വനമിത്ര പുരസ്‌ക്കാരത്തിന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ് മുന്‍ പ്രസിഡന്റ് പ്രൊഫ. എം എ ജോണിനെ തിരഞ്ഞെടുത്തു.

502

ഇരിങ്ങാലക്കുട : സിവില്‍ സ്റ്റേഷന്റെ ഉദ്ഘാടനത്തോടൊപ്പം 2004ല്‍ പ്രൊഫ.എം.എ ജോണിന്റെ നേതൃത്വത്തില്‍ റോട്ടറി ക്ലബ് ഓഫ് ഇരിങ്ങാലക്കുട ആരംഭിച്ച അര്‍ബൊറേറ്റം ഇന്ന് 525 വ്യത്യസ്ത മരങ്ങളായി വളര്‍ന്നു നില്കുന്നു. അതില്‍ 330 ജൈവ ജാതികളും ഒട്ടു മിക്കവയും അന്യം നിന്ന് പോകുന്ന മരങ്ങളുമാണ്. ജൈവ വൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയമായ പ്രവര്‍ത്തനങ്ങള്‍ക്ക് തൃശൂര്‍ ജില്ലയിലെ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ച്ച വച്ചതിന് കേരളം വനം വന്യജീവി വകുപ്പ് നല്‍കുന്ന 2017 ലെ വനമിത്ര പുരസ്‌ക്കാരത്തിന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ് മുന്‍ പ്രസിഡന്റും ക്രൈസ്റ്റ് കോളേജ് എക്കണോമിക്‌സ് വിഭാഗം തലവനുമായിരുന്ന പ്രൊഫ. എം എ ജോണിനെ തിരഞ്ഞെടുത്തു.മാര്‍ച്ച് 21 ലോക വന ദിനാചരണത്തോട് അനുബന്ധിച്ച് രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍ കീര്‍ത്തി കഎട, വനമിത്ര അവാര്‍ഡ് 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം പ്രൊഫ.എം.എ ജോണിന് നല്‍കുന്നതാണ്. ദിനാചരണത്തോട് അനുബന്ധിച്ച് ക്രൈസ്റ്റ് കോളേജിന്റെ സഹകരണത്തോടെ തൃശൂര്‍ സാമൂഹ്യ വനവത്കരണ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ പരിപാടികള്‍ നടത്തുന്നു. വൈകീട്ട് 5:30 ന് റോട്ടറി അര്‍ബൊറേറ്റത്തില്‍ വൃക്ഷ തൈകള്‍ നടുകയും ലേബലിംഗ് നടത്തുകയും തുടര്‍ന്ന് 7:30 ന് റോട്ടറി ഹാളില്‍ അനുമോദന യോഗവും സംഘടിപ്പിച്ചിരിക്കുന്നു.പത്രസമ്മേളനത്തില്‍, ഗവര്‍ണേഴ്സ് ഗ്രൂപ്പ് റെപ്രെസെന്റേറ്റീവ് ടി.ജി സച്ചിത്ത്, ഇരിങ്ങാലക്കുട റോട്ടറി ക്ലബ് സെക്രട്ടറി പോള്‍സണ്‍ മൈക്കിള്‍, പ്രസിഡന്റ് ജോയ് മുണ്ടാടന്‍, എം എ ജോര്‍ജ്ജ്, രഞ്ജി ജോണ്‍, അഡ്വ. തോമസ് പി.ജെ എന്നിവര്‍ പങ്കെടുത്തു.

Advertisement