ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ മാംസ വില്‍പ്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി

932

ഇരിങ്ങാലക്കുട : ഹൈക്കോടതിയുടെ അനുമതിക്ക് വിധേയമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ മാംസ വില്‍പ്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കുവാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ചാലക്കുടി നഗസഭയുടെ അറവുശാലയില്‍ നിന്നും കൊച്ചി കോര്‍പ്പറേഷന്റെ കലൂരിലുള്ള അറവുശാലയില്‍ നിന്നും അറവു ചെയ്തു കൊണ്ടു വരുന്ന മാംസം വില്‍പ്പന നടത്തുന്നതിന് അനുമതി നല്‍കണമെന്ന മാംസ വ്യാപാരികളുടെ അപേക്ഷയിലാണ് തീരുമാനം. മാനുഷിക പരിഗണന പോലും നല്‍കാതെയാണ് നഗരസഭ മാംസ് വില്‍പ്പനശാലകള്‍ അടച്ചു പൂട്ടിയതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാര്‍ കുറ്റപ്പെടുത്തി. ഇത്രയും പാരമ്പര്യമുള്ള നഗരസഭയില്‍ ഇത്തരമൊരു സാഹചര്യമുണ്ടായത് ലജജാകരമാണന്നും അറവുശാല തുറന്നു പ്രവര്‍ത്തിപ്പിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എല്‍. ഡി. എഫ്. അംഗം എം. സി. രമണന്‍ ആവശ്യപ്പെട്ടു. അറവുശാല അടച്ചിട്ടതു മൂലം ഗ്രാമ പ്രദേശത്തുള്ളവര്‍ അനതിക്യത അറവുമൂലം ദുരിതമനുഭവിക്കുകയാണന്ന് ബി. ജെ. പി. അംഗം രമേഷ് വാര്യര്‍ ചൂണ്ടിക്കാട്ടി. 2012 മുതല്‍ അറവുശാല അടച്ചിട്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നഗസഭ ഭരണ നേത്യത്വത്തിലിരുന്ന യു. ഡി. എഫിനാണന്ന് എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ചാലക്കുടി നഗരസഭയിലെ അറവുശാലയില്‍ നിന്നും രണ്ട് മ്യഗങ്ങളെ മാത്രം ലഭിച്ചതു കൊണ്ട്് മാംസ വ്യാപാരം പുനരാരംഭിക്കാനാകില്ലെന്നും ഇത് അനതിക്യത അറവു നടത്തുന്നതിന് ഇടയാക്കുമെന്നും ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ പറഞ്ഞു. മാംസ വില്‍പ്പന ശാലകള്‍ നിയമാനുസ്യതമായി പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. ചാലക്കുടി നഗരസഭ അറവുശാലയില്‍ രണ്ട് മ്യഗങ്ങളെ അറവ് ചെയ്യുന്നതിനുള്ള അനുമതി നല്‍കിയതായി സെക്രട്ടറി നേരിട്ട്് അറിയിച്ചതാണ് അജണ്ടയില്‍ ഉള്‍പ്പെടുത്തിയതെന്ന് നഗരസഭ സെക്രട്ടറി ഒ. എന്‍. അജിത്ത്കുമാര്‍ കൗണ്‍സില്‍ യോഗത്തില്‍ വിശദീകരിച്ചു. ചാലക്കുടി നഗരസഭയുടെയും കൊച്ചി കോര്‍പ്പറേഷന്റെയും അറവുശാലകളില്‍ നിന്നുമമുള്ള അംഗീക്യത വ്യാപാരികളില്‍ നിന്നും നിയമാനുസ്യതം കൊണ്ടു വരുന്ന മാംസങ്ങള്‍ വില്‍ക്കുന്നതിനും അനുമതി നല്‍കാവുന്നതാണന്നും സെക്രട്ടറി വിശദീകരിച്ചു. നിയമാനുസ്യതമായി മാംസം കൊണ്ടു വന്ന് വില്‍പ്പന നടത്തുന്നതിന് അനുമതി നല്‍കണമെന്ന് വികസകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസ് ആവശ്യപ്പെട്ടു. ചാലക്കുടി അറവുശാലയില്‍ വെറ്റിനറി ഡോക്ടര്‍ പരിശോധന നടത്തുന്നതിനാല്‍ വീണ്ടും ഇരിങ്ങാലക്കുടയില്‍ വെറ്റിനറി ഡോക്ടറുടെ പരിശോധന ആവശ്യമില്ല. നിയമാനുസ്യതം അറവ് നടത്തി സീല്‍ ചെയ്ത മാംസമാണ് വില്‍പ്പന നടത്തുന്നതെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുന്നതിന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ ദൈനംദിന പ്രവര്‍ത്തന സമയം ക്രമീകരിക്കണമെന്നും അഡ്വ വി. സി. വര്‍ഗീസ് ആവശ്യപ്പെട്ടു. അറവുശാലയില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റും, ബയോഗ്യാസ് പ്ലാന്റും സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എടുത്തു വരികായണന്നും, ഇതു സംബന്ധിച്ച് ഡീറ്റയില്‍ഡ് പ്രോജക്ട് ശുചിത്വ മിഷന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അഡ്വ വി. സി. വര്‍ഗീസ് പറഞ്ഞു.

Advertisement