായത് മിഥുനും.

 

Advertisement