ആറാട്ടുപുഴ ക്ഷേത്രത്തില്‍ സമ്പൂര്‍ണ്ണ നെയ് വിളക്ക് മാര്‍ച്ച് 21ന് നെയ് സമര്‍പ്പണം രാവിലെ 8 മുതല്‍

829

ആറാട്ടുപുഴ : പൂരത്തോടനുബന്ധിച്ച് മാര്‍ച്ച് 21ന് വൈകുന്നേരമുള്ള ചുറ്റുവിളക്ക് ദേശക്കാരുടെ വഴിപാടായി സമ്പൂര്‍ണ്ണ നെയ് വിളക്കോടെയാണ് നടത്തുന്നത്. നവീകരിച്ച വിളക്കുമാടത്തിലെ അയ്യായിരത്തോളം ഓട്ടുചെരാതുകളുള്‍പ്പെടെ ക്ഷേത്രത്തിനകത്തും പുറത്തുമുള്ള എല്ലാ വിളക്കുകളിലും നെയ്യ് മാത്രമെ ഉപയോഗിക്കുകയുള്ളൂ. സമ്പൂര്‍ണ്ണ നെയ് വിളക്കില്‍ പങ്കാളികളാകുന്നതിന് മാര്‍ച്ച് 21 ബുധനാഴ്ച രാവിലെ 8 മണി മുതല്‍ ഭക്തവത്സലനായ ശാസ്താവിന്റെ തിരുനടയില്‍ ഭക്തജനങ്ങള്‍ക്ക് നെയ്യ് സമര്‍പ്പിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.വിളക്കുമാടത്തിലെ ദീപങ്ങളില്‍ നിന്നുയരുന്ന പ്രകാശം – ചൈതന്യ ധന്യമാണ്. ചൈതന്യമെന്നാല്‍ ഈശ്വരനെന്നും സങ്കല്‍പ്പം. സത്വഗുണപ്രധാനിയായ നെയ്യ് ഓട്ടു ചെരാതുകളിലെ ദീപങ്ങളായി മാറുമ്പോള്‍ ക്ഷേത്രമതിക്കെട്ടിനകം അനുകൂലോര്‍ജ്ജം ഈശ്വരചൈതന്യം – കൊണ്ട് നിറഞ്ഞുകവിയും. ഈ സമയം ശാസ്താവിന്റെ ദര്‍ശനം ലഭിക്കുന്നതും വിളക്കുമാടത്തില്‍ ദീപം തെളിയിക്കുന്നതും ശ്രേഷ്ഠമാണ്. പങ്കാളി ക്ഷേത്രങ്ങളായ തൃപ്രയാര്‍, ഊരകം, ചേര്‍പ്പ്, ചാത്തക്കുടം, അന്തിക്കാട്, തൊട്ടിപ്പാള്‍, കടലാശ്ശേരി പിഷാരിക്കല്‍, എടക്കുന്നി, അയ്കുന്ന്, തൈക്കാട്ടുശ്ശേരി, കടുപ്പശ്ശേരി, ചൂരക്കോട്, പൂനിലാര്‍ക്കാവ്,ചാലക്കുടി പിഷാരിക്കല്‍, ചക്കംകുളങ്ങര, കോടന്നൂര്‍, നാങ്കുളം, ശ്രീമാട്ടില്‍, നെട്ടിശ്ശേരി, കല്ലേലി, ചിറ്റിച്ചാത്തക്കുടം, മേടംകുളം എന്നീ ക്ഷേത്രങ്ങളിലും പെരുവനം ഗ്രാമാധിപക്ഷേത്രമായ പെരുവനം മഹാദേവക്ഷേത്രത്തിലും, ഗ്രാമപരദേവതയായ തിരുവുള്ളക്കാവ് ക്ഷേത്രത്തിലും അനുബന്ധ ക്ഷേത്രങ്ങളായ പിടിക്കപ്പറമ്പ് ,വല്ലച്ചിറ ,പല്ലിശ്ശേരി, കണ്‌ഠേശ്വരം, നറുകുളങ്ങര ക്ഷേത്രങ്ങളിലും പെരുവനം ഗ്രാമത്തിന്റെ നാലതിരുകള്‍ വേര്‍ത്തിരിക്കുന്ന കിഴക്കു കുതിരാന്‍ വടക്ക് അകമല ,പടിഞ്ഞാറ് എടത്തിരുത്തി അയ്യപ്പന്‍കാവ്, തെക്ക് ഉഴുവത്ത് ശാസ്താ ക്ഷേത്രങ്ങളിലും ദേവസ്വം കീഴേടങ്ങളായ ഞെരൂക്കാവ്, ചിറ്റേങ്ങര , തൊട്ടിപ്പാള്‍ മഹാവിഷ്ണു, തൃക്കണ്ടപുരം ക്ഷേത്രങ്ങളിലും ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ നെയ് സമര്‍പ്പിക്കും.പതിനാല് ചെറു സംഘങ്ങളായി വെളുപ്പിന് 5 ന് പുറപ്പെട്ട് 10 മണിക്കുള്ളില്‍ ക്ഷേത്രങ്ങളില്‍ നെയ് സമര്‍പ്പിക്കും.

 

Advertisement